Tweet 49/365
ത്വൽഹ: തുടരുന്നു. ഞാൻ നാട്ടിൽ എത്തിയ ഉടനെ വിശേഷങ്ങൾ അന്വേഷിച്ചു. നാട്ടുകാർ പറഞ്ഞു. അതേ, നല്ല വിശേഷമുണ്ട്. നമ്മുടെ അബ്ദുല്ലാഹിയുടെ മകൻ മുഹമ്മദ് അഥവാ 'അൽ അമീൻ' പ്രവാചകത്വം പ്രഖ്യാപിച്ചിരിക്കുന്നു. അബൂഖുഹാഫയുടെ മകൻ അബൂബക്കർ ഒന്നാമത്തെ അനുയായിക്കഴിഞ്ഞു. ഞാൻ നേരേ അബൂബക്കറി(റ)നെ സമീപിച്ചു. ബുസ്വ്റയിലെ സംഭവങ്ങളെല്ലാം അദ്ദേഹത്തെ ധരിപ്പിച്ചു.
ഞങ്ങൾ രണ്ട് പേരും മുഹമ്മദ് നബിﷺയുടെ സവിധത്തിലേക്കു പോയി. അബൂബക്കർ(റ) ഞാൻ പറഞ്ഞ വിവരങ്ങളെല്ലാം നബിﷺയെ അറിയിച്ചു. അവിടുത്തേക്ക് വലിയ സന്തോഷമായി. ത്വൽഹ(റ) അവിടുന്ന് തന്നെ വിശ്വാസം പ്രഖ്യാപിച്ചു. പിന്നീട് സ്വർഗ്ഗം സുവിശേഷം ലഭിച്ച പ്രമുഖരായ പത്ത് അനുയായികളിൽ ഒരാളായി മാറി.
നജ്റാനിലെ ഒരു വർത്തമാനം കൂടി വായിക്കാം. പാരമ്പര്യമായി വേദജ്ഞാനികൾ കഴിഞ്ഞു പോയ സ്ഥലമാണ് നജ്റാൻ. ഓരോ പുരോഹിതന്മാരും അവരുടെ കാലവസാനത്തിൽ മുദ്രവച്ചു കൈമാറുന്ന രേഖകൾ സൂക്ഷിച്ചു പോന്നിരുന്നു. പ്രവാചക നിയോഗകാലത്ത് അവിടെ ഉണ്ടായിരുന്ന പ്രധാന പാതിരി ഒരു ദിവസം കാൽവഴുതി വീണു. ഉടനെ മകൻ പറഞ്ഞു. "വിദൂരത്ത് നിന്ന് ഉദയം ചെയ്യുന്നവന് നാശമുണ്ടാവട്ടെ" അപ്പോൾ ജ്ഞാനിയായ പിതാവ് പറഞ്ഞു. മോനേ അങ്ങനെയൊന്നും പറയരുത്. വരാനുള്ളത് സത്യ പ്രവാചകനാണ്. ആ മഹാത്മാവിന്റെ പേരും വിശേഷങ്ങളുമെല്ലാം നമ്മുടെ വേദങ്ങളിൽ ധാരാളം കാണുന്നുണ്ട്.
നാളുകൾക്ക് ശേഷം പിതാവ് മരണപ്പെട്ടു. മകൻ വേദഗ്രന്ഥങ്ങളും പൗരാണികരേഖകളുമൊക്കെ നന്നായി പരിശോധിച്ചു. മുഹമ്മദ് നബിﷺയെ കുറിച്ച് വേണ്ടുവോളം വിവരങ്ങൾ പ്രമാണങ്ങളിൽ നിന്ന് ലഭിച്ചു. അയാൾ നബിﷺയെ അംഗീകരിച്ചു. മക്കയിൽ പോയി ഹജ്ജ് നിർവഹിച്ചു. കവിതകൾ ആലപിച്ച് കൊണ്ട് നബിﷺയെ സ്വീകരിക്കാൻ പോയി.
മക്കയിൽ പ്രവാചകത്വ പ്രഖ്യാപനം നടന്നപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ വിളംബരങ്ങൾ. പ്രവാചകരെകുറിച്ചുള്ള പരിചയങ്ങൾ എന്നിവയാണ് നാം വായിച്ചത്. ഇനി നമുക്ക് മക്കയിലേക്ക് തന്നെ മടങ്ങാം.
പ്രവാചകത്വത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ് നബിﷺ ഒരു മാസത്തോളം വീട്ടിൽ തന്നെ കഴിഞ്ഞു. നിരന്തരമായ ആരാധനയുടെ നാളുകളായിരുന്നു അത്. ദൗത്യ നിർവഹണത്തിനായുള്ള ഒരു ആത്മസജ്ജീകരണം പോലെ. നബിﷺ യുടെ ഏകാന്തവാസം മക്കയിൽ എവിടെയും ചർച്ചയായി. സാധാരണയായി കഅബയുടെ സന്നിധിയിൽ ഉണ്ടായിരുന്ന അൽ അമീനെ ഇപ്പോൾ തീരെ കാണാനില്ലല്ലോ? ചിലർ പറഞ്ഞു. നാട്ടിലെ കാരുണ്യപ്രവർത്തനങ്ങളുടെ നേതാവിനെ ഇപ്പോൾ കാണുന്നില്ലല്ലോ എന്നായി മറ്റു ചിലർ. അവർ പരസ്പരം കാരണങ്ങൾ സങ്കൽപ്പിച്ച് പറഞ്ഞു കൊണ്ടിരുന്നു. നബിﷺയുടെ പിതൃ സഹോദരന്മാരും അമ്മായിമാരും കുടുംബത്തിൽ തന്നെ ചർച്ചകൾ തുടങ്ങി. അപ്പോഴേക്കും അല്ലാഹുവിൽ നിന്നുള്ള കൽപന വന്നു "വ അൻദിർ..." തങ്ങളുടെ ഉറ്റ മിത്രങ്ങൾക്ക് താക്കീത് നൽകുക. പ്രബോധനം എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണം എന്ന് വ്യക്തമാക്കുന്ന സൂക്തമായിരുന്നു അത്. മുത്ത്നബിﷺ ഈ പ്രഖ്യാപനത്തെ നെഞ്ചിലേറ്റി. കുടുംബാദികളിൽ പ്രധാനികളെയെല്ലാം വിളിച്ചു വരുത്തി. നല്ല ഒരു സദ്യയും തയ്യാർ ചെയ്തു. നാൽപതിനും നാൽപത്തി അഞ്ചിനും ഇടയിൽ അംഗങ്ങൾ പങ്കെടുത്തു. അവരിൽ ഓരോ വിഭാഗത്തിലെയും പ്രതിനിധികളെ അഭിസംബോധനചെയ്തു. സഫാ കുന്നിന്റെ മുകളിൽ കയറി നിന്ന്കൊണ്ട് വിളിച്ചു. അല്ലയോ അബ്ദുമനാഫിന്റെ സന്താനങ്ങളേ... ഹാഷിമിന്റെ മക്കളേ.. മുഹമ്മദ് നബിയുടെ പിതൃസംഹാദരൻ അബ്ബാസ് എന്നവരേ... അമ്മായി സഫിയ്യ എന്നവരേ... അബ്ദുൽ മുത്വലിബിന്റെ കുടുംബമേ... മോളേ ഫാത്വിമാ... ഞാൻ നിങ്ങൾക്ക് വേണ്ടി അല്ലാഹുവിൽ നിന്ന് ഒന്നും ഉടമപ്പെടുത്തിയിട്ടില്ല... എന്റെ സ്വത്തിൽനിന്ന് നിങ്ങൾ എന്തും ചോദിച്ചോളൂ.
ഒരു കാര്യം ചോദിച്ചോട്ടെ... ഈ പർവ്വതത്തിന് പിന്നിൽ നിന്ന് ഒരു അശ്വസൈന്യം വരുന്നു എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അവർ പറഞ്ഞു. അതേ ഇന്നുവരെ മുഹമ്മദ്ﷺൽ നിന്ന് ഞങ്ങൾ കള്ളം പറഞ്ഞതായി ഒരനുഭവം ഉണ്ടായിട്ടില്ല. അത് കൊണ്ട് ഞങ്ങൾ വിശ്വസിക്കും. നബിﷺതുടർന്നു. എന്നാൽ ഞാൻ പ്രഖ്യാപിക്കുന്നു. അല്ലാഹു നിങ്ങളിലേക്കു നിയോഗിച്ചയച്ച താക്കീത് കാരനാണ് ഞാൻ....
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

No comments:
Post a Comment