Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, March 22, 2019

വിധി വിശ്വാസം : ദാർശനിക വിശകലനവും സന്ദേഹ നിവാരണവും

അല്ലാഹുവിൽ വിശ്വസിക്കുന്നതിന്റെ ഭാഗമായി വരുമെങ്കിലും, പ്രവാചക വചനങ്ങളിൽ ഒരു സ്വതന്ത്ര മൗലിക ഘടകം കണക്കെ ഗണിക്കപ്പെട്ട കാര്യമാണു വിധി വിശ്വാസം. ഉമർ റ നിന്നു നിവേദനം : പ്രവാചകർ സല്ലല്ലാഹു അലൈഹി വസല്ലം പ്രസ്താവിച്ചു : “ഈമാൻ:  അല്ലാഹുവിലും, മലകുകളിലും, വേദങ്ങളിലും,  പ്രവാചകൻമാരിലും, അന്ത്യദിനത്തിലും, അല്ലാഹുവിന്റെ നിർണയത്തിലും –അതിലെ നന്മ തിന്മകളിൽ– വിശ്വസിക്കലാണ് ”

സർവ കാര്യങ്ങളും, ഉണ്മയിലെത്തുക അല്ലാഹുവിന്റെ അനാദ്യ നിർണയമനുസരിച്ചു മാത്രമാണ്. അവയുടെ സമയം, സ്ഥലം, ദിശ, പരിമാണം, സ്വാതന്ത്ര്യം, പാരതന്ത്ര്യം, ഇതര ഗുണങ്ങൾ,  ഒന്നും ഇതിനപവാദമല്ല എന്നു വിശ്വസിക്കുന്നതിനാണ് വിധി വിശ്വാസമെന്നു പറയുക. 

വിധിവിശ്വാസ വിഷയകമായി അനേകം അതിവാദങ്ങളും അബദ്ധ ധാരണകളും പൗരാണിക കാലം മുതൽ നിലനിന്നു പോന്നിട്ടുണ്ട്. ഇസ്‌ലാമിക സമുദായത്തിൽ ഈ വിഷയകമായ അതിവാദങ്ങളവതരിപ്പിച്ച രണ്ടു ചേരികളാണു ഖദറികളും ജബ്റികളും.
ഒന്നാം ചേരി ഹിജ്റ 72 ൽ നിര്യാതനായ മഅ്ബദു ബ്നു ഖാലിദിനിൽ ജുഹനിയുടെ നേതൃത്വത്തിലും രണ്ടാം ചേരി ഹജ്റ 128 ൽ നിര്യാതനായ ജഹമു ബ്നു സഫ്വാന്റെ നേതൃത്വത്തിലുമാണ് രംഗത്തു വരുന്നത്. കാര്യങ്ങൾ അനാദിയിൽ നിർണയിക്കപ്പെടുകയല്ല പ്രത്യുത, സംഭവിക്കുമ്പോൾ മാത്രമാണു അതു സംബന്ധമായ കൃത്യമായ അറിവ് അല്ലാഹുവിന് ലഭിക്കുന്നത്, എന്നാണു ഖദറികൾ വാദിച്ചത്

ജബ്റികൾ വാദിച്ചത് :  മനുഷ്യരുടെ കർമങ്ങളുൾപ്പെടെ സർവ കാര്യങ്ങളും മുൻ നിർണയം അനുസരിച്ച് മാത്രം സംഭവിക്കുന്നതായത് കൊണ്ട്, കാറ്റത്തിടപ്പെട്ട പർണം കണക്കെ അവർ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. അവർക്കു യാതൊരു തരത്തിലുള്ള കർമ നിർവഹണ സ്വാതന്ത്ര്യവും ഇല്ല എന്നാണ്. ഒന്ന് മനുഷ്യർക്കു കർമ നിർവഹണ സ്വാതന്ത്ര്യം സ്ഥീരികരിക്കുവാൻ അവതീർണമായ അതിവാദവും രണ്ടാമത്തേത് അതിന്റെ പ്രതി പ്രവർത്തനമെന്നോണം വിധിവിശ്വാസ സ്ഥിരീകരണാർത്ഥം എഴുന്നള്ളിക്കപ്പെട്ട വികലവാദവുമായിരുന്നു.

ഇത്തരം സംഘടിത ചേരിതിരിവ് ഉണ്ടാകും  മുമ്പ് തന്നെ ഏതാനും ഒറ്റപ്പെട്ട അപശബ്ദങ്ങൾ ഉണ്ടായപ്പോൾ അവയെ പ്രവാചക ശിഷ്യരായ ഹസ്രറത് അലീ റ, ഇബ്നു അബ്ബാസ് റ, ഇബ്നു മസ്ഊദ് റ,എന്നിവർ സംവാദാത്മകമായി നേരിട്ടത് ചരിത്ര ഗ്രന്ഥങ്ങളിലുണ്ട്.

ഖദറികളുടെ പിൽക്കാല വേർഷനായിരുന്നു മുഅ്തസിലികൾ. കർമങ്ങളുടെ സൃഷ്ടി കർതൃത്വം കൂടി മനുഷ്യനുണ്ടെങ്കിൽ മാത്രമേ അവനോട് കർമ നിർവഹണം കൽപിക്കുന്നതിന് സാംഗത്യമുള്ളൂ എന്നായിരുന്നു അവരുടെ ധാരണ. അല്ലാഹുവിന്റെ തീരുമാനം മറികടന്നാണ് മനുഷ്യർ ദുഷ്കർമങ്ങൾ ചെയ്യുക എന്നു പോലും അവരിൽ ചിലർ ജൽപിച്ചു.

ഇസ്‌ലാമിക സാമ്രാജ്യത്തിൽ ഇത്തരം  വ്യതിയാന ചിന്തകൾ പടർന്നു പിടിക്കുകയും രംഗം വളരെ കൂടുതൽ വഷളാവുകയും ചെയ്തപ്പോഴാണ്, പ്രവാചക ശിഷ്യരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട മധ്യമ സരണി / ഋജു പാത കാണിച്ചു തരാൻ രണ്ട് നിസ്തുല മാർഗ ദർശകർ രംഗത്തു വരുന്നത്
ഒന്ന്: ഇമാം അബുൽ ഹസനി ൽ അശ്അരീ റ
(260 - 330 ഹി)
രണ്: ഇമാം അബൂ മൻസൂറിനി ൽ മാതുറീദീ റ
(...... - 268 ഹി)

നിരന്തര ധൈഷണിക പോരാട്ടത്തിലൂടെ പ്രതിയോഗികളുടെ കോട്ടയവർ തകർത്തു. സന്ദേഹങ്ങൾക്കു നിവാരണം നൽകി.ധാരണകൾ തിരുത്തി. വിശ്വാസ കാര്യങ്ങൾ രേഖാ ബന്ധിതമായി രേഖപ്പെടുത്തി. പിന്നീട് അവരുടെ പിൻമുറക്കാരായി രംഗത്തു വന്ന  ശിഷ്യൻമാരും അവരുടെ പിൻമുറക്കാരും സമാനമായ മഹത്പ്രവർത്തനങ്ങൾ സമർപണം ചെയ്തു. അവർ വരച്ചു തന്ന നേർ രേഖ എന്താണെന്ന് സന്ദേഹ നിവാര രൂപത്തിൽ നമുക്കവതരിപ്പിക്കാം

[സന്ദേഹം¹]  
എല്ലാം അല്ലാഹുവിന്റെ വിധിയാണെങ്കിൽ ഇസ്‌ലാം കുറ്റകൃത്യമെന്ന് വിശേഷിപ്പിക്കുന്ന കാര്യവും അവൻ നിർണയിച്ചതായിരിക്കും. അപ്പോൾ, അതു ചെയ്യുന്നവന് ചെയ്യാതിരിക്കാൻ സ്വാതന്ത്ര്യമില്ലെന്നു വരും. എങ്കിൽ,അതൊരു കുറ്റകൃത്യമേ അല്ല. എന്നിരിക്കെ, അല്ലാഹു അവനെ എന്തിന് അക്ഷേപിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു ?

[നിവാരണം]
ഏതു കർമം ആരു നിർവഹിക്കുമ്പോഴും അതിനെ ഉണ്മയിലേക്കു നയിക്കുന്നവൻ അല്ലാഹുവാണ്. മനുഷ്യർ സ്വതന്ത്രമായി കർമം നിർവഹിക്കുമ്പോൾ അതിന് ഉണ്മ നൽകണമെന്ന് അനാദിയിൽ അല്ലാഹു നിശ്ചയിച്ചിരിക്കുകയാണ്. കർമം സൃഷ്ടിക്കണമെന്നു മാത്രമല്ല അതിനു നിദാനമായ കർമ നിർവഹണ സ്വാതന്ത്ര്യം അവനു നൽകണമെന്നും അല്ലാഹു ആദ്യമേ നിശ്ചയിച്ചിട്ടുണ്ട്.

മുകളിൽ നിന്ന്, താഴോട്ട് വീണു പോകുന്നതും സ്വമേധയാ ഇറങ്ങിപ്പോകുന്നതും തമ്മിൽ ആർക്കും അനുഭവവേദ്യമാകുന്ന അന്തരം ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. പ്രമാണങ്ങൾ അതു ശാക്തീകരിക്കുകയും ചെയ്യുന്നു. 

[സന്ദേഹം²]
മനുഷ്യർ കർമം നിർവഹിക്കുകയും   അല്ലാഹു അതിന് ഉണ്മ നൽകുകയും ചെയ്യുകയോ! എങ്കിൽ പിന്നെ, പ്രശംസക്കും നിന്ദക്കും രക്ഷാ ശിക്ഷകൾക്കും എങ്ങനെ അവർ അർഹരാകും ? 

[നിവാരണം] 
ഇക്കാര്യം ഉദാഹരണ സഹിതം വിശദമാക്കാം. 
① ഒരധ്യാപകൻ തന്റെ ഏതാനും വിദ്യാർത്ഥികൾക്ക് ഒരു അനുസരണ പരീക്ഷ നടത്താൻ തീരുമാനിക്കുകയും ഒരു ഹാളിലേക്ക് അവരെ ആനയിക്കുകയും ചെയ്തു. ഹാളിൽ രണ്ടറ്റത്തായി രണ്ടു ബൾബുകൾ തൂക്കിയിടപ്പെട്ടിട്ടുണ്ട്. ചുമരിൽ പരസ്പരം അകന്ന നിലയിൽ രണ്ടു ബട്ടണുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

അവയിലേക്കു വിരൽ ചൂണ്ടി അധ്യാപകൻ പറഞ്ഞു : 
“ഈ ബട്ടൺ അമർത്തിയാൽ പച്ച ലൈറ്റ് പ്രകാശിക്കും ആ ബട്ടൺ അമർത്തിയാൽ ചുവപ്പ് ലൈറ്റും പ്രകാശിക്കും. ചുവപ്പ് ലൈറ്റ് കത്താൻ നിമിത്തമാകുന്ന ബട്ടൺ ഒരു കാരണവശാലും ആരും അമർത്തിപ്പോകരുത്. അമർത്തിയാൽ കടുത്ത ശിക്ഷ കിട്ടും. മറ്റേതു  അമർത്തിയാൽ സമ്മാനവും തരും” ഇതും പറഞ്ഞ് അധ്യാപകൻ ഹാളിൽ നിന്നും നിഷ്ക്രമിച്ചു. 

സത്യത്തിൽ ബട്ടണുകൾ ബൾബുകളുമായി ബന്ധിതമായിരുന്നില്ല. പ്രത്യുത, അവരുടെ പ്രവർത്തനം ക്യാമറയിലൂടെ നിരീക്ഷിച്ച് സാക്ഷാൽ ബട്ടൺ അമർത്തപ്പെടുകയും തന്മൂലം ബൾബുകൾ പ്രകാശിക്കുകയും ചെയ്യുക എന്ന സിസ്റ്റമായിരുന്നു ഇവിടെ സ്വീകരിക്കപ്പെട്ടത്. ഈ രഹസ്യം വിദ്യാർത്ഥികൾ അറിഞ്ഞാലും ഇല്ലെങ്കിലും ചുവപ്പ് ലൈറ്റ് കത്തിയാൽ അവർ ശിക്ഷാർഹരും, പച്ച ലൈറ്റ് കത്തിയാൽ സമ്മാനാർഹരുമാകും. കാരണം ചുമരിലെ ബട്ടണുകൾ അമർത്തിയാലല്ലാതെ ബൾബുകൾ പ്രകാശിക്കുകയില്ലെന്ന് അവരെയെല്ലാം അറിയിച്ചിട്ടുണ്ട്. അതിനാൽ, അവരാണതിനു കാരണക്കാർ.

② ദൂരെ നിന്ന് അവനാ കാഴ്ച്ച കാണുകയാണ്. അതികായനായ ഒരാൾ പടുകൂറ്റൻ പാറക്കല്ല് ഉരുട്ടിമറിച്ച് ക്കൊണ്ട് പോവുന്നു. ദുർബലഗാത്രനായ മറ്റൊരാളും തള്ളാൻ സഹകരിക്കുന്നതു കാണാം. രണ്ടാമൻ സഹകരിച്ചില്ലെങ്കിലും ഒന്നാമനു അനായാസം പാറ തള്ളി മറിക്കാനാവുമെന്ന് അടുത്തെത്തിയപ്പോൾ മനസ്സിലായി. അത്രയ്ക്കു പ്രബലനാണവൻ. രണ്ടാമൻ  ഒറ്റക്കു ശ്രമിച്ചാൽ പാറ ഒന്നനങ്ങുക പോലുമില്ല താനും.അത്രയും ദുർബലനാണവൻ. 

എന്നാൽ, “പാറ ഏതു ദിശയിലേക്ക് തള്ളി കൊണ്ടു പോകാൻ വേണ്ടി അതിൽ നീ ബലം പ്രയോഗിക്കുമോ ആ ദിശയിലേക്ക് ഞാനത് തള്ളി നീക്കിത്തരും, ബലപ്രയോഗം നീ നിറുത്തിയാൽ ഞാനും നിറുത്തും” എന്നാണത്രെ ഒന്നാമൻ ദുർബലനായ രണ്ടാമനോട്  പറഞ്ഞിരിക്കുന്നത്. ഇവിടെ ദുർബലനായ മനുഷ്യൻ ബലം പ്രയോഗിക്കുന്നുവെങ്കിലും പ്രസ്തുത ബലം പാറ നീക്കാൻ മാത്രം പര്യാപ്തമായ ബലമല്ല.

എങ്കിലും അതിനാൽ സംഭവിക്കുന്ന നാശ നഷ്ടങ്ങൾക്ക് രണ്ടു കാരണങ്ങളാൽ അവൻ ഉത്തരവാദിയാണെന്നു കാണാം.
ഒന്ന് : പാറ നീക്കാൻ പര്യാപ്തമായ ഒന്നാമന്റെ ബല പ്രയോഗത്തിനു തന്റെ ബല പ്രയോഗം ഹേതുവായി ഭവിക്കുന്നു 
രണ്ട് : താൻ ബലം പ്രയോഗിക്കുന്നത് പൂർണ സ്വാതന്ത്ര്യത്തോടെയാണ് 

സർവ്വ മനുഷ്യരും, ദൃശ്യ- അദൃശ്യ മനുഷ്യേതര ജീവികളും തങ്ങളുടെ കർമങ്ങളെ ഉണ്മയിലേക്കു കൊണ്ടു വരാൻ വേണ്ടി ബലം പ്രയോഗിക്കുന്നു. എന്നാൽ, ആ ബല പ്രയോഗമാകുന്ന കർമ നിർവഹണം ഉപര്യുക്ത ഉദാഹരണത്തിലേതു പോലെ അപര്യാപ്തവും പരിമിതവുമാണെന്നും അതിനെ തുടർന്ന് കർമത്തെ ഉണ്മയിലേക്ക് നയിക്കുന്ന സമ്പൂർണ കർമ നിർവഹണം അല്ലാഹുവിൽ നിക്ഷിപ്തമാണെന്നും പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
“അല്ലാഹു, നിങ്ങളെയും നിങ്ങളുടെ കർമങ്ങളേയും സൃഷ്ടിച്ചു” (വി.ഖു 37/96) 
“അല്ലാഹു സമസ്ത സൃഷ്ടികളുടേയും സ്രഷ്ടാവാണ്..” (വി.ഖു 39/62)

പരിമിത കർമ നിർവഹണത്തിന് കസ്ബ് എന്നും അതിനു നിദാനമായ കർമ നിർണയത്തിനും നിർണയ സ്വാതന്ത്ര്യത്തിനും ഇഖ്തിയാർ / ഇറാദഃ / മശീഅഃ എന്നും സൃഷ്ടികളെ ഉണ്മയിലേക്കു നയിക്കുന്ന സമ്പൂർണ കർമ നിർവഹണത്തിന് ഖൽഖ് / ഈജാദ് / ഇഹ്ദാസ് എന്നും ദൈവശാസ്ത്ര പണ്ഡിതർ പ്രയോഗിച്ചു വരുന്നു. ചിലതെല്ലാം ഖുർആനും നബി വചനങ്ങളും പരാമർശിച്ചിട്ടുള്ള പ്രയോഗങ്ങളാണ്

[സന്ദേഹം³]
കർമ നിർവഹണവും അതിനു നിദാനമായ കർമ നിർവഹണ സ്വാതന്ത്ര്യവും കർമ നിർണയവും കർമ നിർണയ സ്വാതന്ത്ര്യവുമെല്ലാം ആത്യന്തികമായി നിർണയിക്കുന്നത് അല്ലാഹുവായിരിക്കെ,  
മനുഷ്യന് എന്തു സ്വാതന്ത്ര്യമ‌ാണുള്ളത്? 

[നിവാരണം]
കർമ നിർവഹണ സ്വാതന്ത്ര്യവും കർമ നിർണയ സ്വാതന്ത്ര്യവും തത്വത്തിൽ ഒന്നാണ്. കാരണം എന്തു വേണമെന്ന് നിർണയിക്കാൻ സ്വാതന്ത്ര്യമില്ലെങ്കിൽ അതു നിർവഹിക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കില്ലല്ലോ. കർമ നിർവഹണ സ്വാതന്ത്ര്യമാവട്ടേ നാം നേരിട്ട് അനുഭവിക്കുന്ന യാഥാർത്ഥ്യവുമാണ്. “ഒരാത്മാവിനോടും അതിനു നിർവഹണ സ്വാതന്ത്ര്യമുള്ള കാര്യമല്ലാതെ അല്ലാഹു അനുശാസിക്കുകയില്ല” (വി.ഖു 2/286 ) എന്ന പ്രസ്താവന അതിനു ശാക്തീകരണവുമാണ്.

പ്രസ്തുത സ്വാതന്ത്ര്യം അല്ലാഹു നിർണയിക്കുകയും നൽകുകയും ചെയ്തത് കൊണ്ട് അതില്ലാതാവുകയല്ല ഉണ്ടാവുകയാണു ചെയ്യുക. മറ്റൊരു വാക്യത്തിൽ, അല്ലാഹു സ്വാതന്ത്ര്യം നിർണയിക്കുകയും സൃഷ്ടിക്കുകയും ചെയ്തുവെങ്കിൽ, സ്വാതന്ത്ര്യമാണു നിലവിൽ വരുക, പാരതന്ത്ര്യമല്ല.

കർമ നിർവഹണം കർമ നിർണയത്തെ ആശ്രയിക്കുന്നവെങ്കിലും കർമ നിർണയം മനുഷ്യനാണു നിർവഹിക്കുന്നത്. അവന്റെ നിർണയവും നിർണിത കർമവും നിർണയിക്കും മുമ്പ്  അല്ലാഹുവിനറിയാം. അവൻ സ്വതന്ത്രമായി കർമ നിർണയം  (തീരുമാനം) നിർവഹിക്കണമെന്നും ആ നിർണയം നടപ്പിൽ വരുത്തിക്കൊടുക്കണമെന്നുമാണ് അല്ലാഹു തീരുമാനിച്ചത്. എങ്കിൽ മാത്രമാണ് കർമ നിർവഹണ സ്വാതന്ത്ര്യം മനുഷ്യന് ഉണ്ടെന്നു പറയാൻ പറ്റൂ. 

ഇതിനു വിപരീതമായി, മനുഷ്യൻ നിർണിത കർമം തന്നെ നിർണയിക്കണമെന്ന് അല്ലാഹു നിശ്ചയിക്കുന്നു, എന്നു വന്നാൽ, കർമ നിർണയ സ്വാതന്ത്ര്യവും അതിനെ ആശ്രയിച്ചു നില കൊള്ളുന്ന കർമ നിർവഹണ സ്വാതന്ത്ര്യവും അവനു നൽകപ്പെടുന്നില്ല എന്നു വരും. അതാണെങ്കിൽ, നമ്മുടെ അനുഭവജ്ഞാനവുമായും മുമ്പ് നാം അവതരിപ്പിച്ച പ്രാമാണിക രേഖയുമായും പൊരുത്തപ്പെടാത്ത കാര്യമാണ്.

[സന്ദേഹം⁴]
അങ്ങനെയെങ്കിൽ, “അല്ലാഹു തീരുമാനിച്ചതിനാലല്ലാതെ നിങ്ങൾ തീരുമാനിക്കുന്നില്ല / കർമ നിർണയം നടത്തുന്നില്ല” (വി. ഖു 30/81) എന്നു പറഞ്ഞത് ശരിയാകുമോ ? 

[നിവാരണം]
മേൽ പ്രസ്താവന ഗ്രഹിക്കുന്നതിൽ അനേകം പേർക്ക് ഭീമമായ അബദ്ധം തന്നെ സംഭവിച്ചിട്ടുണ്ടെന്നതാണ് വസ്തുത. യഥാർത്ഥത്തിൽ നാമിതു വരെ പറഞ്ഞതുമായി100% യോജിക്കുന്നതും അതിനെ ശാക്തീകരിക്കുന്നതുമായ പ്രസ്താവനയാണത്  “നിങ്ങൾ സ്വതന്ത്രമായി തീരുമാനം കൈകൊള്ളണമെന്ന് അല്ലാഹു തീരുമാനിച്ചതിനാൽ മാത്രമാണ് നിങ്ങൾ സ്വതന്ത്രമായി തീരുമാനം കൈകൊള്ളുന്നത്” എന്നു പറഞ്ഞാൽ അത് സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുന്നതെങ്ങനെയാണ്!  

നിശ്ചിത കാര്യം തന്നെ തീരുമാനിക്കണമെന്ന് (ഉദാഹരണം: നിസ്കരിക്കാൻ തീരുമാനിക്കണമെന്ന്) അല്ലാഹു തീരുമാനിക്കുന്നു എന്ന് ആ പ്രസ്താവനയിൽ ഇല്ലേയില്ല. ഉണ്ടായിരുന്നുവെങ്കിൽ, അതൊരു വൈരുദ്ധ്യാത്മക പ്രസ്താവനയാകുമായിരുന്നു. 

കാരണം, തീരുമാന സ്വാതന്ത്ര്യം വിനിയോഗിക്കണമെന്ന് അല്ലാഹു തീരുമാനിച്ചു എന്നു പറയൽ തീരുമാന സ്വാതന്ത്ര്യത്തിന്റെ സ്ഥിരീകരണമാണ്. നിശ്ചിത കർമത്തിൽ അതു വിനിയോഗിക്കണമെന്ന് അല്ലാഹു തീരുമാനിച്ചു എന്നു പറയൽ പ്രസ്തുത സ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണ്. 

ഇവിടെ അതിവാദികളായ മുഅ്തസിലീ വിഭാഗം നാമുമായി മൂന്ന് സുപ്രധാന പോയൻസുകളിൽ വിയോജിക്കുന്നതു കാണാം. 
① മനുഷ്യനു നൽകപ്പെടുന്ന ബലം കർമത്തെ ഉണ്മയിലേക്കു നയിക്കാൻ പര്യാപ്തമാണെന്ന് അവരും അല്ലെന്ന് നാമും വിശ്വസിക്കുന്നു. 
② പ്രസ്തുത ബലം അവനിൽ നിന്നു നീക്കാൻ അല്ലാഹുവിനു കഴിയുമെങ്കിലും അത് മനുഷ്യന് പൂർണമായും വിട്ടു കൊടുത്തിരിക്കുകയാണെന്ന് അവർ വിശ്വസിക്കുന്നു. നാം വിശ്വസിക്കുന്നത് അത് അനുനിമിഷം നൽകപ്പെട്ടു കൊണ്ടിരിക്കുന്നു വെന്നോ നിലനിറുത്തപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നോ ആണ്.
③ മനുഷ്യന്റെ ദുഷ്കർമങ്ങൾ അല്ലാഹുവിന്റെ തീരുമാനത്തിന് വിരുദ്ധമായി സംഭവിക്കുകയാണെന്ന് അവർ കരുതുന്നു. നാം വിശ്വസിക്കുന്നത് കർമങ്ങൾ അല്ലാഹുവിന്റെ അനാദ്യ തീരുമാനമനുസരിച്ചല്ലാതെ ഉണ്മയിലേക്കു വരില്ല എന്നാണ്.

മാത്രമല്ല, മനുഷ്യന്റെ കർമ നിർവഹണവും കർമ നിർണയം പോലും നമ്മുടെ വീക്ഷണത്തിൽ അല്ലാഹുവിന്റെ തീരുമാനത്തിനു വിരുദ്ധമായല്ല ഉണ്ടാകുന്നത്. കാരണം, കർമ നിർവഹണ/ നിർണയ സ്വാതന്ത്ര്യം അല്ലാഹു മനുഷ്യനു നൽകൽ അവനത് സ്വതന്ത്രമായി  വിനിയോഗിക്കണമെന്ന അല്ലാഹുവിന്റെ തന്നെ തീരുമാനം അല്ലാഹു നടപ്പിൽ വരുത്തലാണ്. 

[സന്ദേഹം⁵]
മനുഷ്യന്റെ കർമ നിർവഹണവും കർമ നിർണയവും (തീരുമാനം) സൃഷ്ടിക്കുന്നത് അല്ലാഹുവാണെങ്കിൽ അവനു സ്വാതന്ത്ര്യമില്ലെന്നു വരുകയും, മനുഷ്യൻ തന്നെയെങ്കിൽ, അല്ലാഹുവാണു സർവ സൃഷ്ടികളുടേയും സ്രഷ്ടാവെന്ന വസ്തുതയോട് അത് വിയോജിക്കുകയും ചെയ്യുകയില്ലേ ?

[നിവാരണം]
കർമ നിർവഹണവും കർമ നിർണയവും കർമ നിർവഹണ സിദ്ധിയുടെയും കർമ നിർണയ സ്വാതന്ത്ര്യത്തിന്റെയും പ്രയോഗവൽക്കരണം മാത്രമാണ്. വേറിട്ട സ്വത്വം അവക്കില്ല. മറ്റൊരു വാക്കിൽ, കർമം നിർണയിക്കപ്പെടുകയോ നിർവഹിക്കപ്പെടുകയോ ചെയ്യുമ്പോൾ കർമത്തിനും കർമ നിർണയത്തിനും / നിർവഹണത്തിനും വെവ്വേറെ ഉണ്മ ഉണ്ടാവുന്നില്ല. ഉണ്ടായിരുന്നുവെങ്കിൽ, സൃഷ്ടിക്കുക എന്ന സമ്പൂർണ കർമ നിർവഹണം അതിനെ സൃഷ്ടിച്ചതു കൊണ്ടാണ് നിലവിൽ വന്നതെന്നും,ആ സൃഷ്ടിക്കൽ നിലവിൽ വന്നത് അതിനെ സൃഷ്ടിച്ചതു കൊണ്ടാണെന്നും അതു നിലവിൽ വരാൻ നിമിത്തമായ സൃഷ്ടിക്കലും അങ്ങനെത്തന്നെയാണെന്നും വരും. ഈ ശൃംഖല അനന്തമായി നീളും. അനന്ത കർമ നിർവഹണ ശൃംഖലയെ ആശ്രയിക്കുന്ന കർമമാണെങ്കിൽ, ഒരു കാലത്തും  നിലവിൽ വരുകയുമില്ല.

[സന്ദേഹം⁶]
“താങ്കളുടെ ഉടമസ്ഥൻ തീരുമാനിച്ചിരുന്നുവെങ്കിൽ ഭൂലോകത്തുള്ളവരാസകലം വിശ്വാസികളാകുമായിരുന്നു...”  “താങ്കളുടെ ഉടമസ്ഥൻ തീരുമാനിച്ചിരുന്നുവെങ്കിൽ മനുഷ്യരെയെല്ലാം അവൻ ഏക സമുദായമാക്കുമായിരുന്നു...” എന്നെല്ലാം ഖുർആനിൽ പ്രസ്താവിച്ചതു കാണാം. ഇതിനർത്ഥം, അല്ലാഹു ചിലരെ വിശ്വാസികളും മറ്റു ചിലരെ അവിശ്വാസികളുമാക്കാൻ തീരുമാനിച്ചു എന്നാണല്ലോ. അപ്പോൾ, അവിശ്വാസം അവർക്കു മേൽ അടിച്ചേൽപിക്കപ്പെടുന്നു എന്നു വരുന്നില്ലേ ? 

[നിവാരണം]
ഇത്തരം വചനങ്ങളിൽ നിന്ന് വിശ്വാസമോ വിശ്വാസരാഹിത്യമോ അടിച്ചേൽപിക്കപ്പെട്ടുവെന്നു ഗ്രഹിക്കാൻ വകുപ്പില്ല. വിശ്വാസവും അവിശ്വാസവും  നിലവിൽ വരുന്നതുമായി ബന്ധപ്പെട്ട് ഏഴു സാധ്യതകൾ നമുക്ക് പറയനാവും.
① എല്ലാവരിലും വിശ്വാസം അടിച്ചേൽപിക്കുക 
② എല്ലാവരിലും അവിശ്വാസം അടിച്ചേൽപിക്കുക
③ ചിലരിൽ വിശ്വാസവും മറ്റു ചിലരിൽ അവിശ്വാസവും അടിച്ചേൽപിക്കുക
④ എല്ലാവർക്കും വിശ്വസിക്കാനും അവിശ്വസിക്കാനും സ്വാതന്ത്ര്യം നൽകുക
⑤ ചിലരിൽ വിശ്വാസം അടിച്ചേൽപിക്കുയും മറ്റു ചിലർക്കു സ്വാതന്ത്ര്യം നൽകുകയും ചെയ്യുക
⑥ ചിലരിൽ അവിശ്വാസം അടിച്ചേൽപ്പിക്കുകയും മറ്റു ചിലർക്ക് സ്വാതന്ത്ര്യം നൽകുകയും ചെയ്യുക.
⑦ ചിലരിൽ വിശ്വാസവും മറ്റു ചിലരിൽ അവിശ്വാസവും അടിച്ചേൽപിക്കുകയും മൂന്നാമതൊരു വിഭാഗത്തിന് സ്വാതന്ത്ര്യം നൽകുകയും ചെയ്യുക. സപ്ത സാധ്യതകളിൽ ഒന്നാം സാധ്യത  മനുഷ്യരിൽ അല്ലാഹു നടപ്പിലാക്കിയില്ല എന്നു പറഞ്ഞത് കൊണ്ട് രണ്ടാം/മൂന്നാം ക്രമം അവൻ സ്വീകരിച്ചുവെന്ന് വരില്ലല്ലോ. നാലാമതു പറഞ്ഞ ക്രമമാണ് മനുഷ്യരിൽ അല്ലാഹു അനുവർത്തിച്ചിട്ടുള്ളത് എന്നതാണു വസ്തുത 
“ഒരാത്മാവിനോടും അതിനു നിർവഹണ സ്വാതന്ത്ര്യമുള്ള കാര്യമല്ലാതെ അല്ലാഹു അനുശാസിക്കുകയില്ല” (വി.ഖു 2/286 )
“...വിശ്വസിക്കണമെന്ന് ആരെങ്കിലും തീരുമാനിക്കുന്നുവെങ്കിൽ അവൻ വിശ്വസിക്കുക, അവിശ്വസിക്കണമെന്ന് ആരെങ്കിലും  തീരുമാനിക്കുന്നുവെങ്കിൽ അവൻ അവിശ്വസിക്കുക....” (വി.ഖു 18/29) 
എന്നീ ആശയം വരുന്ന ഖുർആനിക വചനങ്ങൾ അക്കാര്യം ഉണർത്തുകയും ചെയ്യുന്നു.

[സന്ദേഹം⁷]
ചിലപ്പോൾഅല്ലാഹു വഴിതെറ്റിക്കാൻ തീരുമാനിച്ചവരെ അവൻ വഴിതെറ്റിക്കും, നേർവഴിയിലാക്കാൻ തീരുമാനിച്ചവരെ അവൻ നേർവഴിയിലാക്കുകയും ചെയ്യും എന്ന ആശയം വരുന്ന നിരവധി സൂക്തങ്ങൾ ഖുർആനിൽ കാണാം. ഇതെങ്ങനെ കർമ നിർവഹണ സ്വാതന്ത്ര്യവുമായി പൊരുത്തപ്പെടും ?

[നിവാരണം]
വഴിതെറ്റുകയെന്നാൽ 
സത്യത്തെക്കുറിച്ച് അറിവ് കിട്ടാത്തതിനാൽ സത്യവിശ്വാസത്തിൽ എത്തിപ്പെടാതിരിക്കലും 
വഴിതെറ്റിക്കുകയെന്നാൽ പ്രസ്തുത അറിവ് നൽകാതിരിക്കലുമാണ്.

അല്ലാഹു അല്ലാതെ ആരാധ്യനില്ല. മുഹമ്മദ് നബീ സല്ലല്ലാഹു അലൈഹി വസല്ലം അല്ലാഹുവിന്റെ പ്രവാചകനാണ് എന്നു അംഗീകരിച്ചവർക്ക് ശാശ്വത സ്വർഗവും അംഗീകരിക്കാത്തവർക്കു ശാശ്വത നരകവുമുണ്ടെന്നു കേട്ട ഒരാൾക്കു അതിൽ സത്യമുണ്ടോ എന്ന് സവിനയം അന്വേഷിക്കാനും  അവഗണിക്കാനും കർമ സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടുണ്ട്. അവഗണിക്കാതെ അന്വേഷണത്തിനു ശ്രമിക്കുന്നവർക്ക് അതു സംബന്ധമായ അറിവ് അല്ലാഹു നൽകാതിരിക്കില്ലെന്ന് ഇസ്‌ലാമിക പ്രമാണങ്ങളിൽ കാണാം. 

സത്യത്തെക്കുറിച്ച് അറിവ് കിട്ടിയിട്ടും സത്യം അംഗീകരിക്കാതിരിക്കൽ കർമ നിർവഹണ സ്വാതന്ത്ര്യത്തിന്റെ തെറ്റായ പ്രയോഗവൽക്കരണമാണെന്നു പറയേണ്ടതുമില്ല. 

തനിക്കു നൽകപ്പെട്ട അറിവിനെ മനുഷ്യൻ സ്വതന്ത്രമായി അവഗണിച്ചതിന്റെ തിക്ത ഫലമായി ചിലപ്പോൾ അല്ലാഹുവത് എടുത്തു കളയാറുമുണ്ട്. ഹൃദയത്തിൽ സീൽ വെക്കുക, പൂട്ടിടുക എന്നൊക്കെ ഖുർആനിലും മറ്റും പ്രയോഗിക്കാറുള്ളത് ഇതിനെപ്പറ്റിയാണ്.

[സന്ദേഹം⁸]
ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും മറ്റു പലരും ഉദ്ധരിക്കുന്ന ഹദീസിൽ ഓരോ ആളുകളും ഗർഭസ്ഥ ശിശുക്കളായിരിക്കെ അവന്റെ ഭക്ഷണം, അവധി, കർമം, ജയം - പരാജയം എന്നിവ രേഖപ്പെടുത്താൻ മലകിനോട് കൽപിക്കപ്പെടുമെന്ന് കാണാം
മനുഷ്യന് തന്റെ ഭാഗധേയം നിർണയിക്കുന്നതിൽ യാതൊരു റോളുമില്ല എന്നല്ലേ ഇതിൽ നിന്നും മനസ്സിലാകുന്നത് ? 

[നിവാരണം]
സംഭവിപ്പിക്കുകയെന്ന ധർമമല്ല അറിവ് നിർവഹിക്കുന്നത്. മറിച്ച് സംഭവിക്കുന്ന കാര്യത്തെ സംഭവിക്കും വിധം അനാവരണം ചെയ്യുകയെന്നതാണ് അറിവിന്റെ ധർമം.
എങ്കിൽ, മനുഷ്യൻ സ്വതന്ത്ര്യത്തോടെ, കർമം നിർവഹിക്കുമെന്നും അതു മൂലം ജയ പരാജയങ്ങൾക്ക് അർഹനാവുമെന്നും അല്ലാഹു അറിയുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ, ആ കർമ നിർവഹണം സ്വാതന്ത്ര്യത്തോടു കൂടിയാവാതിരിക്കില്ല. അറിഞ്ഞതിനാലോ രേഖപ്പെടുത്തിയതിനാലോ അപ്രകാരമാവുകയല്ല.മറിച്ച്,  അപ്രകാരമാണുണ്ടാവുകയെന്ന് അറിയുകയും രേഖപ്പെടുത്തുകയുമാണ്.

[സന്ദേഹം⁹] 
ഉപര്യുക്ത നബി വചനത്തിന്റെ തുടർച്ചയിൽ “നിങ്ങളിൽ ചിലർ സ്വർഗക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും,  സ്വർഗത്തിനു അവനുമിടയിൽ ഒരു മുഴം മാത്രം അകലമുണ്ട് അപ്പോൾ ലിഖിതം (വിധി) അതു മറികടക്കുകയും അവൻ, നരകക്കാരുടെ കർമ ചെയ്ത് നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. നിങ്ങളിൽ ചിലർ നരകക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും, അവനും നരകത്തിനുമിടയിൽ ഒരു മുഴം മാത്രമുണ്ട്. അപ്പോൾ ലിഖിതം അതു മറികടക്കുകയും അവൻ, സ്വർഗക്കാരുടെ കർമം ചെയ്ത് സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും” എന്നു കൂടി കാണാം. നരകമാണ് വിധിച്ചതെങ്കിൽ സൽകർമം കൊണ്ടു നേട്ടമില്ല, സ്വർഗമാണു വിധിച്ചതെങ്കിൽ ദുഷ്കർമം കൊണ്ട്  കോട്ടവുമില്ല വിധിക്കു മുന്നിൽ നമുക്കൊന്നിനും കഴിയില്ല. എന്നെല്ലാം ഈ വചനം തെര്യപ്പെടുത്തുന്നില്ലേ ? 

[നിവാരണം]
അതായിരുന്നു ഉദ്ദേശ്യമെങ്കിൽ, ഒരാളുടേയും സൽ കർമങ്ങൾ അല്ലാഹു വൃഥാവിലാക്കുകയില്ല എന്നു വിളമ്പരം ചെയ്യുന്ന നിരവധി ഖുർആനിക സൂക്തങ്ങളുമായി ഈ വചനം കലഹിക്കുമായിരുന്നു. 

ഇമാം മുസ്‌ലിമിന്റെ ഒരു നിവേദനത്തിൽ  “ഒരാൾ, ജനദൃഷ്ട്യാ സ്വർഗക്കാരുടെ പ്രവർത്തനം നിർവഹിച്ചു കൊണ്ടിരിക്കും, അവൻ നരകക്കാരനായിരിക്കെ. വേറൊരാൾ ജനദൃഷ്ട്യാ നരകക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും, അവൻ സ്വർഗക്കാരനായിരിക്കെ” എന്നു വന്നിട്ടുണ്ട്.

എങ്കിൽ, സ്വർഗസ്ഥനാവുമെന്ന് മാലോകർക്കു തോന്നുന്ന രൂപത്തിൽ സ്വർഗക്കാരുടെ കർമങ്ങൾ ചെയ്ത ചിലർ, അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കുകയും അതിനെ നിഷ്ഫലമാക്കുന്ന മാനസിക വ്യാപാരങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യാത്തതു കൊണ്ട് നരകസ്ഥരായി മാറുന്നു “അല്ലാഹു പരിശുദ്ധനാണ്, പരിശുദ്ധ കർമങ്ങൾ മാത്രമേ അവൻ സ്വീകരിക്കൂ”
മാലോകരുടെ ദൃഷ്ടിയിൽ, നരകസ്ഥരായ ചിലർ, പശ്ചാതാപം, വിനയം, തുടങ്ങിയ മാനസിക സുകൃതങ്ങളും മറ്റു ചില രഹസ്യ സുകൃതങ്ങളും ഉള്ളവരായത് കൊണ്ട് സ്വർഗസ്ഥരായും മാറുന്നു. ബാഹ്യമുഖം മാത്രം നോക്കി വിധി പറയാൻ നമുക്കാവില്ല എന്ന ആശയമാണ് പ്രസ്തുത വചനം പ്രകാശനം ചെയ്യുന്നത്

മനുഷ്യരുടെ മനോവ്യാപാരങ്ങൾ  അല്ലാഹുവിനു ആദ്യമേ അറിയാം. തദനുസൃതം,ജീവിതത്തിന്റെ സായംസന്ധ്യയിൽ ഒന്നാം വിഭാഗത്തിന്റെ പൊയ്മുഖം വലിച്ചു കീറണമെന്നും രണ്ടാം വിഭാഗത്തെ അനുഗ്രഹിക്കണമെന്നും അല്ലാഹു അനാദിയിൽ തീരുമാനമെടുത്തിട്ടുണ്ട്.
അലംഘനീയമായ മേൽ തീരുമാനത്തിന്റെ മനോഹരമായ ആവിഷ്കരിക്കാരമാണ് ‘ലിഖിതം മറികടക്കും’ പ്രയോഗം.

[സന്ദേഹം¹⁰] 
ഇമാം ബുഖാരിയും മുസ്‌ലിമും മറ്റു പലരും ഉദ്ധരിക്കുന്നു: പ്രവാചകർ പ്രസ്താവിച്ചു
“നിങ്ങളിൽ എല്ലാവരുടെയും സ്വർഗ- നരകങ്ങളിലെ താൻ വസിക്കുന്ന ഇടം അറിയപ്പെട്ടിരിക്കുന്നു” സ്വഹാബിമാർ ചോദിച്ചു: എങ്കിൽ ഞങ്ങളെന്തിനു കർമങ്ങൾ നിർവഹിക്കുന്നു?  ഞങ്ങൾക്ക് അതിനെ ആശ്രയിച്ചു കൂടേ? പ്രവാചകർ പറഞ്ഞു: “എല്ലാവർക്കും, അവൻ എന്തിനു സൃഷ്ടിക്കപ്പെട്ടോ അതു സുഗമമാക്കപ്പെടും”
ഇമാം ബുഖാരിയുടെ ഒരു നിവേദനത്തിൽ
“എന്നാൽ വിജയികൾക്കു വിജയികളുടെ കർമം സുഗമമാക്കപ്പെടും പരാജിതർക്കു പരാജിതരുടെ കർമവും സുഗമമാക്കപ്പെടും” എന്നാണുള്ളത്. ജയ-പരാജയം ആദ്യമേ നിർണയിക്കപ്പെടുകയും അതിനനുസൃതമായി കർമങ്ങൾക്കു സൗകര്യങ്ങൾ നൽകപ്പെടുകയുമാണെന്നു ഇതിൽ നിന്നും മനസ്സിലാകുന്നു. എങ്കിൽ, ജയ-പരാജയം നിർണയിക്കുന്നതിൽ എന്തു സ്വാതന്ത്ര്യമാണ് മനുഷ്യനു നൽകപ്പെട്ടിട്ടുള്ളത് ? 

[നിവാരണം]
വിജയികൾ, വിജയിക്കാൻ ഹേതുവാകുന്ന സത്യവിശ്വാസവും ഇതര സുകൃതങ്ങളും സ്വതന്ത്രമായി നിർവഹിക്കുന്നവരും പരാജിതർ, പരാജയത്തിനു ഹേതുവാകുന്ന അവിശ്വാസവും ദുഷ്കർമങ്ങളും സ്വതന്ത്രമായി ചെയ്യുന്നവരുമാണെന്ന് മുൻ വിവരണങ്ങളിൽ നിന്നും വ്യക്തമായി.
അതു വഴി ആരെല്ലാം വിജയ ശ്രീലാളിതരാവുമെന്നും പരാജയം ഏറ്റു വാങ്ങുമെന്നും ത്രികാലജ്ഞനായ അല്ലാഹുവിന് ആദ്യമേ അറിയാം, എന്നത് ആ സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുന്നില്ല (സംഭവിപ്പക്കലല്ല, സംഭവിക്കാൻ പോകുന്ന കാര്യം സംഭവിക്കും വിധം അനാവരണം ചെയ്യൽ മാത്രമാണ് അറിവ് നിർവഹിക്കുന്ന ധർമമെന്ന് മുമ്പ് നാം ഉണർത്തിയല്ലോ) മറിച്ച്,  വിജയ മാർഗം തെരഞ്ഞെടുത്തവർക്ക്  വിജയിക്കാനാവശ്യമായ സൗകര്യങ്ങളും പരാജയ മാർഗം തെരെഞ്ഞെടുത്തവർക്ക് അതിനു വേണ്ട സൗകര്യങ്ങളും അവൻ നൽകിക്കൊണ്ടിരിക്കും എന്നാണ് ഈ വചനം കുറിക്കുന്നത്. ഇത് നാമിതു വരെ പറഞ്ഞതിന്റെ ശാക്തീകരണമാണ്.

[സന്ദേഹം¹¹]
“എന്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടോ അത് സുഗമമാക്കപ്പെടും” എന്നതും “വിജയികളുടെ കർമം വിജയികൾക്കു സുഗമമാക്കപ്പെടും ” “പരാജിതരുടെ കർമം പരാജിതർക്കു സുഗമമാക്കപ്പെടും”എന്നതും ചേർത്തു വെച്ചാൽ വിജയികളെ സൽകർമത്തിനും പരാജിതരെ ദുഷ്കർമത്തിനും വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നു വരില്ലേ?

[നിവാരണം]
മനുഷ്യരും ജിന്നുകളും സൽകർമം നിർവഹിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണെന്നു ഖുർആനിലുണ്ട്. സൽകർമം ചെയ്യാൻ സൃഷ്ടക്കപ്പെട്ടവരിൽ ചിലരെ പറ്റി ദുഷ്കർമത്തിനു സൃഷ്ടിക്കപ്പെട്ടു എന്നു പറയൽ യുദ്ധത്തിൽ തോറ്റ പട്ടാളക്കാരെപ്പറ്റി ‘തോൽക്കാൻ വേണ്ടി നിയമിക്കപ്പെട്ടവർ’ എന്നു പറയുന്നതു പോലെയാണ്. തോൽക്കാൻ വേണ്ടി ആരും സൈന്യത്തിൽ നിയമിക്കപ്പെടുകയില്ല. പ്രത്യുത, തോൽവിയായിരുന്നു പരിണിതി എന്നാണതിന്റെ വിവക്ഷ. 

[സന്ദേഹം¹²]
ആദം നബി (അ) നെ കാണിച്ചു കൊടുക്കാൻ  മൂസാ നബി (അ) അല്ലാഹുവിനോട് അഭ്യർത്ഥിച്ചതിനെ തുടർന്ന് കൂടിക്കാഴ്ച്ചക്ക് അവസരമൊരുങ്ങിയപ്പോൾ പിതാവിനെ സാദരം ഏതാനും വാക്യങ്ങളിലൂടെ  അഭിവാദനം ചെയ്ത ശേഷം: 
“അങ്ങ് ഞങ്ങളെ സ്വർഗത്തിൽ നിന്നും പുറത്താക്കിയല്ലോ” എന്ന്  മൂസാ നബി (അ)  ചോദിക്കുകയും അതിനോട്, “ എന്നെ സൃഷ്ടിക്കുന്നതിന് നാൽപതു വർഷം മുമ്പേ അല്ലാഹു രേഖപ്പെടുത്തിയ കാര്യത്തിന് എന്നെ താങ്കൾ കുറ്റപ്പെടുത്തുന്നുവോ” എന്ന് ആദം നബി (അ) പ്രതികരിക്കുകയും ചെയ്തു “അങ്ങനെ, ആദം നബി (അ) മൂസാ നബി (അ) നേക്കാൾ പ്രമാണത്താൽ മികവ് പുലത്തി” എന്ന് ഹദീസിൽ കാണാം. തന്നിൽ നിന്നു സംഭവിച്ച തെറ്റ് വിധി വിശ്വാസത്തിലൂടെ ആദം നബി (അ) ന്യായീകരിക്കുകയായിരുന്നുവോ ? 

[നിവാരണം]
ആദം (അ) ൽ നിന്നും സംഭവിച്ച കനി ഭുജിക്കുകയെന്ന കൃത്യം സൂക്ഷ്മ വിശകലനത്തിൽ തെറ്റല്ലെങ്കിലും ആദം നബി (അ) അതൊരു തെറ്റു പോലെ കരുതുകയും അല്ലാഹുവിനോട് കരഞ്ഞു  മാപിരക്കുകയും ചെയ്തതാണ്.

എന്നിരിക്കെ, അതു പറഞ്ഞ് അവരെ അപമാനിക്കാൻ മൂസാ നബി (അ) മുതിരുകയില്ല, അതു ന്യായീകരിച്ചു സംസാരിക്കാൻ ആദം നബി (അ) തയ്യാറാവുകയുമില്ല.

മറിച്ച്, മൂസാ നബി (അ) പറയുന്നത്: അങ്ങു ചെയ്തത് സൂക്ഷ്മാപഗ്രഥനത്തിൽ തെറ്റല്ലെങ്കിൽ പോലും ഭൂമിയിലേക്കു ഞങ്ങൾ വരാൻ അതു നിമിത്തമായില്ലേ ? എന്നാണ്.

ആദം നബി (അ) പറയുന്നത് : ഭൂമിയിലെ പ്രാതിനിധ്യമാണ് നമുക്ക് ആദ്യമേ അല്ലാഹു നിശ്ചയിച്ചത് (ആദം നബിയെ സൃഷ്ടിക്കും മുമ്പേ, ഭൂമിയിൽ ഒരു പ്രതിനിധിയെ നിയമിക്കാൻ പോവുകയാണെന്ന് മലകുകളെ അല്ലാഹു അറിയച്ചത് വിശുദ്ധ ഖുർആനിൽ ഉണ്ടല്ലോ) കനി ഭുജിക്കരുതെന്ന നിർദേശം സത്യത്തിൽ അതിനു അരങ്ങൊരുക്കൽ മാത്രമായിരുന്നു. എന്നുമാണ്.

✍ അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

No comments: