9400397681
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിൽ എത്തിയത്. കുറിപ്പെഴുമ്പോൾ 10 ദിവസം പിന്നിടുന്നു. വീട്ടുവളപ്പിൽ നിന്ന് പുറത്തിറങ്ങാത്ത ജീവിതത്തിലെ ആദ്യ അനുഭവം."തിന്നുക, കാഷ്ഠിക്കുക, ഉറങ്ങുക," എന്നീ മൂന്ന് ആവശ്യങ്ങളിൽ മാത്രം ജീവിതം പരിമിതപ്പെടുന്ന അനർഘവും അസുലഭവുമായ ദിനങ്ങൾ...
കൊറോണ മഹാമാരി മഹാ വിപത്തായി മാറിയിരിക്കുന്നു. മാംസവും മത്സ്യവുമില്ല.ബിരിയാണി,പൊറോട്ട,ചപ്പാത്തി, കുബ്ബൂസ് തുടങ്ങിയവയുടെ രുചിയോർത്ത് നാവിൽ വെള്ളമൂറാൻ മാത്രം വിധി.കല്യാണമോ,നേർച്ചകളോ ഇല്ല.പൊതുയോഗങ്ങളോ ചെറുമീറ്റിംഗുകളോ ഇല്ല.പരസ്പരം കാണാനും കൂടാനും സാതന്ത്ര്യമില്ലാത്ത ജാഗ്രതകാലം.
'തിരക്കുകൾ' പറത്ത് മുഖം തിരിച്ച് നടന്നവർ മുഴുസമയവും ഓൺ ലൈനിൽ ആളെ കാത്തിരിക്കുന്നു...
അലങ്കൃത ലോകത്ത് അപ്രതീക്ഷിതമായി വന്ന അടിയന്തിരാവസ്ഥ....
എല്ലാം പ്രകൃതിയുടെ ശാപം....
കഞ്ഞിക്ക് വേണ്ടി അരി കഴുകുമ്പോൾ ഒരു മണി പോലും പുറത്ത് വീഴാതിരിക്കാൻ പട്ടാളക്കണ്ണ് പ്പോലെ ദൃഷ്ടി പതിപ്പിച്ചിരുന്ന ഉമ്മയും ഭക്ഷണം കഴിക്കുമ്പോൾ വറ്റ് താഴെ വീണാൽ പെറുക്കിയെടുത്ത് തീറ്റിച്ചിരുന്ന ഉപ്പയും നിരന്തരം ഉപദേശിച്ചിരുന്ന വാക്കുകൾ കർണ്ണപുടങ്ങളിൽ തിരമാലപോലെ അലയടിക്കുന്നു." മക്കളേ.. വജീനം ചാടരുത്. ഇന്നല്ലെങ്കിൽ നാളെ കൈകടിക്കേണ്ടി വരും"...
അവരായിരുന്നു ശെരിയെന്ന് അക്ഷരാർത്ഥത്തിൽ കാലം സമ്മതിച്ചു.അന്നത്തിന് അരിയില്ലാതെ കരയുന്ന കണ്ണുകൾ, വിഷപ്പടക്കാൻ ആവശ്യത്തിന് ഭക്ഷണം കിട്ടാതെ മനം നോവുന്ന വീട്ടമ്മമാർ... ഇങ്ങനെ നീളുന്നു മനുഷ്യൻ്റെ ആവലാതികൾ...
വീട് വെച്ച് മിച്ചം വരുന്ന പറമ്പിൽ തിന്നാനുള്ള നെൽകൃഷിക്കൊപ്പം പച്ചക്കറികളും പഴവർഗ്ഗങ്ങളും തേങ്ങയും അടക്കയുമെല്ലാം യഥേഷ്ടം ലഭിച്ചിരുന്ന പഴയകാലം.ഉപ്പയും ഉപ്പാപ്പമാരും കൃഷി ചെയ്‌ത് നയിച്ച ജീവിതം ഓർത്തിരിക്കാനെ നമുക്കാവൂ.
തോട്ടത്തിലുണ്ടായിരുന്ന കരിമ്പും ഉണ്ടപ്പുളിയും പുണാർപ്പുളിയും ചക്കയും മാങ്ങയുമായിരുന്നു ഞങ്ങളുടെ ഇടവേള ഭക്ഷണം.
ചെറുപയറും ചേമ്പും മുണ്ടിയും താളും ചക്കയും ചക്കക്കുരുവും കശുവണ്ടിയുമായിരുന്നു വീട്ടിലെ സ്പഷ്യൽ കറികൾ...മഴക്കാലത്തെ കൂൺ കറി ഇറച്ചിക്ക് സമാനം.
ഞാനും പാത്തു അമ്മായിയും(അമ്മാവൻ ഫക്രുദ്ധീൻ്റെ ഭാര്യ) പഴയകാലത്തെ സുന്ദരമായ ജീവിതം പറഞ്ഞിരിക്കുമ്പോഴാണ് അമ്മായുടെ മകൻ സുബൈർ കയറി വന്നത്.
" മുത്തേ മീൻ പിടിക്കാൻ പോയാലോ"...
സുബൈറിൻ്റെ വാക്കുകൾ എന്നെ ആഹ്ലാദ ചിത്തനാക്കി.കൂട്ടിലിട്ട പക്ഷിയെ തുറന്ന് വിട്ടാലുള്ള നിർവൃതി... ഒടുവിൽ ഞങ്ങൾക്കൊപ്പം ജ്യേഷ്ഠസഹോദരൻ അബൂബക്കറും അളിയൻ ചപ്പുവും കൂടെവന്നു...
മീൻ പിടുത്തം കുടിക്കാലത്തെ ഹരമാണ്. സഹപാഠികൾക്കൊപ്പം നാട്ടിലെ തോട്ടിൽ നിന്ന് മീൻ പിടിച്ച് വീട്ടിൽ കൊണ്ട് പോയി ഉമ്മക്ക് കൊടുക്കും. അന്നത്തെ ദിവസമായിരിക്കും പള്ള നിറഞ്ഞ് ചോറ് കഴിച്ചിരുന്നത്. അത്രയ്ക്കും സ്വാദായിരുന്നു ഉമ്മ വെച്ച മീൻ കറിക്ക് .തോട്ടിലും കുളത്തിലുമുള്ള ചെറുമീനുകൾ കൊണ്ട് ഉണ്ടാക്കുന്ന കറികൾ മൂന്നാല് ദിവസങ്ങൾ കൂട്ടിയാലും കൊതിതീരൂല.
വേനൽ ആയാൽ പറമ്പിലെ കുളം വറ്റിച്ച് വൃത്തിയാക്കുമ്പോൾ കിട്ടിയിരുന്ന ചെറുമീൻ വീട്ടുകാർക്ക് പെരുന്നാൾ അമ്പിളിയാണ്.ചളിയിൽ പൂണ്ട് കിടക്കുന്ന മുകുടുകളെ പിടിക്കാൻ സാഹസപ്പെടുന്ന ഞങ്ങൾക്കിടയിലേക്ക് ഉപ്പ വന്ന് കൂസലില്ലാതെ പിടിച്ച് കൈയ്യിൽ തരും. പിന്നെ ഏറെ നേരം അതിനൊപ്പം കൂടും. ചത്താലും ചാവാത്ത മീൻ വർഗ്ഗമാണ് മുകുട്. ചിലപ്പോൾ കൈയ്യിൽ കുത്തും. അതോടെ മീൻ കളി തീരും..
"ഉമ്മാ കൈ പോയി"... ന്ന് പറഞ്ഞ് അലറി ഓടും.. മീൻ കറി ഉള്ള ദിവസം ഉറങ്ങൂല. മീൻ പിടിച്ച കഥകൾ കൂട്ടുകാരോട് പറയാൻ നേരം വെളുക്കാൻ കാത്തിരിക്കും. അതൊരു ദിനമായിരുന്നു. രാവിലെ മദ്റസയിൽ എത്തിയാൽ സഹപാഠികളോട് മീൻ കഥ പറഞ്ഞ് ചിരിക്കും.ചിരി എങ്ങാനും ഉസ്താദിന് കണ്ടാൽ പിന്നെ പറയണ്ട... ഖറ മയ്യത്ത്.."സിനിമയെ വെല്ലുന്ന അടിപൂരം.
കുളത്തിലെ മീനും പറമ്പിലെ കൃഷിയും ഉണ്ടാകുമ്പോൾ പട്ടിണിയും പരിഭവവും ഇല്ല.പള്ള നിറച്ച് തിന്നാൻ മാത്രം ഫലം കായ്ച്ചിരുന്ന പ്ലാവും മാവുമെല്ലാം വീടുകൾക്ക് വഴിമാറിയപ്പോൾ പ്രകൃതിയുടെ പരീക്ഷണങ്ങൾക്കു മുന്നിൽ തല കുനിക്കാൻ മാത്രമേ നമുക്കാവൂ...
നഗര ജീവിതം തേടി പ്പോയവർക്കുള്ള പാഠമാണ് പ്രകൃതി കൊറോണയിലൂടെ നൽകിയത്.
പറമ്പിൽ സ്വകരങ്ങൾക്കൊണ്ട് ചെയ്യുന്ന കൃഷിയേക്കാൾ നല്ല അമൃതാഹാരമില്ലെന്നും അധ്വാനമാണ് ആരോഗ്യം മെന്നും ഇനിയെങ്കിലും നാം തിരിച്ചറിയണം.സമ്പുഷ്ഠമായ ആരോഗ്യ വീണ്ടെടുപ്പിനും വിഷമതകളില്ലാത്ത ജീവിതത്തിനും മനുഷ്യൻ കർഷിക പരിചരണം നടത്തിയേ മതിയാവൂ...
വീട്ടിൽ വിളയിച്ചിരുന്ന പച്ചക്കറികളും ഫലവർഗ്ഗങ്ങളായ തണ്ണിമത്തൻ,പപ്പായ, പേരക്ക, നെല്ലിക്ക,സപ്പോട്ട,വാഴപ്പഴം,ചക്കപ്പഴം,ചാമ്പങ്ങ, തുടങ്ങിയവയിലേക്ക് വീട്ടുകാർ തിരിച്ച്പോയാൽ വരും കാല കൊറോണ കളിൽ നിന്നും രക്ഷനേടാം.
അതാണ് ഈ കൊറോണ കാലം നമുക്ക് നൽകുന്ന സന്ദേശം.


No comments:
Post a Comment