Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, January 26, 2022

ഉസ്താദുൽ അസാതീദ് ഖാരിഅ് ഹസൻ മുസ്ലിയാർ.......ഭാഗം- 2 || Qari Hassan Musliyar

✍️ഹാഫിള് അബ്ദുൽമലിക് സഖാഫി ചിയ്യൂർ
തജ് വീജ്, ഹിസ്ബ് ട്രൈനിംഗുകളും ക്ലാസുകളുമായി നിരന്തരം തിരക്കിട്ട ജീവിതവുമായി മുന്നോട്ടു പോയിക്കൊണ്ടിരുന്നു.ചെറിയ വിദ്യാർത്ഥികൾ മുതൽ മുതിർന്ന മുദരിസുമാരും ഖത്വീബുമാരും വരെ ആ സദസ്സിലെ സ്ഥിരം വിദ്യാർത്ഥികളായി മാറി.പല സ്ഥലങ്ങളിലായി ക്യാമ്പുകൾ നടക്കുന്നതിനിടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഖുർആൻ പഠിക്കണമെന്ന ആഗ്രഹത്തോടെ വന്നണയും.വരുന്നവരെ ആരെയും നിരാശപ്പെടുത്താതെ എല്ലാവർക്കും പഠിപ്പിച്ചു കൊടുക്കും.എത്ര വട്ടം തെറ്റിയാലും ശകാരവും മനംമടുപ്പുമില്ലാതെ ആവർത്തിച്ച് ഓതി ശരിപ്പെടുത്തി കൊടുക്കുന്നതായിരുന്നു ഉസ്താദിന്റെ ശൈലി.ചില തെറ്റുകൾ തിരുത്തുമ്പോൾ സ്വതസിദ്ധമായ തമാശകളും നർമ്മവും ചേർത്താവും കാര്യം മനസ്സിലാക്കുന്നുത്.
മദ്റസാ പ്രസ്ഥാനത്തിന്റെ തുടക്ക കാലത്ത് മുസ്ലിയാക്കന്മാർക്ക് അർത്ഥം പറയാനല്ലാതെ തജ് വീദ് അനുസരിച്ച് ഓതാനറിയില്ലെന്ന ചില മൊല്ലമാരുടെ ആക്ഷേപങ്ങളെ സ്വപ്രയത്നം കൊണ്ട് ഉസ്താദ് നിഷ്പ്രഭമാക്കി.
കേരളത്തിൽ നിലവിലുള്ള ഇമാം ആസ്വിം (റ) യുടെ ഖിറാഅത്തായിരുന്നു കൊടുവള്ളിയിലെ സേവന കാലത്ത് മർഹൂം കെ.വി ഉസ്താദിൽ നിന്നും സ്വായത്തമാക്കിയത്.എന്നാൽ ഖുർആൻ പഠന ഗവേഷണ രംഗം ഉസ്താദിന് ഹരമായി തീർന്നപ്പോൾ മുസ്ലിം ലോകത്ത് സർവ്വാംഗീകൃതമായ ഏഴു ഖിറാഅത്തുകളും പഠിക്കണമെന്ന മോഹം മനസ്സിലുദിച്ചു.പക്ഷെ അത് പഠിക്കാനുള്ള അവസരമോ സൗകര്യമോ കേരളത്തിൽ ലഭ്യമായിരുന്നില്ല.ഒരു ഗൈഡ്ലൈൻ നൽകാൻ പോലും ആളില്ലാത്ത കാലം.എന്നാലും മനസ്സിൽ തളം കെട്ടിയ മോഹം പൂർത്തീകരിക്കാൻ ഇവ്വിഷയത്തിലെ ചില പ്രധാന കിതാബുകൾ സംഘടിപ്പിച്ചു.(സിറാജുൽ ഖാരീ,ഇത്ഹാഫ്,വാഫി,കാഫി,മുകർറർ തുടങ്ങിയവ) ഈ പഠന തപസ്യ നാലഞ്ചു വർഷം നീണ്ടു നിന്നു.രാവും പകലും മുതാലഅക്കും പാരായണ പരിശീലനത്തിനും വേണ്ടി കിതാബുകളുമായി കെട്ടിമറിഞ്ഞു.ഒടുവിൽ ഏഴു ഖിറാഅത്തുകളും സ്വയം പാരായണം ചെയ്യാൻ പ്രാപ്തമായെങ്കിലും ഒരു ശൈഖും മാതൃകയുമില്ലാതെ ഖിറാഅത്ത് ശീലിക്കുന്നത് പ്രാമാണികതക്കെതിരാണല്ലോ. സ്വായത്തമാക്കിയ ഇൽമിന് ആധികാരകതയും പ്രാമാണിക പിൻബലവും ലഭിക്കണമെന്ന ആഗ്രഹം വല്ലാതെ അലട്ടി.ആ അന്വേഷണം ചെന്നെത്തിയത് ബാംഗ്ലൂർ സബീലുർറശാദ് അറബിക് കോളേജ് പ്രിൻസിപ്പാൾ ഹാഫിള് ഇംദാദുള്ളാഹ് സാഹിബിലാണ്.കേരളത്തിൽ നിന്നുള്ള ആദ്യ ശിഷ്യനെ വല്ലാതെ ഇഷ്ടപ്പെട്ട സാഹിബ് താമസിക്കാൻ സർക്കാർ ഗസ്റ്റ് ഹൗസ് തരപ്പെടുത്തി കൊടുത്തു. ഖുർആൻ ഓതിച്ചും പരീക്ഷിച്ചും മുന്നോട്ടു പോയിക്കൊണ്ടിരുന്നു.1978 നവംബർ 23 ഹിജ്റ 1398 ദുൽഹജ്ജ് 22 വ്യാഴം ഏഴു ഖിറാഅത്തിനുള്ള സനദും ഇജാസത്തും, സിറാജുൽ ഖാരി ആദ്യ ഭാഗം ഓതിക്കൊടുക്കുകയും ചെയ്തു.
പഠനം കഴിഞ്ഞ് തിരിച്ച് കേരളത്തിലെത്തിയ ഉസ്താദ് ഏഴു ഖിറഅത്തിലും പ്രാപ്തരായ ഖാരിഉകളെ സൃഷ്ടിക്കാൻ സ്വന്തം നിലക്ക് പരിശ്രമം നടത്തിയെങ്കിലും ആദ്യഘട്ടം വിജയിച്ചില്ല.പിന്നീട് 1980 ൽ ജാമിഅ നൂരിയ്യയിൽ വിപുലമായ ക്യാമ്പ് സംഘടിപ്പിക്കുകയും വിവിധ റൈഞ്ചുകളിലെ ഹിസ്ബു ക്ലാസുകളിൽ വിജയിച്ചവരെ ഇതിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.അതിൽ നിന്നും പഠിച്ചു തെളിഞ്ഞവരിൽ പ്രധാനിയായിരുന്നു ഉസ്താദിന്റെ അനുജനും ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഖാരിഉമായിരുന്ന അബ്ദുറഹ്മാൻ മുസ്ലിയാർ.പിന്നീട് മർകസ്  ശരീഅത്ത് കോളേജിൽ നിന്നും മിടുക്കരായവരെ തിരഞ്ഞെടുത്ത് ഏഴ് ഖിറാഅത്തുകളും പഠിപ്പിച്ചു പ്രാപ്തരാക്കി.അവരിൽ ഇന്നും ഈ മേഖലയിൽ തിളങ്ങി നിൽക്കുന്നവരാണ് ഉസ്താദിന്റെ ഇളയ മകനും സുന്നി വിദ്യാഭ്യാസ ബോർഡ് ഖാരിഉമായ നൂറുദ്ധീൻ സഖാഫി ഉസ്താദ്,മർകസ് ഖൽഫാൻ പ്രിൻസിപ്പാൾ ഖാരിഅ് ഹനീഫ് സഖാഫി ഉസ്താദ്,ഖാരിഅ് അബ്ദുറഹ്മാൻ സഖാഫി ഉസ്താദ് വാണിയമ്പലം തുടങ്ങിയവർ.ഖുർആനിക വിജ്ഞാനീയങ്ങളിൽ രാപ്പകൽ ഭേദമന്യേ സേവന നിരതരായ ധാരാളം ഖാരിഉകളെ സമൂഹത്തിന് സമർപ്പിച്ചാണ് ഉസ്താദവർകൾ നമ്മോട് വിടപറഞ്ഞത്.ആ ശിഷ്യ പരമ്പര എന്നും നിലനിൽക്കാൻ അല്ലാഹു തൗഫീഖു നൽകട്ടെ ആമീൻ.........

ഹാഫിള് അബ്ദുൽമലിക് സഖാഫി ചിയ്യൂർ.

No comments: