Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, August 24, 2018

Rescue, Relief, Rehabilitation, Reconstruction ഇന്ത്യയുടെ വിദേശനയവും സഹായം സ്വീകരിക്കേണ്ട കേരളവും

Ameen India
1. വിവാദം വഴിമാറുന്നത് കേരളത്തിന് ഗുണം ചെയ്യില്ല
2. UAE ക്ക് ഇന്ത്യ നൽകിയത് പോസിറ്റീവ് നയതന്ത്ര മറുപടി മാത്രമാണ്
3. ആ നയം തിരുത്തിയില്ലെങ്കിലും 700 കോടി ഉൾപ്പെടെ സഹായങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ നിയമവിധേയമായ വഴികളുണ്ട്
4. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് കേരളം സന്ദർശിക്കാൻ വഴിയൊരുക്കണം
5. സഹായം സ്വീകരിക്കണമോ വേണ്ടേ എന്നതിൽ മന്ത്രിതലത്തിലോ നയതന്ത്രതലത്തിലോ ഔദ്യോഗിക ചർച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ല
6. UAE യുടെത്  ഉൾപ്പെടെ വിദേശ സഹായ വാഗ്ദാന പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രിയോ വിദേശ കാര്യ മന്ത്രിയോ പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കുകയാണ് വേണ്ടിയിരുന്നത്
7. കേരള പുനർനിർമാണ - നിർവഹണ കമ്മിറ്റി രൂപീകരിക്കണം
8. UAE യിൽ നിന്ന് 700 കോടി കിട്ടിയാൽ പോര. കൂടുതൽ തരാൻ UAE ക്ക് കെൽപും വാങ്ങാൻ കേരളത്തിന് വകുപ്പും ഉണ്ട്
9. OPEC ൽ അംഗങ്ങളായ കുവൈത്ത് ഉൾപ്പെടെയുള്ള വിവിധ  സമ്പന്ന രാജ്യങ്ങളിൽ നിന്ന് കേരളത്തിന് കൂടുതൽ സഹായങ്ങൾ ലഭ്യമാക്കാൻ ഇടപെടലുകൾ ഉണ്ടാകണം
10. രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതം വരാത്ത രൂപത്തിൽ വിദേശ സഹായ നയത്തിൽ മാറ്റങ്ങൾ ഉണ്ടാകണം
പ്രളയക്കെടുതിക്കിടയിൽ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നതിലോ മുഖ്യമന്ത്രിയെ പ്രശംസിക്കാതിരിക്കുന്നതിലോ വലിയ കാര്യമില്ല...
UAE യുടെ 700 കോടി രൂപ ഉൾപ്പെടെ വിദേശ സഹായങ്ങൾ ഇന്ത്യയുടെ വിദേശനയത്തിന് എതിരാവാത്ത രൂപത്തിൽ കേരളത്തിൽ അടിയന്തിരമായി എത്തേണ്ടതുണ്ട്.

രക്ഷാപ്രവർത്തനങ്ങൾക്കുള്ള സൈനികരുടെ വിന്യാസത്തിൽ പോരായ്മകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യങ്ങൾ പറയാൻ ഏറ്റവും യോഗ്യർ ബഹു: എ.കെ ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനുമാണ്.
സൈനിക വിന്യാസ നിയമങ്ങളും പരിചയവും ഇവർക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ അറിയുക.

ഇവർ രണ്ട് പേരും കാര്യമായി ഈ വിഷയത്തിൽ എന്തെങ്കിലും പറഞ്ഞതായി എന്റെ അറിവിൽ ഇല്ല.
അഞ്ച് വർഷം കേന്ദ്ര പ്രധിരോധ മന്ത്രി പദവും ആഭ്യന്തര സഹമന്ത്രിപദവും അലങ്കരിച്ചവരാണിവർ.

