Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, March 7, 2019

ഇസ്‌ലാമിക ജ്ഞാനരീതി

ഇസ്‌ലാം അന്ധവിശ്വാസം അംഗീകരിക്കുന്നില്ല. പ്രത്യുത, മൂന്നുതരം ജ്ഞാനമാധ്യമങ്ങൾ മുഖേന സംജാതമാകുന്ന സുദൃഢമായ അറിവാണ് വിശ്വാസത്തിനു നിദാനം

① സംവേദനേന്ദ്രീയങ്ങൾ
② യുക്തി (സ്വതഃസ്പഷ്ടമോ  ജ്ഞാനേന്ദ്രീയ ലബ്ധമോ ആയ ഉപപാദ്യങ്ങൾ അവലംബമാക്കിയുള്ള ധൈഷണിക നിർധാരണം)
③ സത്യ വാർത്ത: (മേൽ രീതികളിലൂടെ സത്യമെന്നു ബോധ്യമായ പ്രസ്താവന)

പ്രവാചകരുടെ പ്രസ്താവന, ദൃശ്യ / ശ്രാവ്യ കാര്യത്തെപ്പറ്റി അസംഖ്യമാളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട വാർത്ത
(ഉദാ: മുഹമ്മദ് നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം) ജീവിച്ചിരുന്നു / മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം  പ്രവാചകത്വം വാദിച്ചിരുന്നു / അമാനുഷിക ദൃഷ്ടാന്തങ്ങൾ തങ്ങളുടെ കൈക്ക് വെളിപ്പെട്ടിരുന്നു)
എന്നിവ ഈ ഗണത്തിൽ വരും

[സന്ദേഹം¹]  
ഇസ്‌റാഅ് (മസ്ജിദുൽ ഹറാമിൽ നിന്ന് ബൈതുൽ മഖ്ദിസിലെ മസ്ജിദു അഖ്സയിലേക്ക് മുഹമ്മദ് നബിയുടെ നിശാ പ്രയാണം) മിഅ്റാജ് ( പ്രവാചകരുടെ വാനലോക പര്യടനം) എന്നിവ സിദ്ദീഖ് (റ) ആദ്യം കേൾക്കുന്നത്  പ്രവാചകന്റെ  ശത്രുവിൽ നിന്നാണ്, എന്നിട്ടും കേട്ട മാത്രയിൽ അദ്ദേഹമത് വിശ്വസിക്കുകയായിരുന്നുവെന്നും, അത് കൊണ്ടാണ് സിദ്ദീഖ് എന്ന സ്ഥാനപ്പേര് അദ്ദേഹത്തിനു ലഭിച്ചതെന്നുമില്ലേ ?

[നിവാരണം]
കേട്ടമാത്രയിൽ വിശ്വസിക്കുകയായിരുന്നില്ല. മറിച്ച്, അക്കാര്യം മുഹമ്മദ് നബി – സ്വല്ലല്ലാഹു അലൈഹി വസല്ലം – പറഞ്ഞുവെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണു വിശ്വസിച്ചത്. എങ്കിൽ, അതൊരു അന്ധമായ വിശ്വാസമല്ല. പ്രത്യുത, മൂന്നാം ജ്ഞാന മാധ്യമം വഴി ലഭിച്ച ബോധ്യത്തിൽ അധിഷ്ഠിതമായ വിശ്വാസമാണ്. 
നിലവിലെ ലോകക്രമ മനുസരിച്ച് പലർക്കും ഇസ്റാഅ് മിഅ്റാജ് അവിശ്വസനീയമായ ഘട്ടത്തിൽ, അവ്വിധം ലോകം സംവിധാനിച്ച അല്ലാഹുവിന്, തന്റെ ഇഷ്ടദാസനു വേണ്ടി  ബദൽ സംവിധാനം കൊണ്ടുവരാനും കഴിയുമെന്ന വ്യതിരിക്ത ബോധ്യത്തിൽ പെട്ടെന്നു തന്നെ എത്തിപ്പെടാൻ അവർക്കു കഴിഞ്ഞു. മുഹമ്മദ് നബി – സ്വല്ലല്ലാഹു അലൈഹി വസല്ലം – പ്രസ്താവിച്ചുവോ എന്ന് കൂടി ബോധ്യപ്പെടേണ്ട കടമ്പ മാത്രമേ തന്റെ മുന്നിലുള്ളൂ, മറ്റെല്ലാം ലളിതം എന്ന ബുദ്ധിപൂർവ്വക നിലപാട്,  പരിഹാസക സമൂഹത്തോട് നിസ്സങ്കോചം തുറന്നു പറഞ്ഞതിന്റെ ആദരവെന്നോണമാണ് സിദ്ദീഖ് ( വലിയ ആത്മാർത്ഥ വിശ്വാസി ) എന്ന സ്ഥാനപ്പേര് തനിക്കു വന്നു ചേർന്നത്

[സന്ദേഹം²]
വൈരുധ്യം സംഭവിച്ചുവെന്ന് പ്രവാചകർ പറഞ്ഞതായി കേട്ടാൽ അദ്ദേഹം വിശ്വസിക്കുമായിരുന്നോ  ?

[നിവാരണം] 
വൈരുധ്യം സംഭവിച്ചുവെന്ന് പ്രവാചകർ പറഞ്ഞുവെന്നാണു കേട്ടിരുന്നതെങ്കിൽ, പ്രവാചകരങ്ങനെ പറഞ്ഞോ എന്ന് ഉറപ്പു വരുത്താൻ സിദ്ദീഖ് റ നെപ്പോലോത്തവർ ശ്രമിക്കുകയില്ല. കാരണം; വൈരുധ്യം  അസംഭവ്യണെന്നതു പോലോത്ത ലളിതസത്യം നിഷേധിക്കാൻ വന്നവരല്ല പ്രവാചകർ. മറിച്ച്, സത്യം മാത്രം പറഞ്ഞതിനാൽ സത്യസന്ധരായി വാഴ്ത്തപ്പെട്ടവരും സൃഷ്ടാവിനാൽ സത്യസന്ധത  സ്ഥിരീകരിക്കപ്പെട്ടവരുമാണ് എന്ന് അവർക്കറിയാം. എന്നാൽ, മുൻചൊന്ന ഇസ്‌റാഅ്-മിഅ്റാജ് സാധാരണ പ്രാപഞ്ചിക വ്യവസ്ഥകൾക്കതീതമാണെങ്കിലും അസംഭവ്യമല്ല എന്ന് ബുദ്ധിയുള്ളവർക്കറിയാം
(വിശിഷ്യാ, സിദ്ദീഖ്  റ  നെ പോലുള്ള മഹാബുദ്ധിമാൻമാർക്ക് ) 
ഒരു ഉദാഹരണം പറയാം : 
ഭീമാകാരനായ ഒരു ഗോളം അക്ഷത്തിൽ കറങ്ങുമ്പോൾ കേന്ദ്ര ബിന്ദുവിനു സമീപമുള്ള ബിന്ദുക്കൾ ഹൃസ്വസമയം (ഒരു സെകന്റ് / മൈക്രോ സെകന്റ് / നാനോ സെകന്റ്/...) കൊണ്ട് കുറഞ്ഞ ദൂരം സഞ്ചരിച്ച് ഒരു കറക്കം പൂർത്തിയാക്കുന്നു. ഗോളോപരിതലത്തിലെ ഓരോ ബിന്ദുവും അത്ര സമയത്തിനകം,  ലക്ഷക്കണക്കിനു കിലോ മീറ്റർ സഞ്ചരിച്ച് ഒരു കറക്കം പൂർത്തിയാക്കുന്നു.

[സന്ദേഹം³] 
അന്ധമായ വിശ്വസം പര്യാപ്തമല്ലെന്ന വീക്ഷണം അഹ്ലുസ്സുന്നയുടെ അമിത യുക്തിഭക്തിയും സാധാരണക്കാരെ അവിശ്വാസികളായി കരുതാൻ ഹേതുവാകുന്നതുമല്ലേ ?  

[നിവാരണം]
ഇസ്‌ലാമിക വിശ്വാസകാര്യങ്ങളിൽ ദൃഢ വിശ്വാസമില്ലാത്തവനാണു അവിശ്വാസി. ഒരാളുടെ  വിശ്വാസം അന്ധമായാൽ (പ്രമാണങ്ങൾ അറിയാതെ ആയാൽ) പോലും അവനൊരു വിശ്വാസിയായി പരിഗണിക്കപ്പെടും, വിശ്വസിച്ചകാര്യം ശരിയും വിശ്വാസം ദൃഢവുമാവണമെന്നു മാത്രം. എന്നാൽ ഈ ശരിയായ അന്ധവിശ്വാസം സ്ഥിരീകൃതവിശ്വാസമായി ഭവിക്കാൻ പ്രമാണം പഠിക്കൽ, പ്രാപ്തരായ ആളുകൾക്കു നിർബന്ധ കർമമാണെന്നു മാത്രമേ അഹ്ലുസ്സുന്ന പറയുന്നുള്ളൂ

സ്ഥിരീകൃതവിശ്വാസം നടേ പറഞ്ഞ മൂന്നു മാധ്യമങ്ങളിൽ (അതു വഴി ലഭിക്കുന്ന ബോധ്യത്തിൽ) അധിഷ്ഠിതമാണ്. യുക്തി അതിൽ ഒന്നു മാത്രം. ചിലപ്പോൾ യുക്തി മാത്രമാകും അവലംബമെന്ന കാര്യം നിഷേധിക്കാനുമാവില്ല
ഉദാ : ദൈവാസ്തിക്യം ദൈവദൂതരുടെ പ്രസ്താവനയിലൂടെ സ്ഥിരീകരിക്കാനാവില്ല. കാരണം, ദൈവദൂതരാണ് താനെന്ന കാര്യം സ്ഥിരീകൃതമാവുക ദൈവാസ്തിക്യം സ്ഥിരീകൃതമായ ശേഷമായിരിക്കുമല്ലോ.

ധിഷണാശാലികൾക്കു മാത്രം വഴങ്ങുന്ന ദാർശനിക രീതിയിൽ തന്നെ പ്രമാണം പഠിച്ചു കൊള്ളണമെന്നൊന്നുമില്ല (അതൊരു സാമൂഹിക ബാധ്യത മാത്രമാണ്) മറിച്ച്, സാധാരക്കാർക്കു വഴങ്ങുന്ന ലളിതപ്രമാണങ്ങളും ആ ഗണത്തിൽ വരും
ഉദാ: നിരക്ഷരനായ ഒരു മലയോര വാസിയോട് ചോദിക്കപ്പെട്ടു: അല്ലാഹുവിൽ വിശ്വസിക്കാൻ താങ്കൾക്കു പ്രചോദനമായ കാര്യമെന്ത്? അദ്ദേഹം പ്രതികരിച്ചു: ഒട്ടകകാഷ്ടം കണ്ടാൽ അത് കാഷ്ടിച്ച ഒരൊട്ടകമുണ്ടെന്ന് മനസ്സിലാകില്ലേ? കാൽപാടുകൾ ദൃഷ്ടിയിൽപെട്ടാൽ അതിലൂടെ ഒരാൾ നടന്നു പോയതായി മനസ്സിലാകില്ലേ? എങ്കിൽ താരനിബിഢമായ ആകാശവും മാമലകളും താഴ്‌വരകളും നിറഞ്ഞ ഭൂമിയും തിരമാലകളടിച്ചുയരുന്ന സമുദ്രവും സൂക്ഷമജ്ഞനായ അല്ലാഹു ഉണ്ടെന്നതിന് തെളിവല്ലേ?"
എങ്കിൽ, അന്ധമായി (പ്രമാണം അറിയാതെ) വിശ്വസിക്കേണ്ടി വരുന്നവർ ധൈഷണികമായി വളരെ പിന്നാക്കം നിൽക്കുന്ന ന്യൂനാൽ ന്യൂനപക്ഷം മാത്രം. അവർക്കാവട്ടേ പ്രമാണം പഠിക്കേണ്ട ബാധ്യതയുമില്ല.

✍ അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

No comments: