Tweet 59/365
അബൂബക്കർ(റ):
മുത്ത് നബിﷺക്കു ശേഷം മുസ്‌ലിം സമുദായത്തിലെ പ്രഥമപൗരനായി ഗണിക്കപ്പെടുന്നത് അബൂബക്കർ(റ) വിനെയാണ്. മുതിർന്ന പുരുഷന്മാരിൽ നിന്ന് ആദ്യം ഇസ്‌ലാം സ്വീകരിച്ചതും മഹാനവർകൾ തന്നെ. സ്വഹാബികളും അനുബന്ധമായി ചില ചരിത്രകാരന്മാരും ആദ്യം ഇസ്‌ലാം സ്വീകരിച്ചവരെ എണ്ണുമ്പോൾ നബിﷺയുടെ അടുത്ത കുടുംബക്കാരെ എണ്ണാറില്ല. അങ്ങനെ വരുമ്പോൾ ഒന്നാമതായി ഇസ്‌ലാം സ്വീകരിച്ചയാൾ എന്ന പ്രയോഗത്തിൽ അബൂബക്കർ(റ) പലപ്പോഴും കടന്നു വരും. അത്വീഖ് അല്ലെങ്കിൽ അബ്ദുല്ലാഹ് എന്നായിരുന്നു മഹാനവർകളുടെ യഥാർത്ഥ പേര്. ചെറുപ്പം മുതലേ നബിﷺയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. നബിﷺ പ്രവാചകത്വം പ്രഖ്യാപിച്ചതിൽ പിന്നെ ഖുറൈശികൾ അബൂബക്കറി(റ)നോട് പറഞ്ഞു. നിങ്ങളുടെ സുഹൃത്ത് ബഹുദൈവങ്ങളെ നിരാകരിക്കുന്നു. പാരമ്പര്യ വിശ്വാസത്തെ വിമർശിക്കുന്നു. അത് വിവേക ശൂന്യമാണെന്ന് വാദിക്കുന്നു. ഉടനെ അദ്ദേഹം നബിﷺയോട് ചോദിച്ചു 'ഖുറൈശികൾ പറയുന്നത് ശരിയാണോ?' നബിﷺ പറഞ്ഞു 'ശരിയാണ്, ഞാൻ അല്ലാഹുവിന്റെ പ്രവാചകനാണ്. അവന്റെ ദൗത്യം ഏൽപ്പിക്കപ്പെട്ട ദൂതനാണ്. ഞാൻ നിങ്ങളെ ആ യാഥാർത്ഥ്യത്തിലേക്ക് ക്ഷണിക്കുന്നു. കേട്ടമാത്രയിൽതന്നെ പറഞ്ഞു. സർവ്വാത്മനാ ഞാൻ അതംഗീകരിക്കുന്നു'. നബിﷺ ഖുർആൻ ഓതിക്കേൾപ്പിച്ചു. ആദരപൂർവ്വം അത് സ്വീകരിച്ചു. നബിﷺ പറഞ്ഞു. ഞാൻ ഏതൊരാളെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചപ്പോഴും അവർ ആശങ്കപ്പെടുകയോ സംശയിക്കുകയോ ചെയ്തു. എന്നാൽ അബൂബക്കർ എന്നെ ഉടനടി അംഗീകരിച്ചു. അണുവോളം സംശയിക്കുകയോ അൽപമെങ്കിലും വൈകുകയോ ചെയ്തില്ല.
മറ്റൊരിക്കൽ ഒരു വിധി പ്രസ്താവനയുടെ സന്ദർഭം. ഉമർ(റ) അടക്കം പലരും സദസ്സിലുണ്ട്. നബിﷺ പറഞ്ഞു. "അല്ലാഹു എന്നെ നിയോഗിച്ചു. അത് ഞാൻ പ്രഖ്യാപിച്ചു. അപ്പോൾ നിങ്ങളിൽ പലരും എന്നെ നിരാകരിച്ചു. കളവാണെന്ന് പറഞ്ഞു. അപ്പോൾ അബൂബക്കർ എന്നോടൊപ്പം നിന്നു. സത്യം തന്നെയാണെന്ന് എന്നെ അംഗീകരിച്ചു"
അബൂബക്കർ(റ) നേരത്തേ തന്നെ നീതിമാനും കാര്യസ്ഥനുമായിരുന്നു. വ്യാപാരിയും സമ്പന്നനും ഉദാരമനസ്കനുമായിരുന്നു. ജനക്ഷേമ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്നു. ജനങ്ങൾ പൊതുകാര്യങ്ങളിൽ അദ്ദേഹത്തെ ആശ്രയിച്ചിരുന്നു. അറബ് നാട്ടിലെ ഗോത്രങ്ങളെ കുറിച്ചും അവരുടെ പരമ്പരകളെ കുറിച്ചും അഗാധ ജ്ഞാനമുണ്ടായിരുന്നു അദ്ദേഹത്തിന്. പിതാവ് അബൂ ഖുഹാഫയുടെ എട്ടാമത്തെ പിതാമഹനും മുത്തു നബിയുﷺടെ ഏഴാമത്തെ പിതാമഹനും 'മുർറ' എന്നവരായിരുന്നു. അഥവാ പിതൃ പരമ്പരകൾ സന്ധിച്ചിരുന്നു.
അബൂബക്കർ ഇസ്‌ലാം പ്രഖ്യാപിച്ചപ്പോൾ നബിﷺ ഏറെ സന്തോഷിച്ചു. സിറിയയിലെ പുരോഹിതൻ നൽകിയ മുന്നറിയിപ്പും അവിടെ വെച്ചുണ്ടായ സ്വപ്ന ദർശനവും അബൂബക്കർ(റ)വിന് ആവേശം പകർന്നു. ഇക്കാര്യങ്ങളെല്ലാം അങ്ങോട്ട് പറയും മുമ്പ് ഇങ്ങോട്ടു പറഞ്ഞ നബിﷺയെക്കുറിച്ച് ആത്മവിശ്വാസവും അഭിമാനവുമുണ്ടായി. മുത്ത് നബിﷺയെക്കാളും മൂന്ന് വയസ് പ്രായം കുറവാണെങ്കിലും രണ്ടു പേരും നേരത്തേ തന്നെ പരസ്പരം നല്ല സൗഹൃദത്തിലും സ്നേഹത്തിലുമായിരുന്നു. കുടുംബങ്ങളും ആ സൗഹൃദത്തിൽ പങ്കു ചേർന്നു. ബീവി ഖദീജ(റ) നബിﷺയുടെ നിയോഗത്തെ കുറിച്ച് അബൂബക്കർ(റ)നോട് വിശദീകരണം തേടിയ സന്ദർഭം നാം നേരത്തേ വായിച്ചിരുന്നു.
ഇസ്‌ലാം സ്വീകരിച്ച അന്ന് മുതൽ തന്നെ അദ്ദേഹം പ്രബോധനവും തുടങ്ങി. അടുത്ത സുഹൃത്തുക്കളെയും മിത്രങ്ങളെയും കാര്യങ്ങൾ ബോധ്യപ്പെടുത്തി. പ്രമാണികളും ബുദ്ധിശാലികളുമായ പലരും അതുവഴി ഇസ്‌ലാമിനെ അടുത്തറിഞ്ഞു. അവരെ നബി സന്നിധിയിൽ എത്തിച്ചു. അവരിൽ ഏറെപ്പേരും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. പ്രസ്തുത ഗണത്തിലെ ആദ്യ ലിസ്റ്റ് ഇപ്രകാരമാണ്.
1.ഉസ്മാനു ബിനു അഫ്ഫാൻ
2.സുബൈർ ബിൻ അൽ അവാം
3.ത്വൽഹ ബിൻ ഉബൈദില്ലാഹ്
4.സഅദ് ബിൻ അബീ വഖാസ്
5.അബ്ദുർ റഹ്മാൻ ബിൻ ഔഫ്
6.ഉസ്മാൻ ബിൻ മള് ഗൂൻ
7.അബൂസലമത് ബിൻ അബ്ദുൽ അസദ്
8.അബൂ ഉബൈദ അൽ ജർറാഹ്
9.ഖാലിദ് ബിൻ സഈദ്
10. അർഖം ബിൻ അബിൽ അർഖം
(റളിയല്ലാഹു അൻഹും)
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോമുഹമ്മദ് ഫാറൂഖ് നഈമി അൽ-ബുഖാരി

No comments:
Post a Comment