Tweet 65/365
ഞാൻ നബിസന്നിധിയിൽ നിന്നു പുറപ്പെട്ടു. കഅബയുടെ അടുത്തെത്തി. ഖുറൈശീ പ്രമുഖരെല്ലാം അവിടെയുണ്ട്. ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹ്... ഞാൻ സാക്ഷ്യം വഹിക്കുന്നു, അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ല. മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാകുന്നു.. ഉടനെ അവർ വിളിച്ചു പറഞ്ഞു. ഈ 'സാബിഇ' യെ പിടിക്കൂ.. അവർ ഒന്നാകെ എനിക്കെതിരെ തിരിഞ്ഞു. എന്നെ കൊല്ലാൻമാത്രം അവർ തല്ലി. അവർ എന്നെ മറിച്ചിട്ടു. ഉടനെ അബ്ബാസ്(റ) ഓടി വന്നു. എന്നെ വലയം ചെയ്തു. എന്നിട്ടു വിളിച്ചു പറഞ്ഞു. നിങ്ങൾക്കും നാശം! ഇത് ഗിഫാർ ഗോത്രക്കാരനല്ലെ? ഇവരുടെ നാട്ടിലൂടെയല്ലേ നമ്മുടെ കച്ചവട സംഘങ്ങൾ കടന്നു പോകേണ്ടത്? അപ്പോൾ അവർ എന്നെ വിട്ടയച്ചു.
അടുത്ത ദിവസവും ഞാൻ കഅബയുടെ അടുത്തെത്തി സത്യവാചകം ഉറക്കെ വിളിച്ചു പറഞ്ഞു. തലേ ദിവസത്തെ പോലെ അവർ എന്നെ അക്രമിച്ചു. കഴിഞ്ഞ ദിവസത്തെ പോലെ അബ്ബാസ്(റ) വന്നു രക്ഷപ്പെടുത്തി. അവർ എന്നെ വിട്ടയച്ചു.
അന്നു രാത്രിയിൽ എന്നെ സൽകരിക്കാൻ അബൂബക്കർ(റ) നബി ﷺ യോട് സമ്മതം ചോദിച്ചു. അവിടുന്ന് സമ്മതം നൽകി. അങ്ങനെ ഞാൻ മുത്ത്നബി ﷺ ക്കൊപ്പം അബൂബക്കറി(റ)ന്റെ വീട്ടിൽ എത്തി. ത്വാഇഫിലെ ഉണക്കമുന്തിരി നൽകി എന്നെ സ്വീകരിച്ചു. മക്കയിൽ നിന്നു കഴിച്ച ആദ്യത്തെ ഭക്ഷണമായിരുന്നു അത്. ശേഷം ഞാൻ നബി ﷺ യുടെ ചാരത്തിരുന്നു. അവിടുന്ന് പറഞ്ഞു. ഈത്തപ്പനകൾ നിറഞ്ഞ ഒരു നാട്ടിലേക്ക് എനിക്ക് ദിശ കാണിക്കപ്പെട്ടിട്ടുണ്ട്.
യസ്'രിബാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നിങ്ങൾ നിങ്ങളുടെ ജനങ്ങൾക്ക് ഈ സന്ദേശം എത്തിച്ചു കൊടുക്കാമോ? അവർക്കത് പ്രയോജനം ചെയ്യും. നിങ്ങൾക്കത് വഴി പ്രതിഫലവും ലഭിക്കും.
ഞാൻ നാട്ടിലേക്ക് മടങ്ങി. സഹോദരൻ ഉനൈസിന്റെ അടുത്തെത്തി. അദ്ദേഹം ചോദിച്ചു, എന്തായി? ഞാൻ പറഞ്ഞു, ഞാൻ ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകൻ ﷺ സത്യദൂതനാണെന്ന് ഞാനംഗീകരിക്കുന്നു. ശരി, നിങ്ങൾ ഉൾക്കൊണ്ട മതത്തിനപ്പുറം എനിക്കൊരു മതം ഇല്ല. ഞാനും ഇസ്‌ലാം സ്വീകരിക്കുകയാണ്. അപ്പോൾ ഞങ്ങളുടെ ഉമ്മ അടുത്തേക്ക് വന്നു. കാര്യങ്ങൾ അന്വേഷിച്ചു. നിങ്ങൾ രണ്ടു പേരും സ്വീകരിച്ച മതം ഞാനും അംഗീകരിക്കുന്നു. ഉമ്മയും ഇസ്‌ലാമിലേക്ക് വന്നു.
ഗിഫാർ ഗോത്രത്തെ ഞാൻ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അവരിൽ പകുതി ആളുകൾ ഇസ്‌ലാം ആശ്ലേഷിച്ചു. പകുതി ആളുകൾ പറഞ്ഞു, പ്രവാചകൻ യസ്'രിബിലേക്ക് വരട്ടെ ഞങ്ങൾ അംഗീകരിക്കാം. നബി ﷺ പലായനം ചെയ്ത് യസ്'രിബിലെത്തിയപ്പോൾ അവർ മുഴുവൻ വിശ്വാസം പ്രഖ്യാപിച്ചു. ഇതറിഞ്ഞ തൊട്ടടുത്തുള്ള 'അസ്‌ലം' ഗോത്രം നബി ﷺ യെ സമീപിച്ചു. അവർ പറഞ്ഞു, ഞങ്ങളുടെ സഹോദര ഗോത്രക്കാർ വിശ്വസിച്ച ആദർശം ഞങ്ങളും സ്വീകരിക്കുന്നു. നബി ﷺക്ക് ഏറെ സന്തോഷമായി. അവിടുന്നിപ്രകാരം പറഞ്ഞു. ഗിഫാർ ഗോത്രക്കാർക്ക് അല്ലാഹു ഗുഫ്റാൻ (പാപമോചനം) നൽകട്ടെ! അസ്‌ലം ഗോത്രക്കാർക്ക് അല്ലാഹു സലാമത്ത് (സുരക്ഷ) നൽകട്ടെ!(ഗോത്രങ്ങളുടെ പേരിനോട് ചേർന്ന പദങ്ങൾ പ്രയോഗിച്ച് പ്രാർത്ഥിച്ചു.)
ഇമാം ബുഖാരി(റ)യുടെ നിവേദനത്തിൽ ഇപ്രകാരം ഒരു വിവരണം കൂടി വായിക്കാം. അബ്ദുല്ലാഹിബിന് സ്വാമിതിനോട് അബൂദർറ് അൽ ഗിഫാരി(റ) പറഞ്ഞു. അല്ലയോ സഹോദരപുത്രാ.. നബി ﷺ യെ കണ്ടുമുട്ടുന്നതിന് മുമ്പ് മൂന്ന് വർഷം ഞാൻ നിസ്കാരം നിർവഹിച്ചു. അദ്ദേഹം ചോദിച്ചു, ആർക്ക് വേണ്ടിയാണ് നിസ്കരിച്ചത്? അല്ലാഹുവിന് വേണ്ടി. ഏത് ദിശയിലേക്ക് തിരിഞ്ഞാണ് നിസ്കാരം നിർവ്വഹിച്ചത്? അല്ലാഹു എന്നെ എങ്ങോട്ട് തിരിച്ചോ അവിടേക്ക് തിരിയുമായിരുന്നു. രാത്രി ഏറെ വൈകിയും നിസ്കരിക്കും. ശേഷം സൂര്യൻ ഉദിക്കുന്നത് വരെ വിശ്രമിക്കും.
അഞ്ചാമതായി ഇസ്‌ലാം സ്വീകരിച്ച ആൾ എന്ന പ്രയോഗവും മഹാനവർകളെ കുറിച്ച് ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്.
മുത്ത് നബി ﷺ യുടെ ചരിത്രവായനക്കിടയിൽ പ്രധാന മുഹൂർത്തങ്ങളിൽ അബൂദർറ് (റ) പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

No comments:
Post a Comment