ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച
റജബ് 27ൻ്റ ളുഹ്റോടെയാണ് നിസ്കാരം ആരംഭിച്ചത്.പുണ്യദിനമായ ഇന്നും
കൊറോണ ജാഗ്രത ഭാഗമായി പളളികൾ അടച്ചിട്ടിരിക്കുന്നു. കുട്ടികളെയും കൂട്ടി വീട്ടിൽ ജമാഅത്ത് നടത്തി.. നിസ്കാരം കഴിഞ്ഞ് കുട്ടികൾക്ക് ചെറിയ ഉപദേശം നൽകി കട്ടിലിൽ ഇരിക്കുമ്പോഴാണ് ഗതകാല ഓർമകൾ ഉൾതിരിഞ്ഞ് വന്നത്.
ജ്യേഷ്ഠ സഹോദരൻ അബ്ദുല്ലയാണ് നിസ്കാരത്തിലെ ഏകാന്തതയെ കുറിച്ച് പ്രഥമ പാഠം നൽകിയത്.
കൂലിപ്പണിക്കാരനായ അദ്ദേഹത്തിന് നാട്ടുപ്രമാണിയായ ഗുരിയടുക്ക കജെ പട്ടറുടെ(പഴയ കാല ജന്മികളായ സവർണ്ണർ) വീട്ടുവളപ്പിലായിരുന്നു ജോലി. രാവിലെ 8 മണിക്ക് വീടുവിട്ടിറങ്ങിയാൽ സന്ധ്യയാകുമ്പോഴാണ് വീടണിയുന്നത്.വീട്ടിൽ എത്തിയയുടനെ കുളിയും അംഗസ്നാനവും കഴിഞ്ഞ് നിസ്കാരത്തിലേർപ്പെടും.വീട്ടിൽ മുതിർന്നവർ നിസ്കരിക്കുമ്പോൾ ഓടിക്കളിക്കലാണ് നമ്മൾ. ഒരു ദിവസം ജ്യേഷ്ഠൻ പിടിച്ചു. കൈകാലുകൾ കഴുകി ഒപ്പം നിൽക്കാൻ പറഞ്ഞു. നിസ്കരിക്കുമ്പോൾ സുജൂദ് ചെയ്യുന്നിടത്തേക്കാണ് നോക്കേണ്ടതെന്ന്
അന്നാണ് പഠിച്ചത്.
നടുക്കുന്നിലെ ഇപ്പോഴത്തെ ഓട് മേഞ്ഞ വീട്ടിലെ ഓർമ്മകളാണിത്. മൺതറയിൽ പായ വിരിച്ച് നിസ്കരിക്കലായിരുന്നു പതിവ്. ഓടിച്ചാടിക്കളിക്കുന്ന കുട്ടി പ്രായമായതിനാൽ നിസ്കാരത്തിലൊന്നും കൂടുതൽ ശ്രദ്ധചെലുത്തിയില്ല.ആരാധനയുടെ നിർബന്ധിതപ്രായമല്ലാത്തതിനാൽ ഉമ്മയുടെ നിലപാടും കർക്കശമായിരുന്നില്ല.
ഉമ്മയുടെ നിസ്കാരപ്പായയിൽ വല്ലപ്പോഴും കയറി നിൽക്കും. കുളിച്ച് വൃത്തിയിലാണെങ്കിൽ നിസ്കാരപ്പായയിൽ ഏറെ നേരം നിൽക്കാം. അല്ലെങ്കിൽ കയറിയ ഓർമ്മയേ ഉണ്ടാവൂ... ബോധം തെളിഞ്ഞാൽ അടുക്കളയിലെ അമ്മിക്കല്ലായിരിക്കും ആദ്യം കാണുക...
പിതാവ് വീടണയുന്നത് രാത്രിയാണ്. നടുക്കുന്നിൽ നിന്നും നാലഞ്ച് കിലോമീറ്റർ അകലെയുള്ള കോരിക്കാറിലേക്കാണ് പോയിരുന്നത്. കാൽനടയായി പോകുന്ന പ്രകൃതക്കാരനാണ് ഉപ്പ.ദിവസവും രാവിലെ 7.30 മണിക്ക് പുറപ്പെട്ടാൽ രാത്രിയാകുമ്പോൾ തിരിച്ചെത്തും.കുളി കഴിഞ്ഞ് നിസ്കാരപ്പായയിൽ പ്രവേശിച്ചാൽ ഏറെ നേരം ഇബാദത്തിലായിരിക്കും. ദിക്റും സ്വലാത്തും ഖുർആനോത്തുമായി കഴിഞ്ഞിരുന്ന പിതാവ് നിസ്കരിക്കുമ്പോൾ ചിലപ്പോൾ കൂടെ എന്നെയും നിർത്തും. നിസ്കാരത്തിലെ ഓരോ കർമ്മങ്ങളെപ്പറ്റിയും പറഞ്ഞു തരും.
മദ്റസ പഠനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിസ്കാരത്തെ കുറിച്ച് അവബോധനായിരുന്നു. നിസ്കാരത്തിൽ സാഷ്ടാംഗം ചെയ്യുന്നിടത്തേക്കാണ് നോക്കേണ്ടതെന്ന് പഠിപ്പിച്ചത് ജ്യേഷ്ഠ സഹോദരൻ അബ്ദുല്ലയാണ്. സഹോദരങ്ങളായ മുഹമ്മദ് അമാനിയും അബൂബക്കറും ദർസിൽ പഠിച്ചിരുന്ന കാലമായതിനാൽ വീട്ടിൽ വരുന്ന ദിവസം വുളൂഇനെ കുറിച്ചും നിസ്കാരത്തെപ്പറ്റിയുമെല്ലാം പറഞ്ഞുതരും. ചുരുക്കത്തിൽ നിസ്കാരമെന്ന ഇബാദത്ത് ഇളം മനസ്സിൽ ഇടം നേടിയിട്ടുണ്ടെന്ന് സാരം.
*മുഹിമ്മാത്ത് ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നാണ് സുന്നത്ത് നിസ്കാരങ്ങൾ പ്രാക്ടിക്കലാവുന്നത്.ഉസ്താദ് ഹാഫിള് അബ്ദുസ്സലാം മുസ്ലിയാരുടെ ശിക്ഷണമാണ് ഇതിനു കാരണം. ഫർള് നിസ്കാരങ്ങൾക്ക് മുമ്പും ശേഷവുമുള്ള സുന്നത്ത് നിസ്കാരങ്ങളെല്ലാം നിർവ്വഹിക്കണമെന്നത് ഉസ്താദിൻ്റെ നിർബന്ധമാണ്. കേവലം ഫാതിഹ മാത്രം ഓതിയാൽ പോരാ.വജ്ജഹ്തും സൂറത്തുമെല്ലാം ഓതണം. വാരിദായതാണെങ്കിൽ അതുതന്നെ. വിത്റ് നിസ്കാരത്തിൽ നിയമം നിർബന്ധമായും പാലിക്കണം. നിസ്കാരത്തിൽ അലസത കാണിച്ചാൽ പിന്നെ കാര്യം കട്ടപ്പോക്ക്.ശിക്ഷ എന്തെന്ന് ഊഹിക്കാൻ വയ്യ. ചിലപ്പോൾ അമ്പതോ നൂറോ റകാഅത്ത് നിസ്കാരം.അതല്ലെങ്കിൽ നിസ്കാരത്തിലെ ദിഖ്റുകൾ നൂറ് തവണ എഴുതൽ... മറ്റ് ദിവസങ്ങളിൽ ചൂരൽ കശായം... എല്ലാം ഒന്നിനേക്കാളൊന്ന്മെച്ചം.*
*കോഴിക്കോട് മൂരിയാട് ദർസിൽ ഉസ്താദ് അബ്ദുറഹ്മാൻ സഖാഫിയിൽ നിന്നും ജമാഅത്ത് നിസ്കാരത്തിൻ്റെ ഗൗരവവും ശ്രേഷ്oതയും മനസ്സിലാക്കി. സുബ്ഹ് നിസ്കാരം കഴിഞ്ഞാലുടൻ ആരംഭിക്കുന്ന ക്ലാസ്സുകൾ രാത്രിവരെ നീളും. പക്ഷെ ഒരു ജമാഅത്ത് പോലും ഉസ്താദ് നഷ്ടപ്പെടുത്താറില്ല. ജമാഅത്തിൻ്റെ മുൻനിരയിലെ ഉസ്താദിൻ്റെ സാന്നിധ്യമായിരുന്നു വിദ്യാർത്ഥികൾക്ക് ഉദാത്ത മാതൃക*.
നിസ്കാരം സമ്മാനമായി ലഭിച്ച റജബിൻ്റെ പവിത്ര ദിവസങ്ങളിലും പള്ളികൾ പൂട്ടിക്കിടക്കുമ്പോൾ കണ്ണുകൾ നിറയുന്നു.പക്ഷെ വീടുകൾ നിസ്കാര ജമാഅത്ത് കൊണ്ട് ധന്യമാകണം.വീട്ടുകാരെ പങ്കെടുപ്പിച്ച് നിസ്കാരങ്ങൾ ജമാഅത്തായി നടത്തിയാൽ കുട്ടികൾക്ക് അതൊരു പാoമായി മാറും.അനുഭവങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവുകൾക്ക് മൂല്യശോഷണം സംഭവിക്കെല്ലന്നതാണ് നേര്.



No comments:
Post a Comment