Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, June 9, 2019

അഗ്നിയിൽ കുരുത്ത താരകങ്ങൾ- ഭാഗം ഒന്ന്

ശാന്തമായ അന്തരീക്ഷം,മനം കുളിർക്കുന്ന ഇളം തെന്നൽ,യമനിൽ നിന്നും മക്കയിലെത്തിയ ആ കച്ചവടസംഘത്തിന് എന്തു കൊണ്ടും അനുകൂലമായ കാലാവസ്ഥ..

മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പുതിയ അനുഭവമായിരുന്നു യാസിറുബ്നു ആമിർ അൽ കിനാനിക്ക് മക്കയുടേയും കഅ്ബയുടെയും സൗന്ദര്യവും വശ്യതയും..കണ്ടപാടെ യാസിർ അത്ഭുതപരതന്ത്രനായി നിന്നു.

വർഷങ്ങളായി തിരോധാനപ്പെട്ടുപോയ സഹോദരനെ തേടിയാണ് യാസിറും സഹോദരങ്ങളായ ഹാരിസും മാലിക്കും മക്കയിലെത്തിയത്.അവർക്ക് വ്യാപാരം ലക്ഷ്യമല്ല.

കൂടെപ്പിറപ്പിനെ എങ്ങനെയെങ്കിലും കണ്ടു പിടിക്കണം...

നാടിന്റെ നാനാ ഭാഗത്തു നിന്നും കച്ചവടാർത്ഥം ആളുകൾ കൂടിയിരുന്ന സ്ഥലമായിരുന്നു മക്കയിലെ ഉക്കാള ചന്തയും പരിസരവും.അവിടെയെവിടെയെങ്കിലും വല്ല തുമ്പും ലഭിക്കുമെന്ന പ്രതീക്ഷയിലാണവർ.
അടിമയാക്കപ്പെട്ടിരിക്കുമോ..?!

അവർ ആകുലപ്പെട്ടു.

എല്ലായിടങ്ങളിലും അവർ പരതി നടന്നു,
കാണുന്നവരോടൊക്കെ തിരക്കി,സംഘം കൂടി നിൽക്കുന്നയിടങ്ങളിൽ ആകാംക്ഷയോടെ ചെന്നന്വേഷിച്ചു..
ദിവസങ്ങൾ നീണ്ട തിരച്ചിൽ.
ഇടയിൽ വിശ്രമം അവർ മറന്നു.ഇനിയൊരിടവും ബാക്കിയില്ല തിരയാൻ.
നിരാശ മാത്രം ബാക്കി
ഒരു തുമ്പും കിട്ടിയില്ല..

ഇനിയെന്ത്...?

മൂന്നുപേരും വ്യാകുലപ്പെട്ടു..

എവിടെപ്പോയി നോക്കും..?
നമുക്ക് നാട്ടിലേക്ക് തിരിച്ചാലോ..?
ഹാരിസ് അഭിപ്രായപ്പെട്ടു..
ഇല്ല..! ഞനിവിടെ തന്നെ നിൽക്കുകയാണ്.
യാസിർ പ്രതിവചിച്ചു....
ഏറെ നിർബന്ധിച്ചെങ്കിലും വഴങ്ങിയില്ല..
അതിനു മാത്രം ആകർഷിച്ചിരുന്നു യാസറിന്റെ മനസ്സിൽ മക്കയും ബക്കയും...
അഭയം നൽകാൻ കുടുംബക്കാരില്ല...
സംരക്ഷണം ലഭിക്കാൻ വഴികളില്ല..

യാസിറിന് മക്കയിൽ താമസിക്കാൻ പ്രയാസം.

വൈദേശികർക്ക് സമാധാന പൂർണ്ണമായി മക്കയിൽ കഴിയാൻ സമൂഹത്തിലെ ഉന്നതരുമായി കരാറുണ്ടാവണം.ഇതായിരുന്നു മക്കയിലെ നാട്ടു നടപ്പ്.ഏറെ അന്വേഷിച്ചെങ്കിലും സാമ്പത്തിക ലാഭമില്ലെന്ന് കരുതി പലരും നിരസിച്ചു.

ഒടുവിൽ അബൂ ഹുദൈഫത്തു ബിനു മുഗീറ കരാർ ഏറ്റെടുത്തു......
യാസിറിന് സന്തോഷം അടക്കാനായില്ല..
ഒരു ജന്മം സഫലമായ പ്രതീതിയായിരുന്നു
യാസിറിന് അബൂഹുദൈഫയുടെ കൂടെയുള്ള ജീവിതം...
★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★

നല്ല മിടുക്കൻ,

വിവേകപൂർണ്ണമായ ഇടപെടൽ,

കഴിവും പ്രാപ്തിയുമുള്ള ചെറുപ്പക്കാരൻ.
അബൂഹുദൈഫ യാസിർ അറിയാതെ വിലയിരുത്തുന്നുണ്ടായിരുന്നു.
അബൂ ഹുദൈഫക്ക് നന്നേ പിടിച്ചു.
ഏറെ ആലോചിക്കാൻ നിന്നില്ല.
തന്റെ അടിമ സുമയ്യ ബിൻത് ഖിബാതിനെ യാസിറിന്റെ ജീവിത സഖിയായി കൈപിടിച്ചു നൽകി..

യാസിർ-സുമയ്യ ദാമ്പത്യ വല്ലരിയിൽ ആദ്യ കുസുമം വിടർന്നു..

അമ്മാർ.........

വാത്സല്യത്തോടെ പൈതലിനു പേരു വിളിച്ചു.
താരാട്ടിയും താലോലിച്ചും ആദമ്പതികൾ ഓമനയെ പാലൂട്ടി....

"നിങ്ങൾ സ്വതന്ത്രരാണ്"

കുഞ്ഞിനെ കാണാനെത്തിയ 

യജമാനൻ അബൂഹുദൈഫയുടെ 
ഓർക്കാപുറത്തുള്ള വാക്കുകൾ കേട്ട് 
അവർ സന്തോഷത്താൽ മതിമറന്നു...
ബനൂ മഖ്സൂം ഗോത്രത്തിന്റെ സംരക്ഷണത്തിൽ സന്തുഷ്ടമായി തന്നെ ജീവിതം മുന്നോട്ട് നീങ്ങി.
അല്ലലും അലട്ടലുമില്ല.
സന്തോഷത്തിലും സന്താപത്തിലും ആ കുടുംബം ഒരുപോലെ പങ്കുചേർന്നു.

നാളുകൾ വർഷങ്ങളായി കടന്നു പോയി..

യാസിറും സുമയ്യയും പ്രായം ഏറെയായി..

ജീവിതത്തിന്റെ നാളുകൾ എണ്ണിത്തുടങ്ങി..അമ്മാർ ധൈര്യവും സഥൈര്യവുമുള്ള ചുറുചുറുക്കുള്ള യൗവ്വനത്തിലും.....
(തുടരും....)

ഹാഫിള് അബ്ദുൽ മലിക് സഖാഫി ചിയ്യൂർ.

No comments: