ശംസുദ്ദീൻ പാടലടുക്ക
ദുൽ ഹജ്ജ് 4
നമ്മുടെ നാടിന് നഷ്ടപ്പെടുന്ന നമ്മുടെ വേണ്ടപ്പെട്ടവരുടെ അഭാവം ഒരിക്കലും നികത്താനാവുന്നതല്ല, ഒപ്പം എന്നും ഒരു ശൂന്യത പ്രകടമായി കാണുകയും ചെയ്യും. നമുക്കും നമ്മുടെ നാടിനും ഒരു വലിയ ശൂന്യത സൃഷ്ടിച്ച ഒരു വിട വാങ്ങലായിരുന്നു നമ്മുടെ ഹാജി പള്ളിക്കുഞ്ഞി മുസ്‌ലിയാർ പാടലട്ക്ക അവരുടേത്. അവരുടെ വിടവിലൂടെ നമുക്ക് നഷ്ടപ്പെട്ടത് ഒരു മികച്ച ബന്ധുവിനെയും, ഒരു നല്ല പണ്ഡിതനെയും, ഒരു മികവുറ്റ സാമൂഹിക പ്രവർത്തകനെയും, വിനയം കൈ മുതലാക്കിയ ഒരു മനുഷ്യനെയും ഒക്കെയായിരുന്നു. ആരോടും പരിഭവമോ ദേഷ്യമോ ഒന്നും കാണിക്കാതെ ശാന്തനായി വിടർന്ന പുഞ്ചിരിയോടെ എല്ലാവരോടും ആകർഷണീയമായ സ്വഭാവത്തോടെ പെരുമാറിയിരുന്ന ആ മുഖം പാടലട്ക്കയുടെ അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നതു കൊണ്ടാവാം ഓരോ മനസുകളിലും മരിക്കാതെ ഇന്നും ജീവിക്കുന്നത്.
നാട്ടിലെ ഓരോ വീടുകളിലെയും സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും സമയങ്ങളിൽ സാന്നിധ്യമറിയിച്ചു കൊണ്ടും പലരുടെയും നിത്യ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരത്തിന്റെ പ്രകാശം ചൊരിഞ്ഞും എല്ലാവർക്കും വളരെയധികം വേണ്ടപ്പെട്ടവരായി മാറിയിരുന്ന അവരുടെ ജീവിതം എല്ലാവർക്കും ഒരു മാതൃകയാണെന്നതിൽ സംശയമില്ല. അവർ പരത്തിയ വെളിച്ചത്തിന്റെ രശ്മികൾ നമ്മുടെ നാടിനെ കാലങ്ങളോളം ഇരുളടയാതെ കാക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
വിനയത്തിന്റെ ചെറിയ ചുവടുകളോടെ എളിമയുടെ ചെറു പുഞ്ചിരിയുമായി നമ്മുടെ വീഥികളിലും നമുക്കൊപ്പവും നടന്നിരുന്ന അവരുടെ സാന്നിധ്യം നാടിനും ജാതി മത ഭേദമന്യേ നാട്ടാർക്കും ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു.
ഒരിക്കലും പിരിയരുതെന്നാഗ്രഹിക്കുന്ന പലരും നമ്മെ വിട്ടു പോവുമ്പോൾ കണ്ണീർ തുള്ളികൾക്കു കഥ പറയാൻ ഒരു പാടുണ്ടാവുമ്പോഴും മനസിന്റെ കോണുകളിൽ തങ്ങി നിൽക്കുന്ന ഓർമ്മകൾ ഒരു മധുരം പോലെ, ഒരിളം കാറ്റ് പോലെ എവിടെയോ എങ്ങനെയോ നമുക്കാശ്വസമാവുന്നത് ഒരു പക്ഷെ അവർ ബാക്കി വെച്ച പ്രകാശത്തിൽ നിന്നാവാം!
കഴിയുന്നവർ അവർക്ക് ഖുർആൻ തഹ്‌ലീൽ തുടങ്ങിയ ഹദിയകൽ ചെയ്തു ദുആ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
അവരെയും നമ്മെയും നമ്മിൽ നിന്ന് വിട പറഞ്ഞു പോയ എല്ലാവരെയും അള്ളാഹു സ്വർഗ്ഗ പൂങ്കാവനത്തിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ! ആമീൻ


No comments:
Post a Comment