അബൂ ത്വാലിബിൻറെ വേർപ്പാട് ദു:ഖം മായുന്നതിന് മുമ്പേ മുത്ത് നബിﷺ യുടെ പ്രിയ തോഴി ബീവി ഖദീജയുടെ രോഗം വർദ്ധിച്ചു. ആ താഴ്വാരത്തെ സഹനജീവിതമായിരുന്നു രോഗവർദ്ധനവിനുള്ള പ്രധാനകാരണം. എങ്കിലും അവർ തന്റെ ഭർത്താവിനുള്ള പരിചരണത്തിൽ ഒരു കുറവും വരുത്തിയില്ല. ഇതെല്ലാം ജീവിതത്തിലൂടെ കണ്ട് മനസ്സിലാക്കി വളരുകയായിരുന്നു മകൾ ഫാത്വിമത്തുസ്സഹ്റാഅ്. പലപ്പോഴും ബാപ്പയാണ് ഉമ്മയെ പരിചരിക്കുക. ആശ്വസിപ്പിക്കുക. ഇതൊക്കെയും നിറകണ്ണുകളോടെയാണ് മകൾ കണ്ടത്. അപ്പോഴൊക്കെയും ബാപ്പവന്ന് മകളുടെ കണ്ണുനീർ തുടക്കുമായിരുന്നു. നാൾക്കുനാൾ ഖദീജയുമ്മയുടെ രോഗം വർദ്ധിച്ചു. ആ നാളുകളിലൊക്കെയും നബി ﷺ തങ്ങൾ വീട്ടിൽ തന്നെ നിന്നു. ഒടുവിൽ മൂന്ന് മക്കളും കണ്ട് നിൽക്കെ മുത്ത്നബിയുടെ സവിധത്തിൽ വച്ച് സ്വർഗം കൊണ്ട് സന്തോഷവാർത്തയറിയിക്കപ്പെട്ട ദീനിനു വേണ്ടി എല്ലാം പകുത്ത് നൽകി ഉമ്മ ഖദീജത്തുൽ കുബ്റ (റ) ഈ ലോകത്തോട് വിടപറഞ്ഞു. മുത്ത് നബിയുടെ കണ്ണീര്കണ്ട് സ്വഹാബത്ത് പോലും നിശ്ചലരായി. പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും സ്നേഹമായിരുന്നു മുത്ത് നബി ﷺ ക്ക് ഖദീജയോട്. അവരുടെ പ്രണയമധുരജീവിതം പൂർണമായും നേരിൽ കണ്ടവളാണ് ബീവി ഫാത്വിമ. ബാപ്പാന്റെ വിഷമം മകൾ നന്നായി ഉൾക്കൊണ്ടു. ദുഃഖഭാരം കുറയ്ക്കാൻ അവർ ആവോളം പരിശ്രമിച്ചു. ഉറ്റവരുടെ വിയോഗാനന്തരം മുത്ത് നബി ﷺ യിൽ നല്ല മാറ്റമുണ്ടായി. അപ്പോഴൊക്കെയും സാഹചര്യം മുതലെടുത്ത് ശത്രുക്കൾ തങ്ങളുടെ ആയുധത്തിന് കൂടുതൽ മൂർച്ച കൂട്ടുകയായിരുന്നു.
ഇർഫാദ് മായിപ്പാടി
-തുടരും-


No comments:
Post a Comment