Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, April 3, 2020

ത്വാഹിർ തങ്ങൾ: ആത്മീയ നിരയിലെ വിസ്മയം

ഇന്ന് ശഅബാൻ 10:ത്വാഹിർ തങ്ങളുടെ വഫാത്ത് ദിനം:
ഫാത്തിഹ ഓതിഹദ്യ ചെയ്യുമല്ലോ..

ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച
9400397681

സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിൽ* ഇടം പിടിച്ച നാടാണ് കോഴിക്കോട് ജില്ലയിലെ കൊന്നാര. കൊ ന്നാരയിലും കോഴിക്കോട് താലൂക്കിലും നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി ജനങ്ങളെ സമരഗോഥയിലിറക്കിയ അനിഷേധ്യ അമരക്കാരനാണ് സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ. അദ്ദേഹത്തിനെ ബ്രിട്ടീഷുകാർ നാടുകടത്തുകയോ തൂക്കിക്കൊല്ലുകയോ ചെയ്തിട്ടുണ്ടെന്നാണ് ചരിത്രം.1922 ജനുവരി 22ന് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിൽവെച്ച് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങളെ ബ്രിട്ടീഷ് പട്ടാളം അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് ചരിത്രത്തിൽ കാണാം. പിന്നീട് എന്ത് സംഭവിച്ചുവെന്നത് അവ്യക്തം...
ത്വാഹിറുൽ അഹ്ദൽ തങ്ങൾ മഖാം
സ്വാതന്ത്ര്യ സമര സേനാനിയായ സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങളുടെ മകൾ സയ്യിദത്ത് ശരീഫാ ഫാത്വിമ കുഞ്ഞിബീവിയുടെ മകനാണ് ശൈഖുനാ സൈനുൽ മുഹഖ്കീൻ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ...
 ഹിജ്റ 1404 ദുൽഹിജ്ജ 29ന്(1984 സെപ്തംബർ 25) വഫാത്തായ സയ്യിദ് മുഹമ്മദ് കോയഞ്ഞിക്കോയ തങ്ങളാണ് പിതാവ്.

കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാടാണ് ത്വാഹിർ തങ്ങളുടെ ജന്മസ്ഥലം.പിതാവ് കോയഞ്ഞിക്കോയ തങ്ങളുടെ നാട് മലപ്പുറം മമ്പാടാണ്. കൂളിമാടിൽ നിന്ന് വിവാഹം ചെയ്ത് അവിടെ താമസമാക്കുകയായിരുന്നു.
ഹിജ്റ 1365 ജമാദുൽആഖിർ 25 AD 1946 മെയ് 27നാണ് താഹിർ തങ്ങൾ ജനിക്കുന്നത്.
മാതാവ് ശരീഫാ ഫാത്വിമ ബീവി നിഫാസിൽ നിന്ന് ശുദ്ധിയായതിന് ശേഷം ആർത്തവമില്ലാതെ ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തതിനാലാണ് ത്വാഹിർ എന്ന പേര് വിളിക്കാൻ കാരണം.തിങ്കളാഴ്ച സുബ്ഹിയോടടുത്ത സമയത്താണ് തങ്ങൾ ഭൂജാതരായത്.
ത്വാഹിർ തങ്ങളുടെ നാലാം വയസ്സിൽ കുടുംബം മമ്പാട്ടേക്ക് താമസം മാറ്റുകയും. 17 വർഷത്തിന് ശേഷം  മമ്പാടിൽ നിന്ന്  വീണ്ടും കൂളിമാടിലേക്ക് വരികയും ചെയ്തു.
പിതാവ് തന്നെയാണ് പ്രഥമ ഗുരു.ഉപ്പയും ഉപ്പാപ്പമാരെല്ലാം ദീനീ പണ്ഡിതന്മാരും ഖാളിമാരുമാണ്.
"ഖാസിയാരകത്ത് എന്നാണ് ത്വാഹിർ തങ്ങളുടെ തറവാട് അറിയപ്പെട്ടിരുന്നത്.
വണ്ടൂർ മുഹമ്മദ് മുസ്ലിയാരാണ് മദ്റസയിലെ മറ്റൊരു ഗുരു. മഞ്ചേരിയിലെ ബഷീർ മുസ്ലിയാരുടെ കീഴിലും ഓതിയിട്ടുണ്ട്.
 മദ്റസ കഴിഞ്ഞാൽ രാത്രി നേരങ്ങളിൽ ഉമ്മയുടെ മേൽനോട്ടത്തിലായിരിക്കും പഠിക്കുക. മഗ്രിബ് നിസ്കാരം കഴിഞ്ഞാൽ ഇശാ വരെ ഖുർആൻ ഓതണം. ഖുർആൻ ഓത്ത് കഴിഞ്ഞാൽ മാലപ്പാട്ടും മൗലിദും ചൊല്ലിപ്പിക്കും.പാരായണത്തിൽ എന്തെങ്കിലും പിഴവ് വന്നാൽ ഉമ്മ തിരുത്തിക്കൊടുക്കും. ഖുർആൻ ഓതാതിരുന്നാൽ നിശാഫുഡ് പോലും തഴയപ്പെട്ടേക്കാം. അത്രയ്ക്കും കർശനമായിരുന്നു ഉമ്മയുടെ നിലപാട്. ദീനീ കാര്യങ്ങളിൽ മാതാവിൻ്റെ വിട്ടുവീഴ്ചയില്ലായ്മയാണ് ത്വാഹിർ തങ്ങളും സഹോദരങ്ങളും ആത്മീയ രംഗത്ത് ഉന്നതപടവുകൾ കീഴടക്കാൻ കാരണമെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
മമ്പാട്ടെ മുഹിമ്മാത്തുൽ ഇസ്ലാം മദ്റസയിലാണ് പ്രാഥമിക മതപഠനം.
1961 മുതൽ പളളിദർസ് പഠനം ആരംഭിച്ചു. മമ്പാട് അധികാരിയുടെ പള്ളിയിൽ ചാലിയപ്രം അബ്ദുല്ല മുസ്ലിയാരുടെ കീഴിലാണ് ദർസ് ഓതാൻ തുടങ്ങിയത്. 
ദർസ് ജീവിതം:
അസാധാരണ ബുദ്ധിവൈഭവം ത്വാഹിർ തങ്ങളുടെ പ്രത്യേകതയാണ്. ആത്മജ്ഞാനിയും അഗാധജ്ഞാനിയുമായ ചാലിയപ്രം അബ്ദുല്ല ഉസ്താദിൻ്റെ പoന രീതി മുതഅല്ലിംകളെ തൽപരരാക്കി. കിതാബ് വാങ്ങാൻ പോലും കാശില്ലാത്ത ദാരിദ്ര്യ കാലത്താണ് ത്വാഹിർ തങ്ങൾ പഠിച്ചു വളർന്നത്.ദാരിദ്രമായിരുന്നു തങ്ങളുടെ കുട്ടിക്കാല കൂട്ട്
നാളെ പഠിക്കാനുള്ള ഭാഗങ്ങൾ തലേ ദിവസം രാത്രി ഉസ്താദിൽ നിന്ന് കിതാബ് വാങ്ങി നോക്കി എഴുതും. ദിവസവും ഇങ്ങനെ എഴുതിയാണ് രിയാളുസ്സ്വാലിഹീൻ ഓതിപ്പഠിച്ചത്.
പച്ചക്കടല വാങ്ങി വീട്ടിൽ വറുത്ത് കവറിലാക്കി മമ്പാട് അങ്ങാടിയിൽ കൊണ്ടുപോയി വിൽക്കും. അങ്ങനെ കിട്ടുന്ന പൈസയാണ് കിതാബ് വാങ്ങാനും മറ്റ് പoന ആവശ്യങ്ങൾക്കും വേണ്ടി ഉപയോഗിച്ചിരുന്നത്.
ത്വാഹിർ തങ്ങൾക്കും മറ്റ് സഹോദരന്മാർക്കുമെല്ലാം കൈത്തൊഴിൽ അറിയാമായിരുന്നു. ഉപ്പയും ഉമ്മയും കൈതൊഴിൽ ചെയ്തിരുന്നു. പട്ടിണിയില്ലാതെ നാളുകഴിയാൻ എന്തെങ്കിലും വേല ചെയ്ത് ലഭിക്കുന്ന തുച്ഛമായ വേതനം മതിയായിരുന്നു. ദർസ് പoനത്തിന് ആവശ്യമായ പണം കണ്ടെത്താനും കൈ തൊഴിൽ കാരണമായി.
 ചാലിയപ്രം അബ്ദുല്ല മുസ്ലിയാർ നാല് വർഷത്തെ സേവനത്തിന് ശേഷം കൊടുവള്ളിക്കടുത്ത കരുവമ്പൊയിലിലേക്ക് ദർസ് മാറിയപ്പോൾ ത്വാഹിർ തങ്ങളും കൂടെ പോയി.കരുവമ്പൊയ്ലിലെ ദർസിൽ നിന്നും മമ്പാട്ടേക്ക് പോകാനുള്ള ബസ്കൂലി പോലും തങ്ങളുസ്താദിനുണ്ടായിരുന്നില്ല. പിന്നീട് താമസം കൂളിമാടിലേക്ക് ആയപ്പോൾ അധികവും കാൽനടയായാണ് വീട്ടിൽ പോകാറ്...
വീട്ടിൽ മൂന്ന് നേരം അടുപ്പ് പുകഞ്ഞിരുന്നത് അപൂർവ്വമാണ്. ദാരിദ്രത്തിൻ്റെ കൈപ്പുനീരിലും ദർസ് പoനത്തിൽ ഒന്നാമനായിരുന്നു തങ്ങൾ. ദർസിലെ വിദ്യാർത്ഥികൾക്കിടയിൽ തങ്ങൾ ഉസ്താദ് ജീവിത ശൈലിയിലും വ്യതിരക്തനായിരുന്നു. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കുകയും തഹജ്ജുദ് അടക്കുള്ള സുന്നത്ത് നിസ്കാരങ്ങൾ  നിർവഹിക്കുകയും ചെയ്തിരുന്നു.പ്രായം പത്ത് വയസ്സായപ്പോൾ തന്നെ ജീവിതം ഇത്തരുണത്തിൽ ചിട്ടപ്പെടുത്താൻ സാധിച്ചത് അവിടുത്തെ പ്രത്യേകതയാണ്.
ദർസിലെ ജൂനിയർ വിദ്യാർത്ഥികൾക്ക് കിതാബ് ചൊല്ലിക്കൊടുക്കാൻ ചാലിയപ്രം ഉസ്താദ് ഏൽപ്പിച്ചിരുന്നത് ത്വാഹിർ തങ്ങളെയായിരുന്നു.
ഉപരിപഠനം:
പള്ളിദർസിലെ ജ്ഞാനതപര്യക്ക് ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യയാണ് ഉപരിപഠനത്തിന് തെരഞ്ഞെടുത്തത്.1968- 69 കാലയളവിലാണ് തങ്ങളുസ്താദ് പട്ടിക്കാട് കോളേജിൽ എത്തുന്നത്.
അപ്പോഴും ദാരിദ്രമായിരുന്നു തങ്ങൾക്ക് കൂട്ട്. നാട്ടിൽ വന്നാൽ തിരിച്ച് പോകാൻ മതിയായ പൈസ കൈയ്യിലില്ലെങ്കിൽ കൂളിമാട് നിന്ന് ബസ് കയറി പകുതി വഴിയിൽ ഇറങ്ങും.പിന്നെ കിലോമീറ്ററോളം നടക്കും. വീണ്ടും ബസ് കയറും.... 
ഇത്തരം ത്യാഗോജ്വലമായ ജീവിതയാത്ഥാർത്യങ്ങളിൽ നിന്നാണ് ത്വാഹിർ തങ്ങളെന്ന പണ്ഡിത തേജസ്സ് വളർന്നു വരുന്നത്.. 
പട്ടിക്കാടിലെത്തിയ തങ്ങളുസ്താദ് ഗുരുവര്യർക്കും സഹപാഠികൾക്കും പ്രിയങ്കരനായി. കണ്ണിയത്ത് ഉസ്താദിനും ശൈഖുനാ ശംസുൽ ഉലമക്കും കോട്ടുമല ഉസ്താദിനുമെല്ലാം സ്നേഹനിധിയായ വിദ്യാർത്ഥിയായിരുന്നു തങ്ങൾ.
കോളേജ് ജീവിതത്തിൽ തങ്ങളിൽ നിന്നുണ്ടായ അത്ഭുത സംഭവം ഇന്നും സഹപാഠികൾ ഓർക്കുന്നു.
ഒരിക്കൽ ശംസുൽ ഉലമയുടെ മകളുടെ വീട്ടിൽ നിന്നും സ്വർണ്ണമാല കളവ് പോയി.ഉടനെ ശംസുൽ ഉലമ ത്വാഹിർ തങ്ങളോട് കാര്യം പറഞ്ഞു. തങ്ങളുസ്താദ് വീട്ടുകാരോട് ഖുർആനിലെ നിശ്ചിത ആയത്ത് ഓതാൻ പറഞ്ഞു.അതോടെ കളവ് പോയ മാലയുടെ ഉറവിടം കണ്ടെത്തുകയും ചെയ്തു.... 
നാലു വർഷത്തെ പഠനത്തിന് ശേഷം 1972 ൽ ഫൈസി ബിരുദം നേടി പുറത്തിറങ്ങി.

കർമ്മ ഗോഥയിൽ:...
പട്ടിക്കാട്ടെ പഠനം കഴിഞ്ഞ് റമളാനിൽ  സിയാറത്ത് ലക്ഷ്യം വെച്ച് ഉള്ളാളിലെത്തുകയും തിരിച്ച് പോകുമ്പോൾ കുമ്പളയിൽ ഇറങ്ങി സഹപാഠിയും പണ്ഡിതനുമായ ബെളളിപ്പാടി അബ്ദുല്ല മുസ്ലിയാർ ജോലി ചെയ്യുന്ന കുമ്പള കടവത്ത് പള്ളിയിലേക്ക് പോവുകയും ചെയ്തു. അവിടെന്ന്
ഉറുമി യൂസുഫ് ഹാജിയെ കാണാൻ ഇരുവരും കുമ്പളപളളിയിൽ എത്തി. യൂസുഫ് ഹാജിയുടെ നിർദ്ദേശമനുസരിച്ച് പുത്തിഗെ പഞ്ചായത്തിലെ ഉറുമി പള്ളിയിലെത്തിയ തങ്ങളും ബെള്ളിപ്പാടി ഉസ്താദും പള്ളി ഭാരവാഹികളെ കണ്ട് സംസാരിച്ചു.വെള്ളിയാഴ്ച ആയതിനാൽ ബെള്ളിപ്പാടി ഉസ്താദ് ഖുതുബ നിർവഹിച്ചു. ത്വാഹിർ തങ്ങൾ ജുമുഅ നിസ്കാരത്തിന് നേതൃത്വം നൽകുകയും ചെയ്തു... അതോടെ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഉറുമിക്കാരുടെ ഖതീബും മുദരിസുമായി മാറി..1973ലായിരുന്നു ഇത്.
 കണ്ണിയത്ത് ഉസ്താദിൽ നിന്ന് തദ്രീസിനുള്ള ഇജാസത്ത് സ്വീകരിച്ച് ശവ്വാൽ മാസത്തിൽ ദർസ് ആരംഭിച്ചു.യൂസുഫ് ഹാജിയാണ് ദർസ് ഉദ്ഘാടനം ചെയ്തത്. വേണ്ടത്രെ വാഹന സൗകര്യമില്ലാത്ത ഓണം കേറാമൂലയായിരുന്ന ഉറുമിയിൽ എത്താൻ കന്യപ്പാടി വഴിയായിരുന്നു യാത്ര. അധികവും കാൽനടയാവും...
ഉറുമി പള്ളിയിലാണെങ്കിൽ മുദരിസിനും മുതഅല്ലിംകൾക്കും വേണ്ടത്ര സൗകര്യവും ഉണ്ടായിരുന്നില്ല. എങ്കിലും ത്വാഹിർ തങ്ങളുസ്താദ് ആത്മാർത്തമായി സേവനം ചെയ്തു.
ഉറുമിയിൽ മുദരിസായിരിക്കുമ്പോൾ ഉണ്ടായ ഒരു സംഭവം മുഗു അബ്ദുല്ല ഹാജി ഇന്നും ഓർക്കുന്നു. "ഉറുമി ക്കടുത്ത നാട്ടക്കല്ലിലെ ഒരു വീട്ടിൽ പരിപാടിക്ക് വന്ന തങ്ങൾക്കൊപ്പം അബ്ദുല്ല ഹാജിയും ഉണ്ടായിരുന്നു. തിരിച്ച് പോകുന്നതിനിടയിൽ ഒരു സ്ഥലം ചൂണ്ടിക്കാട്ടി തങ്ങൾ പറഞ്ഞു "ഭാവിയിൽ അവിടെ ഒരു കൊല നടക്കും." വർഷങ്ങൾക്ക് ശേഷം നിശ്ചിത സ്ഥലത്ത് ഒരാൾ കുത്തേറ്റ് മരിക്കുകയുംചെയ്തു.
ഉറുമിയിലെ സേവന കാലത്ത് നിരവധി കറാമത്തുകൾ തങ്ങളുസ്താദിൽ നിന്നും നാട്ടുകാരും മറ്റുള്ളവരും അനുഭവിച്ചിട്ടുണ്ട്.
തൻ്റെ ദർസിൽ പഠിക്കുന്ന മുതഅല്ലിംകളുടെ പഠനത്തിന് വിഘാതമാവുന്നതൊന്നും ശൈഖുനയിൽ നിന്നും ഉണ്ടായിട്ടില്ല.
ഉറുമി മുദരിസായി സേവനം ചെയ്യുന്നതിനിടയിൽ പുത്തിഗെ പഞ്ചായത്തിലും പരിസരങ്ങളിലും സംഘടനാ വളർത്തുന്നതിന് മുഖ്യപങ്ക് വഹിക്കുമ്പോഴും ദർസ് ക്ലാസ്സ് മുടങ്ങിയിരുന്നില്ല.
സംഘടന രംഗത്ത്:
ശൈഖുനയുടെ സഹപ്രവർത്തകനായ സി.എൻ അബ്ദുൽ ഖാദിർ മാസ്റ്റർ അംഗഡിമുഗറിൽ താമസമാക്കിയതിന് ശേഷം പരിസരങ്ങളിൽ നടക്കുന്ന ബിദഈ പേക്കൂത്തുകളും  നാടിൻ്റെ വരണ്ട സാഹചര്യങ്ങളുമെല്ലാം ത്വാഹിർ തങ്ങളുസ്താദിനോട് പറഞ്ഞപ്പോൾ തങ്ങൾ ആവശപൂർവ്വം പ്രവർത്തന ഗോഥയിൽ ഇറങ്ങി..
അംഗഡി മുഗറിലെ പ്രമാണികളുടെ നേതൃത്വത്തിൽ നാട്ടിലും പരിസരങ്ങളിലുമുണ്ടായ ബിദഈവാഴ്ചക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയായിരുന്നു സ്വാതന്ത്ര്യ സമര സേനാനിയ സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങളുടെ പേരമകനായ ശൈഖുനാ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ.
സമസ്ത കേരള സുന്നീ യുവജന സംഘം രൂപീകരിച്ച് പ്രവർത്തനം ശക്തിപ്പെടുത്തി. പുത്തിഗെ പഞ്ചായത്തിലെ എല്ലാ നാടുകളിലും ത്വാഹിർ തങ്ങളുടെ നേതൃത്വത്തിൽ എസ് വൈ എസ് രൂപീകൃതമാവുകയും സുന്നീ സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. പകൽ അന്ധിയോളം ദർസ്ചൊല്ലിക്കൊടുക്കുന്ന തങ്ങളുസ്താദ് രാത്രി സമയങ്ങളിൽ സംഘടനാ പ്രവർത്തനവുമായി മുന്നോട് പോയി. അതോടെ പഞ്ചായത്ത് സുന്നീ കേന്ദ്രമായി മാറി...
1973 മുതൽ 80 വരെ ഉറുമിയിൽ സേവനം ചെയ്ത തങ്ങളുസ്താദ് പിന്നീട് നെല്ലിക്കുന്നിലേക്ക് മാറി.
1989 ൻ്റെ അവസാനം വരെ നെല്ലിക്കുന്നിൽ തുടർന്നെങ്കിലും എറണാകുളം സമ്മേളനത്തോടെ അവിടെ നിന്നും പിരിയേണ്ടിവന്നു. സമസ്ത ഭിന്നിപ്പിൻ്റെ വക്കിൽ എത്തി നിൽക്കുന്ന സങ്കീർണ്ണമായ പ്രതികൂല സാഹചര്യത്തിലും എറണാകുളം സമ്മേളന പ്രചരണ ഭാഗമായി നടത്തിയ ജില്ലയിലെ വാഹന പ്രചരണ ജാഥയുടെ നായകൻ ത്വാഹിർ തങ്ങളായിരുന്നു. കാസർകോടിൻ്റെ നെറ്റിയായ നെല്ലിക്കുന്നിലെ സേവനങ്ങളൊന്നും ഇതിന് തടസ്സമായില്ല. പ്രമാണിമാർക്കു മുമ്പിൽ പതുങ്ങിയിരിക്കാതെ ആദർശ രംഗത്ത് അടിയുറച്ച് നിൽക്കാൻ നെഞ്ചുറപ്പ് കാട്ടിയ നേതാവാണ് ശൈഖുനാ തങ്ങൾ ഉസ്താദ്.എറണാകുളം സമ്മേളനത്തോടെ നെല്ലിക്കുന്നിൽ നിന്നും പിരിയേണ്ടിവന്നു.പിന്നീട് ഒരു വർഷം സുളള്യ  മൊഗർപ്പണയിൽ മുദരിസായി .
1992 മുതൽ മുഹിമ്മാത്തിൻ്റെ ശിൽപ്പിയും മുദരിസുമായി വഫാത്ത് വരെ തുടർന്നു.ഉറുമിയിലെ സേവന കാലത്ത് പുത്തിഗെ പഞ്ചായത്തിൽ നടത്തിയ പ്രവർത്തനത്തിൽ നിന്നും പാoമുൾക്കൊണ്ടാണ് തങ്ങൾ സ്ഥാപന രംഗത്തേക്ക് വരുന്നത്. സ്ഥാപനത്തിലൂടെ നാടിൻ്റെ വിദ്യാഭ്യാസ പുരോഗതിയും സാംസ്കാരിക മുന്നേറ്റവും നടത്താൻ തങ്ങൾക്ക് സാധിച്ചു.
സുന്നീ പ്രസ്ഥാനത്തിന് ജില്ലയിലും കർണാടകയിലും വേരോട്ടമുണ്ടാക്കിയ പ്രധാനികളിലെ ചാലകശക്തി സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളാണ്.
ജില്ലാ സുന്നീ സെൻ്റർ അടക്കം നിരവധി സ്ഥാപനങ്ങൾ തങ്ങളുടെ ശ്രമഫലമായി ജില്ലയിൽ വളർന്നിട്ടുണ്ട്.
എസ് വൈ എസിൻ്റെ യൂണിറ്റ് പ്രവർത്തനത്തിലൂടെ പ്രസ്ഥാനരംഗത്ത്  കടന്നു വന്ന തങ്ങൾ പുത്തിഗെ പഞ്ചായത്ത് സാരഥ്യത്തിലും താലൂക്ക് കമ്മറ്റിയിലും ഇടം പിടിച്ചു.കാസർകോട് ജില്ലാ പ്രസിഡണ്ടായും സംസ്ഥാന ട്രഷററുമായെല്ലാം പ്രവർത്തിച്ചു.ഒപ്പം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗവുമായിരുന്നു.
ആത്മീയ രംഗത്തേക്ക്:
പoന കാലത്തെ ജീവിതം ആതീയതയിൽ ചിട്ടപ്പെടുത്തിയ തങ്ങളുസ്താദിൻ്റെ ആത്മീയ ജീവിതമാണ് അവിടുത്തെ ഉയർച്ചക്ക് നിമിത്തമായത്. പിതാവിൽ നിന്നും മറ്റ് പല മശാഇഖന്മാരിൽ നിന്നും ഇജാസത്ത് സ്വീകരിക്കുകയും ജീവിതത്തിൽ പതിവായി കൊണ്ടു നടക്കുകയും ചെയ്തു.
പിതാവ് സയ്യിദ് മുഹമ്മദ് അഹ്ദൽ കോയഞ്ഞിക്കോയ തങ്ങളിൽ നിന്ന് ഖാദിരിയ്യത്തുൽ ഹൈദ് റൂസിയയും ത്വരീഖത്തു രിഫായിയയും സ്വീകരിച്ചു. സുമ്മിൻ്റെയും തൽസമാവാത്തിൻ്റെയും ഇജാസത്തും സ്വീകരിച്ച്ത് പിതാവിൽ നിന്നാണ്. ഒരു പാട് ത്വരീഖത്തുകളും ഇജാസത്തുകളും ജീവിതത്തിൽ പുലർത്തിയ തങ്ങൾക്ക്
ആത്മീയ രംഗത്ത് ഉന്നതങ്ങളിൽ വിരാചിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നതിൻ്റെ ഒടുവിലെത്ത ഉദാഹരണമായിരുന്നു ശൈഖുനായെ രിഫാഇ ത്വരീഖത്തിൻ്റെ ഇന്ത്യൻ ഖലീഫയായി അവരോധിച്ചത്.  ശൈഖ് സ്വബാഹുദ്ധീൻ രിഫായി ബഗ്ദാദാണ് ഖലീഫയായി അവരോധിച്ച് സൈനുൽമുഹക്കികീൻ എന്ന അപരനാമം നൽകി അനുഗ്രഹിച്ചത്.
പിതാവിന് പുറമെ കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാർ, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ, ഇ കെ ഉമർഹാജി, കണ്ണിയത്ത് ഉസ്താദ്, താജുൽ ഉലമ ഉള്ളാൾ തങ്ങൾ, സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ തൃക്കരിപ്പൂർ, ഖാരിഅ ഹസൻ മുസ്ലിയാർ, നെടിയനാട് അഹമ്മദ് മുസ്ലിയാർ തുടങ്ങിയവരിൽ നിന്നും ഇജാസത്തുകൾ സ്വീകരിച്ചിട്ടുണ്ട്.
2006 സെപ്തംബർ 2ഹിജ്റ 1426 ശഅബാൻ 10 ശനിയാഴ്ച ശൈഖുനാ തങ്ങളുസ്താദ് ഇഹലോകവാസം വെടിഞ്ഞു.
നാഥൻ അവിടെത്തെ ദർജ ഉയർത്തട്ടെ.
തൻ്റെ ജീവിതത്തിൻ്റെ സിംഹഭാഗവും ചെലവഴിച്ച് വളർത്തിയ മുഹിമ്മാത്തിൻ്റെ മണിമുറ്റത്താണ് മഖ്ബറ...
കറാമത്ത്:
ജീവിതകാലത്തും വഫാത്തിന് ശേഷവും നിരവധി അത്ഭുത സംഭവങ്ങൾ ശൈഖുനയിൽ നിന്നുണ്ടായിട്ടുണ്ട്.
മുഹിമ്മാത്ത് മുദരിസും പ്രഗത്ഭ പണ്ഡിതനുമായ അബ്ദു ഹ്മാൻ അഹ്സനി ഉസ്താദ് ബാപ്പാലിപ്പൊനം ഒരു യാത്രയിൽ പങ്കുവെച്ച അനുഭവം ഇവിടെ കുറിക്കട്ടെ... 
തങ്ങളുസ്താദ് ഖാളിയായ കോഴിക്കോട് താത്തൂരിൽ മുദരിസായിരുന്ന ബീരാൻ കുട്ടി മുസ്ലിയാർ ഒരിക്കൽ മുഹിമ്മാത്തിൽ വന്നു. ളുഹ്ർ നിസ്കാരത്തിന് പള്ളിയിൽ കണ്ട അദ്ദേഹത്തെ അഹ്സനി ഉസ്താദ് പരിചയപ്പെടുകയും സ്വീകരിക്കുകയും ചെയ്തു.ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചപ്പോൾ സിയാറത്ത് കഴിഞ്ഞ് പെട്ടെന്ന് പോകേണ്ടതുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.
സിയാറത്ത് കഴിഞ്ഞതിന് ശേഷം അദ്ദേഹത്തിന് മനസാന്തരം ഉണ്ടായി. തിരക്കുകൾ മാറ്റിവെച്ചു അന്നത്തെ ദിവസം മുഹിമ്മാത്തിൽ താമസിക്കുകയും ഏറെ നേരം മഖാമിൽ ചിലവഴിക്കുകയും ചെയ്തു..
കിതാബുകൾ രചന നടത്തിയ ഗഹന പാണ്ഡിത്യത്തിൻ്റെ ഉടമയാണ് അദ്ദേഹം.നിരവധി മുതഅല്ലിംകൾ പഠിച്ചിരുന്ന അദ്ദേഹത്തിൻ്റെ ദർസ് പൊളിയുകയും കുടുംബ ജീവിതം ശിഥിലമാകുന്ന വക്കിലെത്തുകയും ചെയ്തപ്പോൾ പ്രശ്ന പരിഹാരത്തിനും മനസ്സമാധാനത്തിനുമായി തങ്ങളുസ്താദിൻ്റെ മഖാമിൽ എത്തുകയായിരുന്നു.
ഒരുമാസത്തിന് ശേഷം വീണ്ടും അദ്ദേഹം മുഹിമ്മത്തിൽ വന്നു. അന്നും അഹ്സനി ഉസ്താദിനെ കാണുകയും നടന്ന സംഭവങ്ങൾ വിവരിച്ചു.
കഴിഞ്ഞ വരവിൽ എനിക്കുണ്ടായ മല പോലെയുള്ള പ്രശ്നങ്ങൾ മഞ്ഞ് പോലെ ഉരുകിത്തീർന്നു.ഇനി ജീവിതത്തിൽ ഒരിക്കലും ദർസ് ജീവിതത്തിലേക്ക് മടങ്ങി വരാൻ കഴിയുമെന്ന് നിനച്ചില്ല.തങ്ങളുടെ മഖാമിൽ വന്ന് സിയാറത്ത് നടത്തിയതിന് ശേഷം
അത്ഭുതമെന്നോണം പ്രശ്നങ്ങളെല്ലാം തീർന്നു.
ഒരു വർഷം ശ്രമിച്ചാലും തിരിച്ച് വരാൻപ്രയാസമേകുന്ന  ദർസ് ഒരു മാസം കൊണ്ട് തിരികെ വന്നു. ഇന്ന് എൻ്റെ ദർസ് ഉദ്ഘാടനം കഴിഞ്ഞ് മുതഅല്ലിംകളുമായി തങ്ങളുടെ സിയാറത്തിന് വീണ്ടും ഇവിടെ വന്നതാണെന്ന് പറയുമ്പോൾ അദ്ദേഹത്തിൻ്റെ നയനങ്ങൾ നനഞ്ഞു....
(കൂടുതൽ വിവരങ്ങൾക്ക് വിനീതൻ എഴുതിയ അഹ്ദൽ തങ്ങൾ എന്ന പുസ്തകം വായിക്കുക)

No comments: