Tweet 50/365
അറബികളിൽ ഒരാളും ഞാൻ നിങ്ങൾക്ക് നൽകുന്ന പോലെയുള്ള നന്മ അവരുടെ കുടുംബക്കാർക്ക് നൽകിയിട്ടില്ല. രണ്ട് ലോകത്തെയും നന്മയാണ് നിങ്ങൾക്ക് ഞാൻ വാഗ്ദാനം ചെയ്യുന്നത്. ഞാൻ നിങ്ങളെ വിജയത്തിലേക്ക് ക്ഷണിക്കുന്നു. ഈ വിഷയത്തിൽ നിങ്ങൾ എന്നോടൊപ്പമുണ്ടാകണം. ഒത്തുകൂടിയ എല്ലാവരും നബി ﷺയുടെ പ്രസ്താവന ശ്രദ്ധാപൂർവ്വം ശ്രവിച്ചു. പക്ഷേ, അബൂലഹബ് എന്നയാൾക്ക് മാത്രം അത് ഇഷ്ടമായില്ല. അയാൾ ചോദിച്ചു. ഇത് പറയാനാണോ ഞങ്ങളെ ഇവിടെ വിളിച്ചുചേർത്തത്. നിങ്ങൾക്ക് നാശം.. മുഹമ്മദേ.. തബ്ബൻ ലക യാ മുഹമ്മദ് എന്ന വാചകമാണയാൾ ഉപയോഗിച്ചത്. മുത്ത് നബി ﷺ ക്ക് അത് പ്രയാസമായി. പക്ഷേ, അല്ലാഹു നബി ﷺ യെ സമാധാനിപ്പിച്ചു. അബൂലഹബിനെ അതേ നാണയത്തിൽ ഖുർആൻ കൈകാര്യം ചെയ്തു. തബ്ബത് യദാ-ഖുർആനിലെ നൂറ്റിപ്പതിനൊന്നാമത്തെ അധ്യായം അവതരിച്ചു. ആശയം ഇങ്ങനെയാണ്. "അബൂലഹബിന്റെ ഇരുകൈകൾക്കും നാശം. അവന്റെ നേട്ടങ്ങളും സമ്പാദ്യങ്ങളും ഒന്നും അവനുപകരിക്കുകയില്ല. ജ്വാലകൾ ഉയരുന്ന നരകത്തിലേക്ക് അവൻ ചെന്നുചേരും. ഒപ്പം അവന്റെ ഏഷണിക്കാരിയായ ഭാര്യയും. അവളുടെ കഴുത്തിൽ പനനാര് കൊണ്ട് ഒരു കയറുണ്ടാകും'' (ഇതെല്ലാം പിൽക്കാലത്ത് പുലർന്നു). എന്നാൽ കുടുംബ സദസ്സിൽ വെച്ചു തന്നെ ചെറുപ്പക്കാരനായ അലി വിശ്വാസം പ്രഖ്യാപിച്ചു. ഏത് ഘട്ടത്തിലും ഞാൻ തങ്ങൾക്കൊപ്പമാണെന്ന് അറിയിക്കുകയും ചെയ്തു.
മുത്ത് നബി ﷺ വീട്ടിലേക്ക് മടങ്ങി. ആരാധനയിലും ആലോചനയിലും സമയം ചിലവഴിച്ചു. പ്രബോധനത്തിന്റെ പ്രതിഫലനങ്ങൾ കണ്ടു തുടങ്ങി...
മക്കയിൽ എവിടെയും പുതിയ മാർഗ്ഗത്തെ കുറിച്ചുള്ള ചർച്ചകൾ. നബി, റസൂൽ, ദിവ്യബോധനം അഥവാ വഹിയ്.
എന്തായിരിക്കും ഈ വഹിയ്? ആരായിരിക്കും ഈ പ്രവാചകൻ?നമുക്കൊന്ന് പഠിക്കാൻ ശ്രമിക്കാം.
ദിവ്യ ബോധനം ദിവ്യവെളിപാട് എന്നൊക്കെയാണ് 'വഹ് യ്' എന്ന അറബി പദത്തിന്റെ പ്രാഥമിക സാരം. എന്നാൽ പരോക്ഷമായ മാർഗത്തിൽ വിവരം നൽകുക എന്നതാണ് സാമാന്യമായ അർത്ഥം. പ്രപഞ്ചാധിപനായ അല്ലാഹു അവന്റെ പ്രവാചകന്മാർക്ക് സന്ദേശങ്ങൾ നൽകുന്ന സവിശേഷമായ രീതി. ഇതാണ് സാങ്കേതികമായി വഹിയിന്റെ ഉദ്ദേശ്യം. പൂർണാർത്ഥത്തിൽ വഹ് യിനെ മനസിലാകുന്നതിന് സാധാരണക്കാർക്ക് പരിമിതികളുണ്ട്. അനുഭവിച്ചറിയാനോ അനുഭവിച്ചവരിൽ നിന്ന് നേരിട്ട് മനസ്സിലാക്കാനോ നമുക്കവസരമില്ല എന്നതാണ് അതിന്റെ ഒരു കാരണം.
വഹിയിന് വ്യത്യസ്ഥങ്ങളായ രീതികളുണ്ട്.
ഒന്ന്: സ്വപ്നത്തിലൂടെ ലഭിക്കുന്ന പ്രത്യേക സന്ദേശങ്ങൾ. നബി ﷺ യുടെ ഓരോ സ്വപ്നങ്ങളും പ്രഭാതം പുലരും പോലെ യാഥാർത്ഥ്യമാകുമായിരുന്നു. ഇബ്രാഹീം നബി(അ)ക്ക് മകനെ ബലി നൽകാനുള്ള സന്ദേശം സ്വപ്നത്തിലൂടെയായിരുന്നു ലഭിച്ചത്.
രണ്ട്: മലക്ക് വഴി പ്രവാചകന്റെ മനസ്സിലോ ബോധ മണ്ഡലത്തിലോ സന്ദേശം ഇട്ടുകൊടുക്കുക. അപ്പോൾ മലക്ക് പ്രത്യക്ഷത്തിൽ രംഗത്ത് വരണമെന്നില്ല. ഹദീസുകളിൽ അപ്രകാരം തന്നെയുള്ള പ്രയോഗങ്ങൾ കാണാം. ഒരിക്കൽ നബി ﷺ പറഞ്ഞു പവിത്രാത്മാവ് എന്റെ ഹൃദയത്തിൽ ഒരു സന്ദേശം ഇട്ടു തന്നു. ഒരു ദേഹവും അതിനു നിശ്ചയിച്ച ആഹാരം പൂർത്തിയാക്കാതെ മരണപ്പെടുകയില്ല. അതിനാൽ നിങ്ങൾ ഭക്തിയുള്ളവരാവുക. നല്ല രീതിയിൽ വിഭവ സമാഹരണം നടത്തുക. അന്നത്തിനു മുട്ട് വരുമ്പോൾ പടച്ചവൻ നിശ്ചയിക്കാത്ത മാർഗ്ഗങ്ങൾ നിങ്ങൾ സ്വീകരിക്കരുത്. അല്ലാഹുവിനെ അനുസരിച്ചു കൊണ്ടേ അവന്റെ പക്കലുള്ളത് നേടാൻ സാധിക്കൂ.
മൂന്ന്: മലക്ക് മലക്കിന്റെ തനത് രൂപത്തിൽ തന്നെ വരിക. തുടർന്ന് സന്ദേശം കൈമാറുക. അത് ചിലപ്പോൾ ഒരു മണിനാദത്തിന്റെ അകമ്പടിയോടെയായിരിക്കും. വഹിയ് സ്വീകരിക്കുമ്പോൾ ഏറ്റവും പ്രയാസമനുഭവിക്കുന്നത് ഈ മാർഗത്തിൽ വരുമ്പോഴാണെന്ന് ഹദീസുകളിൽ കാണാം. മണിനാദം എന്നത് കേവലമായ ഒരു പരിഭാഷ മാത്രമാണ്. അതിന്റെ ശരിയായ രൂപമോ ഭാവമോ നമുക്ക് മനസ്സിലാക്കാൻ കഴിയില്ല. ഇത്തരം വിഷയങ്ങളിൽ നിവേദനങ്ങൾ ഉൾക്കൊള്ളുകയും അംഗീകരിക്കുകയുമേ നിർവ്വാഹമുള്ളൂ.
നാല്: മലക്ക് മനുഷ്യന്റെ രൂപത്തിൽ വന്ന് സന്ദേശം കൈമാറുന്ന രീതി. അങ്ങനെ വരുമ്പോൾ സദസ്സിലുള്ളവർക്കും ജിബ്‌രീലിനെ കാണാൻ കഴിയുമായിരുന്നു. എന്നാൽ ഈ വന്നത് ജിബ്രീൽ(അ) ആണെന്ന് നബി ﷺ തന്നെ പരിചയപ്പെടുത്തേണ്ടിയിരുന്നു. ഈമാൻ ഇസ്‌ലാം കാര്യങ്ങൾ എണ്ണിപ്പറയുന്ന പ്രസിദ്ധമായ ഹദീസിൽ ജിബ്‌രീൽ(അ) മനുഷ്യരൂപത്തിൽ വന്നതിന്റെ ചിത്രീകരണമുണ്ട്. പ്രസ്തുത ഹദീസ് ഹദീസുജിബ്‌രീൽ (ജിബ്‌രീലിന്റെ ഹദീസ്) എന്ന പേരിലും അറിയപ്പെടുന്നു. പലപ്പോഴും ജിബിരീൽ(അ) പ്രമുഖ സ്വഹാബി ദിഹ്യതുൽ കൽബി എന്നവരുടെ രൂപത്തിൽ വന്നിട്ടുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ-ബുഖാരി

No comments:
Post a Comment