9400397681
*ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാർ വഫാത്തായി*. പഴമക്കാർക്ക് പവിഴവും പുതുമക്കാർക്ക് പുലരിയുമായ പണ്ഡിത ശ്രേഷ്ഠൻ.വിനയം മേൽവിലാസമാക്കിയ ഗുരുവര്യൻ, പരമ്പരാഗതമായി നിലനിന്നിരുന്ന പാതിരാ വയളുകളിൽ പതിനായിരങ്ങളുടെ മനം കവർന്നെടുത്ത പ്രഭാഷകൻ. ദക്ഷിണ കർണ്ണാടകയിലും ഉത്തര മലബാറിലും പ്രസിദ്ധനായ പ്രഭാഷകരിൽ ഒരാളാണ് ബെള്ളിപ്പാടി ഉസ്താദെന്ന അബ്ദുല്ല മുസ്ലിയാർ.നാല് പതിറ്റാണ്ടിലധികം നീണ്ട് നിന്ന ദർസീ സേവനത്തിൽ നിന്ന് ആയിരത്തിലധികം പണ്ഡിത തലമുറയെ വാർത്തെടുത്ത ഗുരുവര്യനാണ് ഉസ്താദ്.
1944ൽ മുളിയാർ പഞ്ചായത്തിലെ ബെള്ളിപ്പാടിയിലാണ് ജനനം. ആന്തു എന്ന അബ്ദുല്ലയുടെ മകൻ മുഹമ്മദ് ഹാജിയാണ് പിതാവ്.കാലിക്കച്ചവടക്കാരനായ ചെർക്കള മുഹമ്മദിൻ്റെ മകൾ സുലൈഖയാണ് മാതാവ്.
കലപ്പ പിടിച്ച് ഉഴുതുമറിച്ച മണ്ണിൽ വിള ചെയ്ത് ഉപജീവനം നടത്തിയിരുന്ന പിതാവ് നാട്ടിൽ അറിയപ്പെട്ട കർഷകരിൽ ഒരാളാണ്.
മുഹമ്മദ് ഹാജിയുടെ എട്ട് മക്കളിൽ മൂത്തയാളാണ് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാർ.
അബ്ദുറഹ്മാൻ ഹാജി, മൊയതീൻ ഹാജി, അബൂബക്കർ ഹാജി, ഇബ്റാഹിം ഹാജി, ഖദീജ, ആയിഷ, നബീസ എന്നിവർ ഉസ്താദിൻ്റെ സഹോദരങ്ങളാണ്.
പിതൃസഹോദരനും പണ്ഡിതനുമായ ബേർക്ക അബ്ദുല്ല മുസ്ലിയാരിൽ നിന്നാണ് ഖുർആനിൻ്റെ മധുനുകർന്നത്. ബെള്ളിപ്പാടിയിലെ ഓത്ത് പള്ളിയിൽ മൊല്ലാക്കയായിരുന്നു അവർ.
പള്ളി ജോലി കഴിഞ്ഞാൽ ഒഴിവ് സമയങ്ങളിൽ കൃഷിയും ചെയ്തിരുന്നു. എട്ടാം വയസ്സിൽ ആരംഭിച്ച ഖുർആൻ പഠനം 6 വർഷം തുടർന്നു. ബെള്ളിപ്പാടി ഉസ്താദിൻ്റെ കൂർമ്മ ബുദ്ധി മനസ്സിലാക്കിയ അബ്ദുല്ല മുസ്ലിയാർ കൈഫിയ്യത്ത് സ്വലാത്ത് പോലുള്ള കിതാബുകളും ചൊല്ലിക്കൊടുത്തിരുന്നു.
30 അണയാണ് അന്നത്തെ വേതനം. ഖുർആൻ പഠിച്ച് ഒരു ജുസുഉ എത്തിയാൽ ഉസ്താദുമാർക്ക് സ്പഷ്യൽ ഹദ്യയയും കുട്ടികൾക്ക് സീരണിയും നൽകിയിരുന്ന കുട്ടിക്കാല ഓർമ്മകൾ ബെള്ളിപ്പാടി ഉസ്താദിൻ്റെ മനസ്സിൽ വെളിച്ചം പരത്തി.
പതിനാലാം വയസ്സിൽ പള്ളി ദർസ്സിലെ തപര്യക്ക് വിത്തെറിഞ്ഞു. സ്വദേശമായ ബെള്ളിപ്പാടിയിൽ തന്നെയാണ് തുടക്കം.ബാലടുക്കം അബ്ദുറഹ്മാൻ മുസ്ലിയാർ എന്ന പണ്ഡിത വര്യനാണ് ഗുരു.പൊന്നാനിയിൽ പോയി വിളക്കത്തിരുന്ന് അവഗാഹം നേടി തലപ്പാവണിഞ്ഞ പണ്ഡിതനാണ് അദ്ദേഹം.40 ദിവസം വയള് പറഞ്ഞിരുന്ന പ്രഭാഷകനായിരുന്നു അബ്ദുറഹ്മാൻ മുസ്ലിയാർ.ദുൽഹിജ്ജ മാസത്തിലാണ് വഫാത്ത്.
ബാലടുക്കയിൽ നിന്ന് ദിവസം ബെള്ളിപ്പാടിയിൽ വന്ന് ദർസ് ചൊല്ലിക്കൊടുക്കുകയായിരുന്നു അദ്ദേഹം.നാട്ടുകാരായ വിദ്യാർത്ഥികൾ അദ്ദേഹത്തിന് കീഴിൽ കിതാബോതുമ്പോൾ വീട്ടുകാരോട് തൻ്റെ ആഗ്രഹം പങ്കുവെച്ചപ്പോൾ ബെള്ളിപ്പാടി ഉസ്താദിനെയും പറഞ്ഞയച്ചു. സ്വദേശികൾക്കുള്ള ദർസ് എന്ന ഖ്യാതിയും ബെള്ളിപ്പാടി പള്ളിയിലെ ദർസിന് ഉണ്ടായിരുന്നു.പത്ത് കിതാബും ഹുംദയും അദ്ദേഹത്തിന് കീഴിൽ പഠിച്ചു. ശേഷം ബെള്ളിപ്പാടിയിലെത്തിയ കക്കിടിപ്പുറത്തുകാരനായ മുഹ്യയദ്ധീൻ കുട്ടി മുസ്ലിയാരുടെ കീഴിൽ രണ്ട് വർഷം പഠിച്ചു. ബെള്ളിപ്പാടിയിൽ നിന്ന് വിവാഹം കഴിച്ച മുഹ്യദ്ധീൻ മുസ്ലിയാർ അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.ബെള്ളിപ്പാടിയിലാണ് അദ്ദേഹത്തിൻ്റെ ഖബർ.
ആ ഇടക്കാണ് ബെള്ളിപ്പാടി ഉസ്താദിൻ്റെ സുന്നത്ത് കല്യാണം നടക്കുന്നത്. സുന്നത്ത് ചെയ്തവരെ പള്ളിയിൽ കൊണ്ടു പോകലോടെ 'പുതിയാപ്പിള' എന്ന വിളിപ്പേര് വരും. പള്ളിയിൽ കൊണ്ടുപോകുന്ന ചടങ്ങ് കഴിഞ്ഞാൽ കുടുംബ വീടുകളിൽ സൽക്കാരത്തിന് ക്ഷണിക്കുന്ന നാട്ടുനടപ്പ്
ബെള്ളിപ്പാടിയിലും ഉണ്ടായിരുന്നു.
സുന്നത്ത് കല്യാണത്തിൻ്റെ സൽക്കാരത്തിനായ് ബേവിഞ്ചയിലെ കുടുംബ വീട്ടിൽ എത്തിയ ബെള്ളിപ്പാടി ഉസ്താദിന് പ്രസ്തുത നാട്ടിലെ പള്ളിയിൽ നടന്ന വയളാണ് മുതഅല്ലിമാകാനുള്ള ആഗ്രഹം ഉണ്ടാക്കിയത്. മുട്ടത്തോടിക്കാരനായ അബ്ദുല്ല മുസ്ലിയാരായിരുന്നു പ്രഭാഷകൻ.
ഇൽമിൻ്റെ മഹത്വവും മുതഅല്ലിമിൻ്റെ ശ്രേഷ്ഠതയുമായിരുന്നു പ്രതിപാത വിഷയം.പ്രഭാഷണത്തിൽ ആകൃഷ്ടനായ ബെള്ളിപ്പാടി ഉസ്താദിൻ്റെ മനസ്സിൽ മുതഅല്ലിമാകാനുള്ള ആഗ്രഹം കടൽതിര പോലെ അലയടിച്ചു.
ഒടുവിൽ ഇൽമിൻ്റെ പഥികനായി ഉസ്താദ് നാടുവിട്ടു. വീട്ടുകാർക്കറിയിക്കാതെയുള്ള നാടുവിടൽ നാട്ടിൽ ചർച്ചയായി.
പരിസര പ്രദേശത്തെ പ്രസിദ്ധമായ ദർസുകളിലൊന്നായിരുന്നു നെല്ലിക്കുന്നിലെ പള്ളിദർസ്. ഉസതാദിനെ തേടി കുടുംബക്കാർ നെല്ലിക്കുന്നിൽ എത്തിയപ്പോഴാണ് ശൂഭ്രവസ്ത്രധാരികളായ മുതഅല്ലിംകൾക്കൊപ്പം ഉസ്താദിനെയും കാണാനിടയായി...
പഴയങ്ങാടി അവറാൻ കുട്ടി മുസ്ലിയാരായിരുന്നു നെല്ലിക്കുന്നിലെ ഗുരു. ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം സ്ഥലം മാറി. മഞ്ചേരി അബ്ദുല്ല മുസ്ലിയാരാണ് പിന്നീട് മുദരിസായി വന്നത്. ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹവും സ്ഥലം മാറി.ശേഷം അബ്ദുൽ ഖാദിർ മുസ്ലിയാർ ശർഖാവി നെല്ലിക്കുന്നിൽ മുദരിസായി വന്നു.അതോടെ ബെള്ളിപ്പാടി ഉസ്താദ് അദ്ദേഹത്തിനൊപ്പം കൂടി.മൂന്ന് വർഷം ശർഖാവിക്ക് കീഴിൽ പഠിക്കുകയും ശേഷം താജുശ്ശരീഅ ശൈഖുനാ അലിക്കുഞ്ഞി ഉസ്താദിന് കീഴിൽ പഠിക്കാനായി കുമ്പോലിൽ പോയി.3 വർഷം അവിടെ പഠിക്കുകയും പിന്നീട് നെല്ലിക്കുന്നിലേക്ക് തിരിച്ച് പോവുകയും ചെയ്തു.വീണ്ടും രണ്ട് വർഷം ശർഖാവിയുടെ കീഴിൽ പഠിച്ച് നെല്ലിക്കുന്നിൽ കണ്ടത്തിൽ പള്ളിയിൽ ഇമാമായി സേവനം ആരംഭിച്ചു. മതപoന ക്ലാസ്സുകൾക്ക് നേതൃത്വം നൽകിവരുന്നതിനിടയിലാണ് മുട്ടത്തൊടിയിലേക്ക് ഖതീബായി ക്ഷണിക്കുന്നത്. പക്ഷെ കണ്ടത്തിൽപള്ളിയുടെ മുതവല്ലിയായിരുന്ന സി ടി എം മൊയ്തീൻ കുഞ്ഞി ഹാജി പട്ടിക്കാട് കോളേജ് പ്രിൻസിപ്പളായിരുന്ന ശൈഖുനാ ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർക്ക് ഫോൺ ചെയ്ത് കോളേജിൽ അഡ്മിഷൻ വാങ്ങിക്കൊടുത്തു.ശംസുൽ ഉലമയുമായി അഭേദ്യബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു സി ടി എം മൊയ്തീൻ കുഞ്ഞി ഹാജി.
കണ്ടെത്തിൽ പള്ളിയിൽ വിപുലമായ യാത്രയ്പ്പും സംഘടിപ്പിച്ചു. ആയിരം രൂപ ഹദ്യ നൽകിയാണ് ബെള്ളിപ്പാടി ഉസ്താദിനെ കോളേജിലേക്ക് യാത്രയാക്കിയത്...
1971ൽ ഫൈസി ബിരുദം നേടി പുറത്തിറങ്ങി.
ഉപ്പിനങ്ങാടി ടൗൺ ജുമാ മസ്ജിദിലാണ് പ്രഥമ സേവനം.
കോളേജ് കഴിഞ്ഞ് നാട്ടിൽ എത്തിയ ബെള്ളിപ്പാടി ഉസ്താദ് അഡ്യാർ കണ്ണൂർ മുഹമ്മദ് ഹാജിയോട് ദർസ് ആക്കിത്തരാൻ പറഞ്ഞു. മുഹമ്മദ് ഹാജി മംഗലാപുരത്ത് പോകാൻ പറഞ്ഞു. ബദ്രിയ്യ അബ്ദുറസ്സാഖിൻ്റെ വീട്ടിൽ പോയി ചാപ്പനങ്ങാടി ഉസ്താദിനെ കാണുകയും കാര്യം ധരിപ്പിക്കുകയും ചെയ്തു...
"ഉസ്താദിനെ കാണൂ... ഉസ്താദിനെ കാണൂ.." എന്നായിരുന്നു ചാപ്പനങ്ങാടി ഉസ്താദിൻ്റെ പ്രതികരണം.
ഒടുവിൽ അലിക്കുഞ്ഞി ഉസ്താദിനെ കുമ്പള ടൗണിൽ കണ്ടുമുട്ടി. കണ്ട ഉടനെ അലിക്കുഞ്ഞി ഉസ്താദ് പറഞ്ഞു "നിന്നെ ഞാൻ തേടുന്നത് രണ്ട് നാളായി,ഉപ്പിനങ്ങാടിയിലേക്ക് മുദരിസായി പോകണം., "
കുമ്പക്കോട് നിന്നും മുതഅല്ലിംകളെ സംഘടിപ്പിച്ച് ഏണിയാടി മഖാം സിയാറത്ത് ചെയ്ത് അലിക്കുഞ്ഞി ഉസ്താദിനെ കാണാൻ കുമ്പോലിൽ എത്തി. രാവിലെ കുമ്പോൽ തങ്ങളെക്കൊണ്ട് ദുആര്പ്പിച്ച് ഉപ്പിനങ്ങാടിയിലേക്ക് പുറപ്പെട്ടു.
അലിക്കുഞ്ഞി ഉസ്താദ് ഫത്ഉൽ മുഈൻ ഓതിക്കൊടുത്ത് ദർസ് ഉദ്ഘാടനം നിർവ്വഹിച്ചു. ആരംഭ ദിവസം തന്നെ മുപ്പതോളം മുതഅല്ലിംകൾ ഉണ്ടായിരുന്നു. പിന്നീട് നൂറിലധികം മുതഅല്ലിംകളുള്ള വലിയ ദർസായി ബെള്ളിപ്പാടി ഉസ്താദിൻ്റെ ദർസ് മാറി.3 വർഷത്തെ സേവനത്തിന് ശേഷം ദർസ് സുളള്യയിലേക്ക് മാറി.സുള്യ ടൗൺ ജുമാ മസ്ജിദിൽ 9 വർഷം ദർസ് നടത്തി. പിന്നീട് കാസർകോട് ജില്ലയിലെ പെർളക്കടുത്ത മർത്യയിൽ വന്നു. 20 വർഷം അവിടെ തുടർന്നു.പിന്നീട് കുമ്പോലിലേക്കാണ് പോയത്. 3 വർഷം അവിടെ മുദരിസായി സേവനം ചെയ്തതിന് ശേഷം 2008ൽ മുഹിമ്മാത്ത് ശരീഅത്ത് കോളേജിൽ ചാർജെടുത്തു.12 വർഷം മുഹിമ്മാത്തിൽ സേവനം ചെയ്ത ഉസ്താദ് സ്ഥാപനത്തിൻ്റെ വെളിച്ചമായിമാറി.
*ത്വാഹിർ തങ്ങളോട് പട്ടിക്കാട് കോളേജിൽ നിന്നും തുടങ്ങിയ ബന്ധമാണ് ഉസ്താദിനെ മുഹിമ്മാത്തിൽ എത്തിച്ചത്*.
ത്വാഹിർ തങ്ങളെന്ന വിപ്ലവ നവോത്ഥാന നായകന് തുളുനാടിൻ്റെ മണ്ണും മനസ്സും പരിചയപ്പെടുത്തിയത് ബെള്ളിപ്പാടി ഉസ്താദായിരുന്നു.ഉറുമി പളളിക്ക് മുദരിസായി വന്ന ത്വാഹിർ തങ്ങളെ ഉറുമിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും നാട്ടുകാർക്ക് തങ്ങളെ പരിചയപ്പെടുത്തിയതും ഉസ്താദാണ്.പിന്നീട് നിഴൽ പോലെ തങ്ങളുടെ കൂടെ നടന്നവരിൽ പ്രധാനിയാണ് ഉസ്താദ്. സ്ഥാപനത്തിൻ്റെ ആരംഭ ഘട്ടത്തിൽ വിവിധ സ്ഥലങ്ങളിൽ വയള് പറഞ്ഞ് സ്ഥാപനത്തിൻ്റെ വളർച്ചയിൽ തണലായി നിൽക്കാനും ബെള്ളിപ്പാടി ഉസ്താദിന് സാധിച്ചിട്ടുണ്ട്.
പട്ടിക്കാട്ടിൽ പഠിക്കുമ്പോൾ തന്നെ മലബാർ മേഖലകളിലെ മതപ്രഭാഷണ വേദികളിൽ സ്ഥിര പ്രതിഷ്ഠ നേടാൻ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാർക്ക് സാധിച്ചിട്ടുണ്ട്.
പൊന്നാനി കടപ്പുറത്തും പാലക്കാട് തിരുവാഴം കുന്നിലും പള്ളിപ്പണിയാൻ പിരിവെടുത്ത് കൊടുത്തത് കാസർകോട്ടുകാരനായ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരാണ്.
ഒരിക്കൽ ശംസുൽ ഉലമ പറഞ്ഞു "നീ വയള് പറയ്, തങ്ങൾ ദുആര്ക്കട്ടെ"( ത്വാഹിർ തങ്ങളെയാണ് ഉദ്ധേശം) ശംസുൽ ഉലമയുടെ ആശീർവാദമാണ് ബെള്ളിപ്പാടി ഉസ്താദിനെ പ്രഭാഷണ രംഗത്ത് ഉന്നതിയിലെത്തിച്ചത്.
ഉസ്താദിൻ്റെ പ്രഭാഷണ ഫലമായി നിരവധി സ്ഥലങ്ങളിൽ പള്ളിയും ദർസും മദ്റസയും സ്ഥാപിതമായിട്ടുണ്ട്. ബദിയടുക്കക്കടുത്ത കന്യപ്പാടി ടൗൺ മസ്ജിദിൻ്റെ നിർമ്മാണ ഫണ്ട് ഉണ്ടാക്കിക്കൊടുത്തതും ഉസ്താദാണ്.
1977ലാണ് ആദ്യ ഹജ്ജ്.കപ്പൽമാർഗമായിരുന്നു യാത്ര. മൂന്ന് പ്രാവശ്യം ഹജ്ജ് ചെയ്തിട്ടുണ്ട്.
1972 ലാണ് വിവാഹം.പള്ളിമൊയ്ല്യാർച്ചയെന്ന ആദൂർ മുഹമ്മദ് മുസ്ലിയാരുടെ മകൾ നഫീസയാണ് ഭാര്യ.
മുഹമ്മദ്,സിദ്ദീഖ്, ഉമറുൽഫാറൂഖ്,ഹംസ,ഉസ്മാൻ, മുഹമ്മദ് അലി ഹിമമി സഖാഫി,യൂസുഫ്,സൗദ
എന്നിവർ മക്കളാണ്.
താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി ഉള്ളാൾ തങ്ങളിൽ നിന്ന് ഖാദിരിയ്യ ത്വരീഖത്തും ദലാഇലുൽ ഖൈറാത്തിൻ്റെയും നാരിയ്യത്ത് സ്വലാത്തിൻ്റെയും ഇജാസത്ത് സ്വീകരിച്ചിട്ടുണ്ട്.ശൈഖ് സ്വബാഹുദ്ധീൻ രിഫായിൽ നിന്ന് രിഫായി ത്വരീഖത്ത്, കക്കിടിപ്പുറം ഓറിൽ നിന്ന് നൂറുൽ ഈമാനും ഹദ്ദാദ് റാത്തീബും പാനൂർ പൂക്കോയ തങ്ങളിൽ യാ ലെത്വീഫും ഇ കെ ഉസ്താദിൽ നിന്നും യാഹയ്യു യാഖയ്യൂമും കണ്ണിയത്ത് അഹമദ് മുസ്ലിയാരിൽ നിന്ന് 7ഫാതിഹ ഓതി മന്ത്രിക്കാനും ഹസൻ ശദ്ദാദിൽ നിന്ന് സ്വലാത്തും ത്വാഹിർ തങ്ങളിൽ നിന്ന് ബിറഹ്മതിക അസ്തഗീസും കുമ്പോൽ ആറ്റക്കോയ തങ്ങളിൽ നിന്ന് ലാ ഹൗല വലാഖുവ്വത ഇല്ലാബില്ലാഹിൽ അലിയ്യുൽഹളീം എന്നുള്ള അദ്കാറിന് ഇജാസത്ത് സ്വീകരിച്ചിട്ടുണ്ട്.
അല്ലാഹു സ്വർഗ്ഗം നൽകട്ടെ..ആമീൻ

No comments:
Post a Comment