Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, January 25, 2022

അസാതീദ് ഖാരിഅ് ഹസൻ മുസ്ലിയാർ

✍️ഹാഫിള് അബ്ദുൽമലിക് സഖാഫി ചിയ്യൂർ
ജമാദുൽ ആഖിർ 23 ഉസ്താദുൽ അസാതീദ് ഖാരിഅ് ഹസൻ മുസ്ലിയാർ വഫാത്ത് ദിനം.........
ഖുർആനിക വിജ്ഞാനീയങ്ങളിൽ കേരളത്തിലെ ഉസ്താദുമാരുടെ ഉസ്താദ്.പാണ്ടിക്കാട് ഓവുമ്പുറത്തു നിന്നു നെരുകരയിലേക്ക് മാറി താമസിച്ച കുഞ്ഞാറയുടെ മകൻ അഹ്മദ് എന്നവരുടെ രണ്ടാമത്തെ പുത്രനായി 1934 ഏപ്രിൽ നാലിനാണ്  ഉസ്താദിന്റെ ജനനം. വറുതിയുടെ എല്ലാ പ്രയാസങ്ങളും മേളിച്ച ആ കർഷക കുടുംബം പക്ഷെ ആത്മീയ വിഷയങ്ങളിൽ ഏറെ കാർകശ്യം പുലർത്തിയവരായിരുന്നു.പരമ്പരയായി കിട്ടിയ ശബ്ദ സൗകുമാര്യം അവരെയെല്ലാം നാട്ടിലെ അറിയപ്പെട്ട പാട്ടുകാരാക്കി എന്നാൽ തനിക്ക് ജന്മ സിദ്ധിയായി ലഭിച്ച ഈ സൗഭാഗ്യത്തെ അധികമാരും കയറി ചെല്ലാത്ത ഖുർആനിക പാരായണ മേഖലയിലേക്ക് തിരിച്ചതോടെ ഹസൻ ഉസ്താദ് ശ്രദ്ധിക്കപ്പെട്ടു.സ്കൂൾ പഠനത്തോടൊപ്പം രാത്രി സമയങ്ങളിൽ നാട്ടിലെ ദർസിലെത്തി പഠനം നടത്തിയാണ് ദർസീ രംഗത്തേക്ക് ചുവടുവെക്കുന്നത്.1948 ൽ ഫറൂഖിലെ ചെരുവണ്ണൂർ തെക്കെ ജുമുഅത്ത് പള്ളിയിൽ കിടങ്ങഴി  കെ മുഹമ്മദ് കുട്ടി മുസ്ലിയാരുടെ ദർസിൽ ചേർന്നു.ചെറുവണ്ണൂരിലെ പഠനത്തിനിടയിൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലമായി നാട്ടിൽ ദാരിദ്ര്യവും ഭക്ഷ്യക്ഷാമവും അസഹനീയമായതോടെ അവിടുത്തെ പഠനം അവസാനിപ്പിക്കേണ്ടി വന്നു.ആയിടക്ക് ഇരുമ്പുഴി ഇസ്സുദ്ധീൻ മൗലവിയുടെ ക്ഷണം വന്നു.പെരിന്തൽമണ്ണക്ക് അടുത്ത് പുതുതായി തുടങ്ങുന്ന കോളേജിലേക്ക്.അവിടെയാകട്ടെ കോളേജ് ഇല്ല മറിച്ച് മലബാർ ബാഖിയാത്തുസ്വാലിഹാത്ത് എന്ന ഒരു ബോർഡ് മാത്രം.(ഇപ്പോൾ ജാമിഅ നൂരിയ്യ നിലകൊള്ളുന്ന സ്ഥലമായിരുന്നു അത്).ദർസിലെ ഉസ്താദ് രഹസ്യമായി ജമാഅത്തെ ഇസ്ലാമിയുടെ പ്രചാരണം നടത്തുന്നുവെന്ന് അറിഞ്ഞ സ്ഥാപന അധികാരി ബാപ്പു ഹാജി അദ്ധേഹത്തെ അവിടെ നിന്നും പുറത്താക്കിയതോടെ പഠനം അനിശ്ചിതത്വത്തിലായി. സുഹൃത്തായ കിടങ്ങഴി യു.അബ്ദുറഹ്മാൻ മുസ്ലിയാരുടെ കൂടെ പട്ടിക്കാട് നിന്നും വണ്ടൂരിലേക്ക് കാൽ നടയായി യാത്ര തിരിച്ചു.പഠിക്കണമെന്ന ആഗ്രഹത്തിനു മുന്നിൽ ആ വഴികൾ തടസ്സമായില്ല.വണ്ടൂരിൽ കെ.കെ സ്വദഖത്തുള്ള മുസ്ലിയാരുടെ ദർസിൽ ചേർന്നു.1949-1955 വരെ ആ ദർസിൽ തുടർന്നു. 1955 ൽ ഉപ്പയുടെ മരണത്തോടെ പ്രയാസങ്ങൾ ഓരോന്നായി വന്നു തുടങ്ങി.പഠനം മാത്രമല്ല ജീവിതം പോലും വഴിമുട്ടിയ അവസ്ഥയായിരുന്നു. ഇതോടെ ബാഖിയാത്തിലെ ഉപരി പഠനമെന്ന മോഹം വെറും സ്വപ്നമായി മാറി ഉസ്താദിന്.പ്രിയ ശിഷ്യന്റെ പ്രയാസം മനസ്സിലാക്കിയ സ്വദഖത്തുള്ള ഉസ്താദിന്റെ ആശ്വാസ വാക്കുകളാണ് പിന്നീട് ആ ജീവിതത്തെ ചരിത്രത്തിന്റെ താളുകളിൽ എഴുതിച്ചേർക്കപ്പെട്ട മഹാമനീഷിയാക്കി മാറ്റിയത്.വഴി മുട്ടിയ ജീവിത സാഹചര്യങ്ങളെ പച്ചപിടിപ്പിക്കുന്നതിനായി വയനാടൻ ചുരം കയറി സുൽത്താൻ ബത്തേരിക്കടുത്ത ചുള്ളിയോട് മഹല്ലിൽ ഖാളിയും മുഅല്ലിമുമായി ജോലി ഏറ്റെടുത്തു.പിന്നീട് ആറു വർഷങ്ങൾക്കു ശേഷം ചുള്ളിയോട് നിന്നും പിരിഞ്ഞു വരുന്ന വഴിയിൽ കൊടുവള്ളിയിൽ ബസ് ഇറങ്ങി.കൊടുവള്ളി സിറാജുൽ ഹുദയിൽ മുഅല്ലിമായി ചേരാൻ കെ.വി അബ്ദുറഹ്മാൻ മുസ്ലിയാർ ആവശ്യപ്പെട്ടതു പ്രകാരം അഞ്ചാം ക്ലാസ്സിൽ അധ്യാപനം ഏറ്റെടുത്തു.
അധ്യയന വർഷത്തിന്റെ പാതിയിൽ തുടങ്ങിയ സേവനമാണെങ്കിലും വിദ്യാഭ്യാസ ബോർഡിന്റെ ആദ്യ നൂറുമേനി എന്ന നേട്ടം ആ വർഷത്തെ പൊതു പരീക്ഷയിൽ സിറാജുൽ ഹുദക്ക് നേടിക്കൊടുക്കാൻ ഉസ്താദിന് സാധിച്ചു.ഉസ്താദിന്റെ വരവോടു കൂടെ സിറാജുൽ ഹുദയുടെ മുഖം തന്നെ മാറി.പുരോഗതികൾ വന്നു തുടങ്ങി.1965 ൽ അവിടെ നിന്നും പിരിഞ്ഞു.ഉടനെ തന്നെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ മുഫത്തിശായി നിയമിക്കപ്പെടുകയും ചെയ്തു.61,62 വർഷങ്ങളിൽ അവിടെ നടന്ന ഹിസ്ബു ക്ലാസുകളിൽ ഒന്നാമനായി വിജയിച്ചതു കാരണം മുഫത്തിശായി നിയമനം കിട്ടിയ ഉസ്താദിന് ഏറ്റെടുക്കേണ്ടി വന്നത് ഖാരിഇന്റെ ദൗത്യമായിരുന്നു.1965 മെയ് നാലിന് ആദ്യത്തെ ഹിസ്ബ് ക്ലാസ് കൊണ്ടോട്ടി റൈഞ്ചിൽ ആരംഭിച്ചു.നാല്പത് ദിവസം നീണ്ടു നിൽക്കുന്ന ക്ലാസുകൾ.പിന്നീട് ആ യാത്ര തുടർന്നു.ഒന്നിനു പിറകെ മറ്റൊന്നായി ക്ലാസുകൾക്ക് ക്ഷണം വന്ന്  തുടങ്ങി.1967 മുതൽ ജാമിഅ നൂരിയ്യയിലെ ഫൈനൽ വിദ്യാർത്ഥികൾക്ക് ഹിസ്ബ് ക്ലാസുകൾ ആരംഭിച്ചു.അന്നു മുതൽ 1988 വരെയുള്ള കാലയളവിൽ ഫൈസി ബിരുദം നേടിയവരെല്ലാം ഉസ്താദിന്റെ ശിഷ്യൻമാരായിരുന്നു. സമസ്തയിലെ പ്രയാസങ്ങൾ വന്നപ്പോൾ ആദർശ വിഷയങ്ങളിൽ അണുഅളവ് വിട്ടു വീഴ്ച്ച ചെയ്യാതെ ഉറച്ചു നിന്ന ഉസ്താദ് പിന്നീട് മർകസിലെ മുത്വവ്വൽ ഹിസ്ബ് ക്ലാസുകൾ ഏറ്റെടുത്തു.ജാമിഅ സഅദിയ്യ,ഇഹ്യാഉസ്സുന്ന തുടങ്ങിയ സ്ഥാപനങ്ങളിലും മുത്വവ്വൽ ക്ലാസുകൾക്ക് ഉസ്താദ് പേകാറുണ്ടായിരുന്നു.ഈ സേവനമാണ് ഉസ്താദിനെ അക്ഷരാർത്ഥത്തിൽ ഉസ്താദുൽ അസാതീദ് എന്ന പേരിന് അർഹനാക്കിയത്.1967 മുതൽ 88 വരെ ജാമിഅ നൂരിയ്യയിൽ നിന്നും പിന്നീട് 1997 ൽ വഫാത്താകുന്നത് വരെയും മർകസിൽ നിന്നും പുറത്തിറങ്ങിയ ഫൈസിമാരും സഖാഫിമാരും ഉസ്താദിന്റെ ശിഷ്യൻമാരാണ്.സയ്യിദ് അലി ബാഫഖി തങ്ങൾ,പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ,സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ,വി.പി.എം ഫൈസി വില്ല്യാപ്പള്ളി,പി.എം.കെ ഫൈസി,കുമരംപുത്തൂർ അലി മുസ്ലിയാർ,പാറന്നൂർ പി
പി മുഹ്യിദ്ധീൻ കുട്ടി മുസ്ലിയാർ,പ്രൊ.കെ.ആലിക്കുട്ടി മുസ്ലിയാർ,അബൂബക്കർ ശർവാനി,സി.മുഹമ്മദ് ഫൈസി,തുടങ്ങിയവർ അവരിൽ പ്രധാനികളാണ്....
വഫാത്തിനു ശേഷം 25 വർഷങ്ങൾക്കിപ്പുറവും കേരളത്തിലെ മുതവ്വൽ ക്ലാസ്സുകളിലും മുഅല്ലിം ട്രൈനിംഗ് ക്ലാസുകളിലും പഠനം നടത്തുന്നത് ഉസ്താദിന്റെ രചനയിൽ വിരിഞ്ഞ തീജാനുൽ ഖാരീ,മുഖ്തസ്വറുൽ ബയാൻ എന്നീ കിതാബുകളാണ്.അവയിൽ നിന്നും ഖുർആനിക പഠനത്തിന്റെ ജ്ഞാന സുധ നുകരുന്ന ഓരോ പണ്ഡിത വിദ്യാർത്ഥിയുടേയും പ്രതിഫലങ്ങൾ അവിടുത്തെ ഖബറിൽ വെളിച്ചമായി എത്തുന്നുണ്ടാവും എന്നതു മാത്രം മതി ആ ജീവിതം എത്ര ധന്യമായിരുന്നുവെന്ന് മനസ്സിലാക്കാൻ.........ഉസ്താദിന്റെ ഖിറാഅത്ത് തജ് വീദ് വിഷയങ്ങളിലെ അഗാധ ജ്ഞാനത്തെ അനാവരണം ചെയ്യാൻ വാക്കുകൾക്ക് സാധിക്കാത്തത് കാരണം അതിലേക്ക് കടക്കുന്നില്ല....
ഇന്നലെകളുടെ മുസ്ലിം കൈരിയുടെ ഖുർആനിക വിജ്ഞാന രംഗത്തെ രാജാവായിരുന്ന ഖാരിഅ് ഉസ്താദിന്റെ ഹള്റത്തിലേക്ക് നമുക്ക് കഴിയുന്ന സ്വാലിഹായ അമലുകൾ ചെയ്ത് ഹദിയ ചെയ്യാം. അല്ലാഹു ഉസ്താദിനോടു കൂടെ നമ്മെയും സ്വർഗീയ ലോകത്ത് ഒരുമിച്ചു കൂട്ടട്ടെ......

No comments: