Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, February 19, 2020

ഗുരുത്വത്തിന്റെ യുവത്വം ശിഷ്യത്വത്തിന്റെ മഹത്വം

✍🏻അമീൻ മുഹമ്മദ് ഹസൻ സഖാഫി

ജോർദാനിലെ അമ്മാനിൽ വെച്ച് ഉസ്താദുമായി പരിജയപ്പെട്ട ബെൽജിയത്തിൽ നിന്നു വന്ന പണ്ഡിതൻ സംസാരത്തിനിടെ ചോദിച്ചു...
ശൈഖിന് എത്ര ശിഷ്യൻമാർ ഉണ്ട് . 
മറുപടി ഞാൻ പറഞ്ഞു നേരിട്ടുള്ള പതിനായിരത്തിലധികം പണ്ഡിതരായ ശിഷ്യൻ മാരുണ്ട്.
അല്ലാതെ ഒരു ലക്ഷത്തിലധികം ശിഷ്യൻമാരുമുണ്ട്.
അദ്ദേഹം ശൈഖുനയെ വീണ്ടും ചേർത്ത് പിടിച്ച് നെറ്റിയിലും തലപ്പാവിലും മാറി മാറി ചുംബിച്ചു. 
പിന്നെ പല വിഷയങ്ങളിലെയും ഖുർആനിക മാനങ്ങൾ പണ്ഡിതോചിതമായ ഭാഷയിൽ ചോദിച്ചു മനസ്സിലാക്കി.
പിന്നെ ഉസ്താദിനോട് ഇജാസതുകൾ വാങ്ങി ...

ഇന്ത്യയിൽ ഇങ്ങനെയൊരു ഗുരു - ശിഷ്യ സംഗമം നടന്നതായി ചരിത്രത്തിലുണ്ടാവില്ല.
ഗുരുവിന്റെ മുഖ്യ കാർമികത്വത്തിലും അധ്വാനത്തിലും പടുത്തുയർത്തിയ വിദ്യാഗോപുരത്തിൽ നിന്ന് അറിവ് നുകർന്ന പതിനായിരത്തിലധികം വരുന്ന പണ്ഡിതരായ ശിഷ്യൻമാർ വന്ദ്യ ഗുരുവിന്റെ ചാരെ അതേ വന്ദ്യ ഗുരുവിന്റെ തന്നെ മുഖ്യ നേതൃത്വത്തിൽ പൂർത്തിയാവുന്ന വൈജ്ഞാനിക നഗരത്തിൽ ആദ്യമായി ഒത്തുകൂടുന്ന അത്യപൂർവ സംഗമം .

ആഗോള സഖാഫി സമ്മേളനം പുതിയ കാൽ വെപ്പായി ചരിത്രം കുറിക്കാനിരിക്കുകയാണ്...

അല്ലെങ്കിലും ഈ വന്ദ്യ ഗുരു പണ്ടേ അങ്ങനെയാണ് ... എന്നും പുതിയ , പുതിയ പദ്ധതികൾ ... പലർക്കും ഒന്ന് കഴിഞ്ഞാൽ മറ്റൊന്നാണ്. എന്നാൽ ഈ സന്നിധിയിൽ ഒന്ന് കഴിയും മുമ്പെ മറ്റൊന്നല്ല ... മറ്റു പലതുമാണ് ... പലർക്കും ഒന്നിൽ നിന്ന് രണ്ടിലെത്തുമ്പോൾ കൈ വിറക്കുന്നു. പിൻ വാങ്ങുന്നു.
ഇവിടെ തൊട്ടതും തുടങ്ങിയതുമെല്ലാം പലപ്പോഴും പ്രതികൂല സാഹചര്യമായിട്ട് പോലും വിജയം കാണുന്നു . പൂവണിയുന്നു.

നിരാശയില്ല , പരാതിയില്ല , പരിഭവമോ പരാജയ ഭീതിയോ ഇല്ല.
പ്രതിസന്ധികൾ കൂടുതൽ കരുത്ത് പകരുന്നു.
ശിഷ്യൻമാരിൽ ചിലർക്കെങ്കിലും ക്ഷീണമോ പ്രായമോ അനുഭവപ്പെടുന്നുണ്ടങ്കിൽ പോലും ഗുരുവിന് ആവേശവും യുവത്വവും വർദ്ധിക്കുന്നു.

ഇതൊരു തൗഫീഖാണ്. അതികമാർക്കും ലഭിക്കാത്ത തൗഫീഖ് .... മഹാ ഭാഗ്യം ...
കേരളത്തിലെ ഏകദേശം എല്ലാ ഗ്രാമങ്ങളിലും ഈ ഗുരുവിന് ശിഷ്യഗണങ്ങളുണ്ട്.
ഇല്ലാത്ത ഏതെങ്കിലും ഗ്രാമങ്ങളുണ്ടെങ്കിൽ അവിടെ ഏതെങ്കിലും തരത്തിൽ ഈ നെറ്റ് വർക്കിന്റെ ഗുണങ്ങൾ എത്തുന്നുണ്ട്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ ശിഷ്യരുടെ സാന്നിധ്യമുണ്ട്. ചില സംസ്ഥാനങ്ങളിൽ എല്ലാ ജില്ലകളിലുമെന്ന പോലെ ഇവരുടെ സാന്നിധ്യമുണ്ട്.
ഏഷ്യൻ രാജ്യങ്ങളിൽ മിക്കയിടങ്ങളിലും അവരുണ്ട് .
മറ്റ് ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിലും ഈ ധവള സാന്നിധ്യം നാം ഇന്ന് കാണുന്നു.
ഇവരെല്ലാം സമൂഹത്തിന്റെ മതപരവും സാംസ്കാരികവുമായ മണ്ഡലത്തിൽ നേതൃത്വം വഹിച്ച് സ്തുത്യർഹമായ സേവനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.
വാക്കിലും അർത്ഥത്തിലും ആഗോള സഖാഫി സംഗമം ഒരു ചാരിതാർത്ഥ്യമായിരിക്കും.

ശിഷ്യർക്ക് വേണ്ട താമസവും ഭക്ഷണവും മറ്റു സൗകര്യങ്ങളുമെല്ലാം ഗുരു തന്നെ മുന്നിട്ടിറങ്ങി സംഭരിച്ച് വളർത്തിയെടുത്തതാണവരെ ...
സർവ്വകലാശാലകൾ ബിരുദധാരികളെ സൃഷ്ടിക്കുന്നു. എന്നാൽ അവർക്ക് പ്ലേസ്മെന്റും ജോലിയും നൽകാൻ സർവ്വകലാശാലകൾക്ക് സാധിക്കുന്നില്ല.
ഇവിടെ പുറത്തിറങ്ങിയ ഭൂരിഭാഗം ശിഷ്യഗണങ്ങൾക്കും നേരിട്ടോ അല്ലാതെയോ ഗുരു കാരണമായി തന്നെ ജോലിയും സാമൂഹിക സുരക്ഷയും അഭിമാനവും കൈവരുന്നു.

ഇങ്ങനെയൊരു മാതൃക ഇന്ത്യയിൽ മുമ്പുണ്ടായതായി എനിക്കറിയില്ല. ആർക്കെങ്കിലും അറിയുമെങ്കിൽ എന്നെ തിരുത്താവുന്നതാണ്.
ഇത്രയും വിപുലമായ ശൃംഖല വിവിധ ഭൂപ്രദേശങ്ങളിലായി ഉണ്ടായിട്ടും എവിടെയും ഒരു പ്രശ്നമോ ബഹളമോ ഇല്ല.

അക്രമത്തിലേക്കോ വർഗീയ തീവ്രവാദ പ്രവർത്തനങ്ങളിലേക്കോ വഴി മാറാതെ ഇത്രയും വലിയ ശിഷ്യ സമ്പത്തിനെ നേരായ വഴിയിൽ തന്നെ നയിക്കാൻ സാധിക്കുന്നു എന്നത് ഇക്കാലത്ത് വലിയ അർത്ഥത്തിൽ തന്നെ വായിക്കേണ്ടതുണ്ട്.

ശിഷ്യൻമാരെ പിന്തുടരലും സഹായിക്കലും മാത്രമല്ല ഈ ഗുരുവിന്റെ പണി എന്നതും ചേർത്ത് വായിക്കണം.
അതോടൊപ്പം ഇന്ത്യൻ ജനതയുടെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട നാനാ വിഷയങ്ങളിലും ആരോഗ്യകരമായി ഇടപെടുകയും തന്റെതായ സംഭാവനകൾ അർപിക്കുകയും ചെയ്യുന്നു.

ഗുരു എന്നും യാത്രയിലാണ് ... പ്രായം ചെന്ന ഗുരുവിനെ സഹായിക്കാൻ കൂടെ പോകുന്ന ചെറുപ്പക്കാർ ക്ഷീണിച്ച് പോകുന്ന യാത്ര .
കൃത്യ സമയത്ത് ഗുരുവിനെ വിളിച്ചുണർത്തണമെന്ന് കരുതി കിടക്കുന്നവരെ അതിനും മുമ്പെ എഴുനേറ്റ് വിളിച്ചുണർത്തുന്ന ഗുരുവിന്റെ അതികൃത്യത പഠിക്കേണ്ട യാത്ര .

ഒന്നും കഴിയില്ല എന്ന് പറയാതെ നോക്കാം .. ശ്രമിക്കാം എന്ന് പറഞ് പ്രതീക്ഷയും പ്രത്യാശയും പകരുന്ന ഈ ഗുരു സവിധത്തിൽ നിന്ന് അറിവ് നുകർന്നവരൊക്കൊ ഭാഗ്യവാൻമാരാണ്.

അതെ ഉസ്താദ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖുനാ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ശിഷ്യനാകാൻ ഭാഗ്യം ലഭിക്കുന്നത് ജീവിതത്തിലെ മഹാ ഭാഗ്യമാണ്.
അറിവ് മാത്രമല്ല, തന്റെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളിൽ നിന്ന് വിളക്കിയെടുത്ത അവബോധവും ഊർജ്ജവും തിരിച്ചറിവും എല്ലാമാണ് മുസാഫഹത്തും മുഷാബകതും അമാമതുമെല്ലാമായി ഇജാസതിലൂടെ ആ വന്ദ്യ ഗുരു പകർന്ന് തന്നത്.

അവിടത്തെ ശിഷ്യ ഗണങ്ങളെല്ലാം 2020 ഫിബ്രുവരി 22 ന് നോളജ് സിറ്റിയിൽ ഒത്തുകൂടുമ്പോൾ അതിലൊരു കണ്ണിയാകാൻ കഴിയുന്നത് മറ്റൊരു സൗഭാഗ്യമായി കണക്കാക്കാം ... വന്ദ്യ ഗുരുവിന് അല്ലാഹു ദീർഘായുസ്സും ആഫിയതും നൽകട്ടെ .... ആമീൻ

No comments: