Tweet 54/365
നമുക്ക് മക്കയിലേക്ക് മടങ്ങാം. മുത്ത് നബിﷺ പ്രബോധനത്തിന്റെ ആദ്യ നാളുകളിലാണ്. കുടുംബക്കാർക്കിടയിൽ മുത്ത് നബിﷺ ഇസ്‌ലാം വിളംബരം ചെയ്തു. കുടുംബക്കാരോട് പറഞ്ഞു തുടങ്ങുമ്പോൾ അവിടുന്ന് പങ്കുവെച്ച ഒരാമുഖം ഇങ്ങനെയാണ്. "ഒരു നേതാവും സ്വന്തം കുടുംബത്തോട് കളവു പറയില്ല. ഞാൻ ലോകത്തോട് മുഴുവൻ കളവു പറഞ്ഞാലും നിങ്ങളോട് പറയുമോ? ലോകത്തെ മുഴുവൻ വഞ്ചിച്ചാലും നിങ്ങളെ വഞ്ചിക്കുമോ? ഏകനായ അല്ലാഹുവിൽ സത്യം. ഞാൻ നിങ്ങളിലേക്ക് പ്രത്യേകിച്ചും, ജനതയിലേക്ക് മൊത്തവുമുള്ള അല്ലാഹുവിന്റെ ദൂതനാണ്. അല്ലാഹുസത്യം ഉറങ്ങുന്നത് പോലെ നിങ്ങൾ മരണപ്പെടും. ഉണരുന്നത് പോലെ പുനർജനിക്കും. സൽകർമങ്ങൾക്ക് നന്മ പ്രതിഫലമായി ലഭിക്കും. തെറ്റുകൾക്ക് ശിക്ഷയായിരിക്കും പ്രതിഫലം. ഒന്നുകിൽ അനന്തമായ സ്വർഗം അല്ലെങ്കിൽ അനന്തമായ നരകം.."
നാലുപാട് നിന്നും വിമർശനങ്ങൾ ഉയർന്നു. അതിനിടയിൽ സൗഭാഗ്യവാന്മാരായ ആളുകൾ നബിﷺ യുടെ ചാരത്തെത്തി അവർക്ക് നേർവഴിയുടെ സംഗീതം ആസ്വദിക്കാൻ കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ തന്നെ ഇസ്‌ലാമിലേക്ക് വന്നവരെ ഖുർആൻ പ്രത്യേകം പ്രശംസിച്ചിട്ടുണ്ട്. സൂറതു തൗബയിലെ "പ്രാരംഭഘട്ടത്തിൽ ഇസ്‌ലാമിലേക്ക് വന്ന മുഹാജിറുകളും അൻസാറുകളും, അവരെ നന്മയിൽ പിൻപറ്റിയവരും, അല്ലാഹുവും അല്ലാഹു അവരെയും പരസ്പരം തൃപ്തിപ്പെട്ടിരിക്കുന്നു. താഴ്‌വരകളിൽ അരുവി ഒഴുകുന്ന ഉദ്യാനങ്ങൾ അല്ലാഹു അവർക്ക് വേണ്ടി ഒരുക്കിവെച്ചിരിക്കുന്നു. അവരതിൽ ശാശ്വതമായിരിക്കും അതാണ് മഹത്തായ വിജയം".
പ്രാരംഭഘട്ടത്തിൽ ഇസ്‌ലാം സ്വീകരിച്ചവരെ ക്രമാനുഗതമായി പട്ടിക തയ്യാറാക്കാൻ പ്രയാസമാണ്. പല സഹാബികളും സ്വയം പരിചയപ്പെടുത്തുമ്പോൾ ഞാൻ ഇത്രാമത്തെ ആൾ എന്ന് പരിചയപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആ ക്രമം കൃത്യമാകണം എന്നില്ല. കാരണം അവർ അവരുടെ അറിവിന്റെയും ധാരണയുടെയും അടിസ്ഥാനത്തിൽ പറഞ്ഞതായിരിക്കും. ഉദാഹരണമായി സഅദ് ബിൻ അബീ വഖാസ്(റ)നെയെടുക്കാം. മഹാനവർകൾ പറഞ്ഞു ഞാൻ ഇസ്‌ലാമിലെ വെറും മൂന്നംഗങ്ങളിൽ ഒരാളായി ഉണ്ടായിരുന്നു. ഇമാം ബുഖാരിയാണ് ഈ പ്രസ്താവന ഉദ്ദരിച്ചത്. എന്നാൽ ചരിത്രപരമായി ആദ്യത്തെ നാലാളുകളിൽ സഅദ് (റ) ഉൾപെടില്ല എന്നത് തീർച്ചയാണ്. അപ്പോൾ പുരുഷന്മാരിൽ മൂന്നാമത്തെയാൾ എന്ന കാഴ്ചപ്പാടിലായിരിക്കും പ്രസ്തുത എണ്ണം നിർണയിച്ചത്. അല്ലെങ്കിൽസ്ത്രീകളെയും കുട്ടികളെയും ഭൃത്യന്മാരെയും എണ്ണാതെയും ആകാം. അതൊന്നുമല്ലെങ്കിൽ സ്വന്തം അറിവിന്റെയും ലഭിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിലായിരിക്കാം.
ഏറ്റവും ആദ്യം ഇസ് ലാം സ്വീകരിച്ച നാലുപേർ ബീവി ബദീജ, അബൂബക്കർ സിദീഖ്, അലി ബിൻ അബീത്വാലിബ്, സൈദ് ബിൻ ഹാരിസ (റ) എന്നിവരാണ്. സ്ത്രീ, പുരുഷൻ, കുട്ടി, ഭൃത്യൻ എന്നീ നാല് വിഭാഗമായി വേർതിരിച്ചു നിർണയിച്ചാൽ ഓരോ വിഭാഗത്തിലെയും ഒന്നാമത്തെയാൾ ഈ നാലു പേരിൽ ഓരോരുത്തരായിരിക്കും.ഉമർ(റ) ഇസ്ലാം സ്വീകരിച്ചവരിൽ നാൽപതാമത്തെ ആളായിട്ടാണ് ഗണിക്കപ്പെടുന്നത്..
ആദ്യഘട്ടത്തിൽ ഇസ്‌ലാം സ്വീകരിച്ച ഏഴുപത്തി മൂന്ന് ആളുകളുൾ ഇവരൊക്കെയാണ്. 1 അബൂബക്കർ 2ഖദീജ 3 അലി 4 സൈദ് ബിൻ ഹാരിസ 5 ബിലാൽ 6 ആമിർ ബിൻ ഫുഹൈറ 7 അബൂ ഫുകൈഹ 8 ഷഖ്റാൻ 9 അമ്മാർ ബിൻ യാസിർ 10 സുമയ്യ 11 യാസിർ 12 ഉമ്മു ഐമൻ 13 ഖാലിദ് ബിൻ സഈദ് ബിൻ അൽ ആസ് 14 ഉസ്മാൻ ബിൻ അഫ്ഫാൻ 15 ആമിന ബിൻത് ഖലഫ് 16 സഅദ് ബിൻ അബീവഖാസ് 17 ത്വൽഹത് ബിൻ ഉബൈദില്ലാഹ് 18 സുബൈർ ബിൻ അൽ അവാം 19 അബ്ദുറഹ്മാൻ ബിൻ ഔഫ് 20 അയ്യാഷ് ബിൻ റബീഅ: 21 മിസ് അബ് ബിൻ ഉമൈർ 22 സുഹൈൽ ബിൻസിനാൻ 23 ഉസ്മാൻ ബിൻ മള്ഗൂൻ 24 മിഖ്ദാദ് 25 അർഖം ബിൻ അൽ അർഖം 26 ഉമ്മുൽ ഫള്ൽ 27 അബൂ റാഫിഅ് 28 അബൂസലമ: 29 ഉമ്മുസലമ(ഹിന്ദ്) 30 അബൂ ഉബൈദ: 31ഖബ്ബാ ബിൻ അൽ അറത്ത് 32 ഖുദാമ: ബിൻ മള്ഗൂൻ 33 സഈദ് ബിൻ സൈദ് 34 ഫാത്വിമ ബിൻത് ഖത്താബ് 35 ഉത്ബത് ബിൻ ഗസ്‌വാൻ 36 അബ്ദുല്ല ബിൻ മസ്ഊദ് 37 ഉമൈർ ബിൻ അബീവഖാസ് 38 ഉബൈദത്ത് ബിൻ ഹാരിസ് 39 ഖുദാമത്ത് ബിൻ മള്ഗൂൻ 40 അബ്ദുല്ലാ ബിൻ മള്ഗൂൻ 41അബ്ദുല്ലാ ബിൻ ഖൈസ് 42 ഖുനൈസ് ബിൻ ഹുദാഫ 43 അസ്മാ ബിൻതു സിദ്ദീഖ് 44 സലീത്വ് ബിൻ അംറ് 45 ഇബ്ൻ ഖുസൈമതുൽ ഖാർറ 46 ഉത്ബത് ബിൻ മസ്ഊദ് 47 അംറ് ബിൻ അബസ 48 ആമിർ ബിൻ റബീഅ അൽ അനസി 49 അബൂദർറ് അൽ ഗിഫാരി 50 മാസിൻ ബിൻ മാലിക് 51 ഹാത്വിബ് ബിൻ അൽഹാരിസ് 52 ജഅ്ഫർ ബിൻ അബീത്വാലിബ് 53 അസ്മാ ബിൻത് ഉമൈസ് 54 അബ്ദുല്ലാ ബിനു ജഹ്ഷ് 55 അനീസ് ബിൻ ജുനാദ അൽ ഗിഫാരി 56 അൽ മുത്വലിബ് ബിൻ അസ്ഹർ 57 സാഇബ് ബിൻ ഉസ്മാൻ 58 ഖത്വാബ് ബിൻ അൽഹാരിസ് 59 മഅ്മർ ബിൻ അൽഹാരിസ് 60 ഫാത്വിമ ബിൻത് മുജല്ലൽ 61അബൂ ഹുദൈഫത് ബിൻ അൽ മുഗീറ 62 ഹാത്വിബ് ബിൻ ഉമർ 63 ഇബ്നു മുലൈഹ് 64 നുഐമ് ബിൻ അബ്ദില്ലാഹ് 65 റംല ബിൻത് അബീ ഔഫ് 66 ഖാലിദ് ബിൻ ബുകൈർ 67 ആമിർ ബിൻ ബുകൈർ 68 മസ്ഊദ് ബിൻ അൽ ഖാരി 69 ഇയാസ് ബിൻ അബ്ദുയാലിൽ 70 വാഖിദ് ബിൻ അബ്ദില്ലാഹ് 71 ആഖിൽ ബിൻ ബുകൈർ 72 അസ്മാഅ് ബിൻത് സലാമ: 73 ഫക്ഹ ബിൻതു യസാർ റളിയല്ലാഹു അൻഹും....
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ-ബുഖാരി

No comments:
Post a Comment