സൈനികരുമായി ബന്ധപ്പെട്ട വിവരങ്ങൾ രാജ്യരക്ഷാ സംബന്ധമായ അതീവ രഹസ്യ സ്വഭാവമുള്ള ഒന്നാണ്.
അത് കൊണ്ട് തന്നെ മാധ്യമങ്ങൾ അവതരിപ്പിച്ച കാര്യങ്ങൾക്കപ്പുറം പലതുമുണ്ട്...
വിമർശനങ്ങൾക്ക് വേണ്ടിയുള്ള വിമർശനങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണ്.
പ്രളയക്കെടുതിയിൽ കേരളത്തെ രക്ഷിക്കാനെത്തിയ ധീര ജവാൻമാർക്ക് നമുക്ക് നന്ദി രേഖപ്പെടുത്താം..

*വിദേശ സഹായവുമായി ബന്ധപ്പെട്ട കാര്യവും മൊത്തത്തിൽ രാജ്യരക്ഷാ വിഷയവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്*.
അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയെയോ കേന്ദ്ര സർക്കാറിനെയോ സോഷ്യൽ മീഡിയകളിൽ ഉൾപ്പെടെ പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നതും തീർത്തും ഒഴിവാക്കേണ്ടതാണ്.

വിദേശികളോട് നമ്മുടെ സർക്കാറുകളെ കുറ്റപ്പെടുത്തി സംസാരിക്കരുത്. സർക്കാർ തലങ്ങളിൽ വീഴ്ചകളുണ്ടെങ്കിൽ അത് ഇന്ത്യയിലെ പാർലിമെന്ററി സംവിധാനത്തിലും നിയമ സംവിധാനങ്ങളിലും ചർച്ചയും ചോദ്യവും ചെയ്യപ്പെടാവുന്നതാണ്.
*പ്രളയക്കെടുതിയിൽ കേരള - കേന്ദ്ര സർക്കാറുകൾ കാര്യക്ഷമമായി പ്രവർത്തിച്ചിട്ടുണ്ട്*.
മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവസരത്തിനൊത്ത് നന്നായി പ്രവർത്തിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ രാജ്നാഥ് സിംഗ് കൂടുതൽ സമ്മർദ്ധങ്ങളൊന്നും ഇല്ലാതെ തന്നെ ദുരിത ബാധിത കേരളം സന്ദർശിച്ചു.

വൈകാതെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും കേരളത്തിലെത്തി.
മുതിർന്ന BJP നേതാവും മുൻ പ്രധാനമന്ത്രിയുമായ ശ്രീ എ.ബി വാജ്പേയിയുടെ മരണ ദിവസം സംസ്കാര ചടങ്ങുകൾ കഴിഞ്ഞ ഉടൻ തന്നെയാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനമെന്നത് എടുത്തു പറയേണ്ടതും പ്രശംസനീയവുമാണ്.
ഈ സന്ദർശനങ്ങൾ സാധ്യമാക്കാൻ പ്രവർത്തിച്ച കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും മുഖ്യമന്ത്രി പിണറായി വിജയനും പ്രശംസകൾ അർഹിക്കുന്നു.

കേരളത്തിന് കേന്ദ്രം അനുവദിച്ച 600 കോടി പോര എന്നതിൽ സംശയമില്ല. പക്ഷേ ഇത് അടിയന്തിര സഹായം മാത്രമാണ്.
ഇത് കേരളത്തിന് കൈമാറുകയും ചെയ്തു എന്നാണ് അറിവ്.
കൂടുതൽ സഹായങ്ങളും പദ്ധതികളും ഇനിയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം...

കൂടാതെ തകർന്ന റോഡുകൾ കേന്ദ്ര സർക്കാർ പുനർനിർമിക്കുമെന്നും വീടുകൾക്ക് സഹായം നൽകുമെന്നും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങളൊന്നും കാണാതെ വെറുതേ പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാറിനും എതിരെ പ്രചാരണങ്ങൾ നടത്തുന്നത് മലയാളികളുടെ അന്തസ്സിന് ചേർന്നതല്ല.
ലോകത്തെ ഏത് രാജ്യങ്ങൾ കേരളത്തെ സഹായിക്കാൻ തീരുമാനിച്ചാലും അത് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായമില്ലാതെ നടക്കില്ല എന്നത് നാം ഓർക്കണം.

കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ സഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ തേടി മുൻ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ശ്രീ ഡോ : ശശി തരൂർ MP ജനീവയിൽ പോയത് അഭിനന്ദനീയമാണ്.
പക്ഷേ വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപെട്ട് മുൻ പ്രധാനമന്ത്രി ശ്രീ ഡോ : മൻമോഹൻ സിംഗിന്റെ കാലത്ത് രൂപപെട്ട നയം അറിയാതെയല്ല UPA സർക്കാറിലെ വിദേശകാര്യ സഹമന്ത്രിയായിരുന്ന ശ്രീ തരൂർ പോയെതെന്ന് ഞാൻ കരുതുന്നു.
ഈ നയങ്ങൾ പുനരാലോചിച്ച് വേണ്ട മാറ്റങ്ങൾ സ്വീകരിക്കാൻ പാർലിമെന്റിൽ ഉൾപ്പെടെ ചർച്ചകൾ വേണ്ടതാണെന്നും അദ്ധേഹത്തിന് മറ്റാരേക്കാളും അറിയാം എന്നാണ് ഞാൻ കരുതുന്നത്.
എന്നാലും ശ്രീ തരൂരിന്റെ ശ്രമങ്ങൾ പ്രശംസനീയം തന്നെയാണ്.

വിദേശ സഹായം തേടുന്നതുമായി ബന്ധപ്പെട്ട വിദേശകാര്യ നയം മാറ്റിയില്ലെങ്കിലും  UAE യുടെ  700 കോടി ഉൾപ്പെടെ കേരളത്തിലെത്തിക്കാൻ നിയമ വിധേയ വഴികളുണ്ട്.
പക്ഷേ ഇത് കേന്ദ്ര സർക്കാറിനോടുള്ള ഒരു വെല്ലുവിളിയായോ ഏറ്റുമുട്ടലായോ അവതരിപ്പിക്കപ്പെടേണ്ടതല്ല.
ഓർക്കുക... ഇതിനും പല വേളകളിൽ വിദേശകാര്യ വകുപ്പിന്റെയും എംബസികളുടെയും അനുമതിയും ഇടപെടലുകളും ആവശ്യമായി വരും.
നമ്മുടെ സോഷ്യൽ മീഡിയയിലുള്ള ഇടപെടലുകൾ ഉൾപ്പെടെ വീക്ഷിക്കാനും വിലയിരുത്താനും ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന് ഇന്ന് സംവിധാനങ്ങളുണ്ട്.

കേരളത്തിന് സഹായം പ്രഖ്യാപിച്ച വിദേശ രാഷ്ട്രത്തലവൻമാരെ പുകഴ്ത്താം. പക്ഷേ ഇത് നമ്മുടെ രാഷ്ട്രത്തലവൻമാരെ ഇകഴ്ത്തിക്കൊണ്ടാവരുത്.
ഇന്ത്യ ദുരന്ത നിവാരണ -പുനർനിർമാണത്തിനായി വിദേശ സഹായം ആവശ്യപ്പെടില്ലെന്നും എന്നാൽ സഹായം ലഭിക്കുകയാണെങ്കിൽ വാങ്ങാൻ തടസ്സമില്ലെന്നുമാണ് ഇപ്പോൾ ചർച്ച ചെയ്യുന്ന ആ നയത്തിന്റെ ചുരുക്കം.
ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭ്യമാക്കുന്നതുമായി ബന്ധപെട്ട ചർച്ചകളാണ് ഇത്തരമൊരു നയം രൂപപ്പെടാൻ കാരണമായത്.
പക്ഷേ UN രക്ഷാസമിതിയിൽ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ സ്വപ്നം ഇനിയും ഏറെ അകലെയാണ്.
UAE ആകട്ടെ ജനസംഖ്യ അനുപാതം വെച്ച് ഇന്ത്യയേക്കാൾ സാമ്പത്തികമായി വളരെ മുന്നിലാണെങ്കിലും രാഷ്ട്രീയ ശക്തിയിൽ ഇന്ത്യ UAE യെക്കാൾ ബഹുദൂരം മുന്നിലാണ്.

പൂർണമല്ലെങ്കിലും നാടൻ ഭാഷയിൽ ഒരു ഉദാഹരണം പറഞ്ഞാൽ CPIM ന്റെ ഒരു ജില്ലയിലെ മേഖലാ കമ്മിറ്റി ഓഫീസുകൾ തകരുന്നു... ജനതാദൾ ജില്ലാ കമ്മിറ്റിക്ക് സഹായം പ്രഖ്യാപിക്കുന്നു... അപ്പോൾ CPIM ന്റെ സംസ്ഥാന സിക്രട്ടറി പറയുന്നു..
വേണ്ട... മറ്റു പാർട്ടികളുടെ സഹായം സ്വീകരിക്കുന്ന കീഴ് വഴക്കം കുറച്ച് കാലമായി ഇല്ല... 
ഇപ്പോൾ ഇത്രയേ നടന്നിട്ടുള്ളൂ....

സഹായം സ്വീകരിക്കണമോ വേണ്ടേ എന്നതിൽ മന്ത്രിതലത്തിലോ, നയതന്ത്രതലത്തിലോ ചർച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ല.
നല്ല തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം...

കേന്ദ്ര മന്ത്രിമാരെയും നയതന്ത്ര ഉദ്യോഗസ്ഥരേയും ചൊടിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് എല്ലാവരും വിട്ട് നിൽക്കേണ്ടതാണ്...
കേരളത്തിന് അനുകൂലമായി നയം സ്വീകരിക്കാൻ രാഷ്ട്രീയ, ജാതി, മത താൽപര്യങ്ങൾ മറന്ന് ഒറ്റക്കെട്ടായി നമുക്ക്   കേന്ദ്രത്തോട് ആവശ്യപ്പെടാം...

ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എത്രയും പെട്ടന്ന് കേരളം സന്ദർശിക്കാൻ വഴിയൊരുക്കണം.
പ്രാധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിയുടെ അരങ്ങത്തേക്കാൾ സ്വാദും സുഗന്ധവും ഉള്ള ഇന്ത്യൻ വിദേശകാര്യ നയങ്ങൾ ഇന്ന് പാകപ്പെടുന്നത് സുഷമാജിയുടെ അടുക്കളയിലാണ്.
ഇന്ത്യ കണ്ട കഴിവുറ്റ വിദേശകാര്യ മന്ത്രിമാരിലൊരാളാണ് ശ്രീ സുഷമ സ്വരാജ്.
പക്ഷേ മോദി പ്രഭാവത്തിൽ ഈ ഇന്ത്യൻ നക്ഷത്രത്തിന്റെ വെളിച്ചത്തിന്  അറബിക്കടലിൽ പോലും വേണ്ട ശ്രദ്ധ ലഭിക്കുന്നില്ല എന്ന് മാത്രം...

മന്ത്രി തല സംഘങ്ങൾക്ക് പുറമെ വനിതാ കമ്മീഷൻ ഉൾപ്പെടെയുള്ള മഹിളാ സംഘടനകൾ ഡൽഹിക്ക് വണ്ടി കയറേണ്ടതാണ്.
പ്രളയബാധിത പ്രദേശങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും പ്രയാസങ്ങൾ സുഷമാജിയെ ബോധ്യപ്പെടുത്താൻ പുരുഷൻമാരെക്കാൾ നിങ്ങൾക്കാണ് സാധിക്കുക.
സുഷമാജിയെ കേരളത്തിലെ ചെങ്ങന്നൂരിലേക്കും ചാലക്കുടിയിലേക്കും വയനാട്ടിലേക്കും നിങ്ങൾ കൂട്ടി കൊണ്ടു വരൂ...
ഉറപ്പ്...വിദേശകാര്യ നയങ്ങളിൽ താൽക്കാലികമായെങ്കിലും മാറ്റങ്ങൾ വരും...

വിദേശ സഹായ കാര്യ നയത്തിൽ കേന്ദ്രമന്ത്രി സഭാതലത്തിൽ തീരുമാനമെടുക്കുകയാണെങ്കിൽ അഭിപ്രായം നിർണായകമാകുന്ന മറ്റു രണ്ട് മന്ത്രിമാർ പ്രധിരോധ മന്ത്രി നിർമല സീതാരാമനും ധനമന്ത്രി അരുൺ ജയ്റ്റലിയുടെതുമാണ്
ഇവരെയും പോയി കാണുകയും പ്രളയബാധിത കേരളം സന്ദർശിക്കാൻ വഴിയൊരുക്കുകയും ചെയ്താൽ നല്ലതാണ്.

U.A.E യെ കൂടാതെ മെച്ചപ്പെട്ട സാമ്പത്തിക - സാങ്കേതിക മികവുകളുള്ള  കുവൈത്ത്, ഖത്തർ, സൗദി അറേബ്യ അൾജീരിയ,  തുടങ്ങിയ OPEC രാജ്യങ്ങളിലംഗങ്ങളായ അറബ് - ആഫ്രിക്കൻ രാജ്യങ്ങളുടെയും US  ഉൾപ്പെടെയുള്ള അമേരിക്കൻ രാജ്യങ്ങളുടെയും ബ്രിട്ടൻ, ഫ്രാൻസ്, ബെൽജിയം തുടങ്ങിയ വിവിധ യൂറോപ്യൻ രാജ്യങ്ങളുടെയും ജപ്പാൻ, തായ്ലാൻഡ്, ബ്രൂണെ, ആസ്ത്രേലിയ ഉൾപ്പെടെയുള്ള കിഴക്കൻ രാജ്യങ്ങളുടെയും സഹായം പുനർനിർമാണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് ലഭ്യമാക്കാൻ ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ശ്രമങ്ങൾ നടത്തേണ്ടതാണ്.
ഇതിനായി മന്ത്രിമാർ, നിയമവിദഗ്തർ, രാഷ്ട്രീയ നേതാക്കൾ  എന്നിവർക്ക് പുറമെ മലയാളികളായ ശശി തരൂർ എം.പി , ടി.പി ശ്രീനിവാസൻ, ശിവശങ്കർ പ്രസാദ്, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, എം.എ യൂസുഫലി സാഹിബ്, നിരുപമ റാവു, മാർ ജോർജ് ആലഞ്ചേരി  തുടങ്ങി വിദേശ രാജ്യങ്ങളിൽ ബന്ധങ്ങളും സ്വാധീനങ്ങളുമുള്ള പ്രമുഖരേയും ഉൾപ്പെടുത്തി ഒരു കേരള പുനർ നിർമ്മാണ -  നിർവഹണ കമ്മിറ്റി രൂപീകരിക്കണമെന്നാണ് ബഹു: മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകളോട് വിനീതമായി ബഹുമാന പുരസരം അഭ്യർത്ഥിക്കാനുള്ളത്...
ഉറപ്പ്... നാം ഒന്നിച്ച് പ്രവർത്തിച്ചാൽ വിദേശകാര്യ നയങ്ങളുടെ പ്രതീക്ഷയുടെ പുതിയ വാതിലുകൾ ഉൾപ്പെടെ നമ്മുക്ക് മുമ്പിൽ തുറക്കപ്പെടും...
Ameen India

No comments: