Tweet 47/365
മുത്ത് നബിﷺയുടെ പിതൃസഹോദരൻ അബ്ബാസ് ബിൻ അബ്ദുൽ മുത്വലിബ് പറയുന്നു. ഞങ്ങൾ കച്ചവടാർത്ഥം യമനിൽ എത്തി. ഖുറൈശീ പ്രമുഖനായ അബൂസുഫ് യാനും ഒപ്പമുണ്ട്. അദ്ദേഹത്തിന് മക്കയിൽ നിന്നും കത്ത് വന്നു. മകൻ ഹൻളല വീട്ടിൽ നിന്ന് കൊടുത്തയച്ചതാണ്. കത്തിന്റെ ഉള്ളടക്കത്തിൽ ഇങ്ങനെയുണ്ടായിരുന്നു. 'മക്കാ താഴ്‌വരയിൽ മുഹമ്മദ് ﷺ പ്രവാചകനായി രംഗ പ്രവേശനം ചെയ്തിരിക്കുന്നു. മുഹമ്മദ് ﷺ അല്ലാഹുവിന്റെ ദൂതനാണെന്നാണ് അവകാശപ്പെടുന്നത്. നമ്മെയെല്ലാം പ്രവാചകന്റെ മാർഗത്തിലേക്ക് ക്ഷണിക്കുകയും ചെയുന്നു.
കത്തിൻ്റെ ഉള്ളടക്കം അബൂ സുഫ്‌യാൻ പലരോടും പങ്കുവെച്ചു. അങ്ങനെ യമനിൽ ആ വാർത്ത പ്രചാരം നേടി. വാർത്ത അറിഞ്ഞ യമനിലെ ഒരുന്നത പുരോഹിതൻ ഞങ്ങളെത്തേടി വന്നു. മക്കയിൽ രംഗത്ത് വന്ന പ്രവാചകന്റെ പിതൃവ്യൻ നിങ്ങൾക്കൊപ്പമുണ്ടെന്ന് കേട്ടു ശരിയാണോ? അതേ ഞാൻ തന്നെയാണത്. ശരി, എന്നാൽ ഞാൻ ചില കാര്യങ്ങൾ ചോദിക്കാം നിങ്ങൾ ശരിയായ വിവരം മാത്രമേ നൽകാവൂ. പുരോഹിതൻ പറഞ്ഞു, ഞാൻ സമ്മതിച്ചു. അദ്ദേഹം ചോദിക്കാൻ തുടങ്ങി. നിങ്ങളുടെ സഹോദര പുത്രൻ എപ്പോഴെങ്കിലും കളവ് പറഞ്ഞിട്ടുണ്ടോ? ഇല്ല, ഒരിക്കലും കളവു പറയുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ല. മക്കയിൽ എല്ലാവരും 'അൽ അമീൻ' അഥവാ വിശ്വസ്തൻ എന്നാണ് വിളിക്കുക. മകൻ അക്ഷരാഭ്യാസം നേടിയിട്ടുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. ഉണ്ട്, എന്ന് പറഞ്ഞാലോ എന്നു വിചാരിച്ചു. പക്ഷേ അബൂ സുഫ്‌യാൻ അത് തിരുത്തുമോ എന്ന് ഞാൻ സംശയിച്ചു. ഞാൻ പറഞ്ഞു. ഇല്ല, എഴുത്തും വായനയും അഭ്യസിച്ചിട്ടില്ല. കേട്ടമാത്രയിൽ അദ്ദേഹം ചാടി എഴുന്നേറ്റു, തന്റെ മേൽവസ്ത്രം എടുത്ത് മാറ്റി. അയാൾ അട്ടഹസിച്ചു. 'ജൂതന്മാരുടെ കഥ കഴിഞ്ഞതു തന്നെ'
അബ്ബാസ് തുടരുന്നു. ഞങ്ങൾ സ്വവസതികളിലേക്ക് മടങ്ങിയെത്തി.
ഉടനെ അബൂസുഫ്യാൻ പറഞ്ഞു. ഓ.. അബുൽ ഫള്ൽ താങ്കളുടെ സഹോദര പുത്രന്റെ കാര്യം ജൂതന്മാരെപ്പോലും നടുക്കിക്കളഞ്ഞല്ലോ? അതേ, ഞാനും അത് ശ്രദ്ധിച്ചു. അല്ലയോ അബൂസുഫ് യാൻ താങ്കൾക്ക് ആ പ്രവാചകത്വം അംഗീകരിച്ചുകൂടെ? ഇല്ല, ഞാനംഗീകരിക്കില്ല. ആ പ്രവാചകന്റെ സൈന്യം കുദായ് താഴ്‌വരയിലൂടെ മക്ക ജയിച്ചടക്കുന്നത് വരെ ഞാനംഗീകരിക്കില്ല, അദ്ദേഹം പറഞ്ഞു. ഞാൻ ചോദിച്ചു, നിങ്ങൾ എന്താണ് ഇങ്ങനെയൊക്കെ പറയുന്നത്. അബൂ സുഫിയാൻ പറഞ്ഞു, കുദായ് വഴി കുതിരപ്പടവരുമോ എന്നൊന്നും എനിക്കറിയില്ല. പെട്ടെന്ന് എന്റെ നാവിൻ തുമ്പിൽ വന്നത് ഞാനങ്ങ് പറഞ്ഞു എന്നു മാത്രം.
(ഏതാണ്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞപ്പോൾ മക്കാവിജയം നടന്നു. കുദായ് താഴവരയിലൂടെ ഇസ്‌ലാമിന്റെ കുതിരപ്പട മക്കയിലേക്ക് പ്രവേശിച്ചു. അത് കണ്ടുകൊണ്ട് നിന്ന അബ്ബാസ് അടുത്ത് നിന്ന അബൂ സുഫ് യാനോട് പറഞ്ഞു. നിങ്ങൾ അന്ന് പറഞ്ഞ സൈന്യം അതാ കടന്നു വരുന്നു താങ്കളുടെ സമയം അടുത്തിരിക്കുന്നു. അതേ, എനിക്ക് നല്ല ഓർമയുണ്ട് അന്നത്തെ വാചകങ്ങൾ ഞാൻ മറന്നിട്ടില്ല. ഞാനിതാ ഇസ്ലാം സ്വീകരികുന്നു. അദ്ദേഹം മക്കാ വിജയത്തിന്റെ അന്ന് ഇസ്‌ലാം പ്രഖ്യാപിച്ചു.)
മറ്റൊരു വിളംബരം ഇബ്നു അസാകിർ ഉദ്ദരിക്കുന്നു. അബ്ദുർറഹ്മാൻ ബിൻ ഔഫ് വിശദീകരിക്കുന്നു. മുഹമ്മദ് നബി ﷺ യുടെ പ്രവാചകത്വ പ്രഖ്യാപനത്തിന് തൊട്ട് മുമ്പ് ഞങ്ങൾ യമനിലേക്ക് പോയി. ഞങ്ങൾ രാജ കുടുംബത്തിലാണ് താമസിക്കുന്നത്. അസ്‌കലാൻ അൽ ഹിംയരി എന്ന രാജകുടുംബാംഗമായ വയോധികനാണ് ഞങ്ങളുടെ ആതിഥേയൻ. ഞാൻ എപ്പോൾ ചെന്നാലും അദ്ദേഹത്തോടൊപ്പമാണ് താമസിക്കുക. അദ്ദേഹം മക്കയിലെ വിശേഷങ്ങൾ ചോദിച്ചറിയും. ദീർഘനേരം ഞങ്ങളുടെ വർത്തമാനങ്ങൾ കേട്ടിരിക്കും. ശേഷം ചോദിക്കും വല്ല പ്രത്യേക സന്ദേശവുമായി അവിടെ ആരെങ്കിലും രംഗത്ത് വന്നിട്ടുണ്ടോ? ഞാൻ പറയും ഇല്ല.
പതിവുപോലെ ഇത്തവണയും ഞങ്ങൾ ഹിംയരിയുടെ അടുക്കലെത്തി. അദ്ദേഹത്തിന്റെ കാഴ്ചയും കേൾവിയുമൊക്കെ കുറഞ്ഞിരിക്കുന്നു. മക്കളോടും പേരകുട്ടികളോടുമൊപ്പം മതിലിൽ ചാരിയിരിക്കുകയാണ്. ഞാൻ അടുത്തേക്ക് എത്തിയതേ ഉള്ളൂ. അദ്ദേഹം ചോദിച്ചു. അല്ലയോ ഖുറൈശീ സഹോദരാ അടുത്തേക്ക് ചേർന്ന് നിൽക്കൂ. നിങ്ങളുടെ പേരും കുടുംബവുമൊക്കെയൊന്ന് വ്യക്തമാക്കി പറയൂ. ഞാൻ പിതൃപരമ്പരയടക്കം വ്യക്തമാക്കിപ്പറഞ്ഞു. ഉടനേ അദ്ദേഹം പറഞ്ഞു, മതി മതി. നിങ്ങൾ ബനൂ സഹ്റ ഗോത്രത്തിൽ നിന്നാണ് അല്ലേ. എന്നാൽ ഞാൻ നിങ്ങൾക്ക് ഒരു സുവിശേഷം പറഞ്ഞു തരാം. കച്ചവടത്തേക്കാൾ ഏറെ സന്തോഷമുള്ള കാര്യമാണത്. എന്നാൽ എന്താണാ സന്തോഷവാർത്ത ഞാൻ ചോദിച്ചു...
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ-ബുഖാരി

No comments:
Post a Comment