Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, April 16, 2020

പെറ്റമ്മയുടെ നോവ്..........

ഹാഫിള് അബ്ദുൽ മലിക് സഖാഫി ചിയ്യൂർ
രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന ശൈഖുനായുടെ ഓൺലൈൻ ബുഖാരി സബ്ഖിൽ പങ്കെടുക്കുന്നതിനു വേണ്ടി കൂടുതൽ നെറ്റ് വർക്ക് കിട്ടാനാണ് ഓപ്പൺ ടറസിലേക്ക് കയറിയത്...
മ്യാവൂ..മ്യാവൂ.......പൂച്ച കരയുന്നത് കേട്ട് തിരിഞ്ഞു നോക്കി...
അടുത്ത് വന്നിരുന്ന് എന്തൊക്കെയോ പറയുന്നതായി മനസ്സിലായി....അസാധാരണമായ ആ ശബ്ദത്തിൽ നിന്നും എന്തൊ വേവലാതിയാണെന്ന് മനസ്സിലായി...
പരിഹരിക്കാമായിരുന്നു പക്ഷെ ഭാഷ വശമില്ലല്ലോ.....?
കുറച്ച് നേരം അവിടെയിരുന്നു..പിന്നെ കസേരക്ക് ചുറ്റും രണ്ടു മൂന്ന് വട്ടം മണം പിടിച്ചു കറങ്ങിയ ശേഷം ഗോവണിയിറങ്ങി താഴേക്ക് പോയി..കാര്യം പിടികിട്ടാത്തത് കൊണ്ട് തന്നെ അതേ കുറിച്ച് പിന്നെ ആലോചിച്ചതുമില്ല....
കുറച്ച് കഴിഞ്ഞ് വീണ്ടും വന്നു....ഇടറുന്ന ശബ്ദവുമായി......
അവിടെങ്ങളിലെല്ലാം തിരയുന്നുണ്ടായിരുന്നു....
കുഞ്ഞുങ്ങളെ മുലയൂട്ടുന്നതും കൂടെ ചാടി മറിഞ്ഞ് ജീവിത പാഠങ്ങൾ പകർന്നു നൽകുന്നതും കാണാറുണ്ടെങ്കിലും കൂടുതൽ ശ്രദ്ധിക്കാറുണ്ടായിരുന്നില്ല.....ടറസിൽ ഉപയോഗ ശൂന്യമായി കിടന്നിരുന്ന മേശക്കുള്ളിലായിരുന്നു ആ കുടുംബം താമസമാക്കിയിരുന്നത്.
ഉച്ചയൂണിനു വേണ്ടി താഴെയിറങ്ങിയപ്പോ ഉമ്മയും മറ്റുള്ളവരും അതേ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു.രണ്ടു  ദിവസമായത്രേ മക്കളെ കാണാതായിട്ട്...
എവിടെയന്ന് ആർക്കും അറിയില്ല...
അതിന്റെ കരച്ചിൽ ആർക്കും സഹിക്കാനാവുന്നുമില്ല...കാരണം കുറേ നാളുകളായി വീട്ടിലെ ഒരു സ്ഥിരാംഗമായി കഴിഞ്ഞിരുന്നു അവൾ.ഉപ്പയോടു കൂടെ ഭക്ഷണം കഴിക്കും.നല്ല പോലെ കൊടുക്കണമെന്ന് ഉപ്പാക്കും ഉമ്മാക്കും നിർബന്ധമാണ്.
പെറ്റ തള്ളയുടെ വിയോഗ ശേഷം മറ്റൊരു പൂച്ചയുടെ സംരക്ഷമത്തിലായിരുന്നുവത്രേ ഇവൾ വളർന്നത് ..ഉമ്മ പറഞ്ഞത് കേട്ടപ്പോ അവരിലെയും മാനവിക മൂല്യങ്ങളെ കുറിച്ച് ആലോചിച്ചു പോയി........
മക്കളെ കാണാത്ത വിഷമത്തിൽ വീടു മുഴുക്കെ കരഞ്ഞു നടക്കുന്നത് കാണുമ്പോ മനസ്സ് പിടയും ആർക്കും...കിട്ടുന്ന ഭക്ഷണങ്ങളുമായി ടറസിനു മുകളിലേക്ക് മക്കളെ തേടിപ്പോകുന്നത് കാണുമ്പോ അറിയാതെ കണ്ണു നിറയും.......
ഓരോ വട്ടവും ആ കരച്ചിൽ കേൾക്കുമ്പോൾ ' എന്റെ മക്കളെ കണ്ടോ..'അവരെവിടെയാണ്....?
നിങ്ങളൊന്ന് അന്വേഷിക്കുമോ..?'എന്നൊക്കെ ചോദിക്കുന്നത് പോലെ അനുഭവപ്പെടും...
മക്കൾ നഷ്ടപ്പെടുന്നതിലെ മനോവ്യഥ എത്രമാത്രമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ..നിശ്ചിത പ്രായമെത്തിയാൽ സ്വന്തം മക്കളെ ആട്ടി വിടുന്നതാണ് മൃഗീയതയെങ്കിലും മക്കളോടുള്ള സ്നേഹത്തിന്റെ തോത് എത്രമാത്രമുണ്ടെന്ന് അവൾ നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു......
കൊണ്ടുപോയത് ആരാണെങ്കിലും തക്ക ശിക്ഷ നൽകണമെന്ന് നമ്മുടെ നീതി ബോധത്തെ തൊട്ടുണർത്തുന്നുണ്ട് ആ രോദനങ്ങൾ...
മനുഷ്യമക്കൾ കാപാലികമായി പിച്ചിച്ചീന്തപ്പെടുമ്പോ 'മൃഗീയത'എന്നു പറഞ്ഞ് വികാരം അടക്കിപ്പിടിക്കുന്ന നാം മൃഗങ്ങളിലെ മാനവികതയെ തിരിച്ചറിയാതെ പോകുന്നു...
അത്തരം പ്രവണതകളെ നമുക്ക് 'മാനവിക വൈകൃതം' എന്നു തന്നെ വിളിക്കാം....
ആ മിണ്ടാപ്രാണികൾക്ക് പേരുദോഷം വരുത്തണ്ടല്ലോ...
ഈ കാഴ്ചകൾ മനസ്സിനെ കൊണ്ടു പോയത് ആദ്യം കാശ്മീരിലെ ആസിഫ മോളുടെ വീട്ടിലേക്കാണ്.അവിടുന്നിങ്ങോട്ട് നന്ദനക്കുട്ടിയും കാപാലികരാൽ തിരോധാനപ്പെട്ടു പോയ പരസഹസ്രം മക്കളും ഒടുവിൽ അക്ഷരാഭ്യാസങ്ങളുടെ അമൃത് പകർന്നു കിട്ടേണ്ട അധ്യാപകനാൽ മാനം നഷ്ടപ്പെട്ട പാലത്തായിലെ എട്ടു വയസ്സുകാരി വിദ്യാർത്ഥിനിയും എല്ലാം മനസ്സിലൂടെ മിന്നി മറഞ്ഞു..കാരണം അവിടെയൊക്കെ നീറിപ്പുകയുന്ന മനസ്സുമായി ഒലിച്ചിറങ്ങുന്ന കണ്ണീർ കണങ്ങളെ വസ്ത്രത്തലപ്പ് കൊണ്ട് തുടച്ചു നീക്കുന്ന മാതൃ ഹൃദയങ്ങളുണ്ട്...
കാമ വെറിക്കു വേണ്ടി പിഞ്ചു പൈതങ്ങൾ അറുകൊല ചെയ്യപ്പെടുന്ന ഈ രാജ്യത്ത് ഇരകൾക്ക് നീതി നിഷേധിക്കപ്പെടുമ്പോഴും പെറ്റമ്മയുടെ നോവ് മാറ്റിയെടുക്കാൻ നമ്മുടെ സംവിധാനങ്ങൾ പര്യാപ്തമല്ല.........
പൂച്ചയുടെ കരച്ചിൽ ഇപ്പോഴും കാതുകളെയുെം മനസ്സിനെയും നൊമ്പരപ്പെടുത്തുന്നു........
ഇത്രയധികമുണ്ട് അവരിലെ മാനവികത....
പക്ഷെ അവരുടെ പ്രശ്നത്തിനു പരിഹാരം കാണാൻ കഴിയാത്ത അശക്തരാവുകയാണ് ഞങ്ങൾ.........
റബ്ബേ അവറ്റകളുടെ ശാപം ഞങ്ങൾക്കു നൽകല്ലേ അല്ലാഹ്...പൂച്ചയെ കെട്ടിയിട്ട് പ്രയാസപ്പെടുത്തിയ കാരണം നരകം വരിക്കേണ്ടി വന്ന സ്ത്രീയുടെ ചരിത്രം മുത്ത് നബി (സ്വ) ഞങ്ങൾക്ക് പഠിപ്പിച്ചിട്ടുണ്ട്.ആ കൂട്ടത്തിൽ പെടുത്തല്ലേ അല്ലാഹ്....

വേനൽ അതിശക്തമാണ്,മത്സ്യം വേണ്ടതു പോലെ കിട്ടാനില്ല,നമ്മളെല്ലാവരും കിളിക്കിണ്ണവും തണ്ണീർക്കുടങ്ങളും കെട്ടി തൂക്കിയിടുന്ന തിരക്കിലാണ്.ആ സമയം ചുവട്ടിലൂടെ ദാഹിച്ചു വലയുന്ന പൂച്ചകളെ മറന്നു പോകല്ലേ........ഒരു പാത്രം വെള്ള നിലത്ചും വെക്കണേ...

"മനസ്സുള്ളിൽ മാനവികത പൂത്തുലയട്ടെ 
അകമിൽ സഹജീവി സ്നേഹ സുമങ്ങൾ വിരിയട്ടെ".....

....

No comments: