മക്കയിൽ ഇസ്‌ലാമിക പ്രബോധനം നാൾക്കുനാൾ ചർച്ചയാവുകയാണ്. നബിﷺയും വിശ്വാസികളും രഹസ്യമായി ആരാധനകൾ നിർവ്വഹിക്കുമ്പോഴും പാത്തും പതുങ്ങിയും ആളുകൾ വർദ്ധിച്ചു കൊണ്ടിരുന്നു. നബിﷺ അർഖം ബിൻ അൽഖമിന്റെ വീട് അഥവാ 'ദാറുൽ അർഖം' കേന്ദ്രീകരിച്ചു പ്രവർത്തനങ്ങൾ നടത്തി. കഅബയിൽ നിന്ന് നൂറ്റിമുപ്പത് മീറ്റർ ദൂരെ സ്വഫാ കുന്നിനോട് ചേർന്നായിരുന്നു ഈ ഭവനം.
ഇസ്‌ലാം സ്വീകരിച്ച ഏകദേശം മുപ്പത്തിയെട്ട് വിശ്വാസികളായി. അബൂബക്കർ മുത്ത്' നബിﷺയോട് ചോദിച്ചു. ഇസ്‌ലാമിക വിശ്വാസം പരസ്യമായി ഒന്നു പ്രഖ്യാപിച്ചാലോ? നബിﷺ പറഞ്ഞു ഓ അബൂബക്കറേ നമ്മൾ കുറഞ്ഞ ആളുകളല്ലേ ഉള്ളൂ? പക്ഷേ, സിദ്ദീഖിന് പരസ്യമായി പ്രഖ്യാപിക്കാൻ വല്ലാത്ത താത്പര്യം. അദ്ദേഹം ആവശ്യം ഉന്നയിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ നബിﷺ ദാറുൽ അർഖമിൽ നിന്ന് പുറത്തിറങ്ങി. വിശ്വാസികൾ പള്ളിയുടെ പല ഭാഗത്തേക്കുമായി നിന്നു. അബുബക്കർ കഅബയുടെ അടുത്തെത്തി. ഇസ്‌ലാമിലെ ആദ്യത്തെ പ്രഭാഷണം തുടങ്ങാൻ പോവുകയാണ്. പ്രഭാഷകൻ സിദ്ദീഖ് തന്നെ. പ്രവാചകൻ അകലെയല്ലാതെ ഇരിക്കുന്നുണ്ട്. അല്ലാഹുവിലേക്കും അവൻറെ ദൂതനിലേക്കും ക്ഷണിച്ചു കൊണ്ട് പ്രഭാഷണമാരംഭിച്ചു. മുശ്രിക്കുകൾ ഒന്നടങ്കം ചീറിയടുത്തു. കിട്ടിയതുകൊണ്ടൊക്കെ അവർ മർദ്ദിച്ചു. ചവിട്ടും തൊഴിയുമൊക്കെയേൽക്കേണ്ടി വന്നു. ഒടുവിൽ ഉത്ബ: ബിൻ റബീഅ:എന്ന തെമ്മാടി അവന്റെ ആണി തറച്ച ചെരുപ്പ് കൊണ്ട് മുഖത്തടിച്ചു. മൂക്ക് വേർതിരിച്ചറിയാത്ത വിധം പരിക്കേൽപിച്ചു. അതോടെ അബൂബകറിന്റെ ഗോത്രക്കാരായ ബനൂ തൈം രംഗത്തെത്തി. സിദ്ദീക്ക് ഇതോടെ മരണപ്പെടും എന്നെല്ലാവരും ഉറപ്പിച്ചു. ബോധരഹിതനായ അദ്ദേഹത്തെ കുടുംബക്കാർ ഒരു വസ്ത്രത്തിൽ വഹിച്ച് വീട്ടിലേക്ക് മാറ്റി. ഈ മർദ്ദനത്തിൽ അബൂബക്കർ മരണപ്പെട്ടാൽ ഉത്ബ: യെ വധിച്ചു കളയുമെന്ന് ബനൂ തൈം പ്രഖ്യാപിച്ചു. അബൂബകറിൻ്റെ പിതാവ് അബൂഖുഹാഫയും കുടുംബക്കാരും അദ്ദേഹത്തിന്റെ ബോധം തെളിയുന്നതും കാത്തിരുന്നു. വൈകുന്നേരമായപ്പോൾ മെല്ലെ കണ്ണുതുറന്നു. ഉടനേ അദ്ദേഹം ചോദിച്ചു നബിﷺയുടെ വിവരം എന്താണ്? ഇതെന്തൊരത്ഭുതം എല്ലാവരും സിദീഖിനെ കുറ്റപ്പെടുത്തി.(ഇപ്പോഴും പ്രവാചകനെ അന്വേഷിക്കുകയാണോ? എന്ന്) അവർ അബൂബക്കറിന്റെ ഉമ്മ ഉമ്മുൽ ഖൈറിനോട് പറഞ്ഞു. നോക്കൂ നീ മോന് എന്തെങ്കിലും കുടിക്കാനോ കഴിക്കാനോ കൊടുക്കൂ. ഉമ്മ അടുത്തേക്ക് വന്നു. ഉടനെ മകൻചോദിച്ചു ഉമ്മാ നബിﷺ എന്തായി? മോനെ എനിക്കൊരു വിവരവും ഇല്ല. എന്ന് പറഞ്ഞ് വല്ലതും കുടിക്കാൻ നിർബന്ധിച്ചു. മകൻ പറഞ്ഞു. ഉമ്മാ ഉമറിന്റെ സഹോദരി ഉമ്മു ജമീലിനോട് ഒന്നന്വേഷിച്ചു വരുമോ? ഉമ്മ പുറപ്പെട്ടു. ഉമ്മു ജമീലിനോട് പറഞ്ഞു. അബൂബക്കർ അന്വേഷിക്കുന്നു മുഹമ്മദ് നബി എവിടെയാണുള്ളതെന്ന്? അവൾ പറഞ്ഞു എനിക്ക് അബൂബക്കറിനെയും അറിയില്ല മുഹമ്മദ് നബിയെയും അറിയില്ല. നിങ്ങൾക്കിഷ്ടമാമാണെങ്കിൽ ഞാൻ നിങ്ങൾക്കൊപ്പം വരാം. ഒപ്പം നടന്നു. അബൂബക്കറിന്റെ അടുത്തെത്തി. കണ്ടമാത്രയിൽ വിളിച്ചു പറഞ്ഞു. നിങ്ങളെ അക്രമിച്ചവർ സത്യനിഷേധികളും തെമ്മാടികളുമാണ്. ഇനിയും അവരിൽ നിന്ന് പരീക്ഷണങ്ങൾ നേരിടേണ്ടിവരും. അബുബക്കർ ചോദിച്ചു നബിﷺ എന്തായി? ഉടനെ ഉമ്മു ജമീൽ ചോദിച്ചു. നിങ്ങളുടെ ഉമ്മ കേൾകൂലെ ?(നേരത്തെ അറിയില്ലെന്ന് പറഞ്ഞ് ഒപ്പം വന്നതും ഇപ്പോൾ ഇങ്ങനെ ചോദിച്ചതും ഇസ്‌ലാം സ്വീകരിക്കാത്ത ഉമ്മുൽ ഖൈറിനോട് രഹസ്യം വെളിപ്പെടുത്താതിരിക്കാനായിരുന്നു) അബൂബക്കർ പറഞ്ഞു. അത് കുഴപ്പമില്ല പറഞ്ഞോളൂ. ഉമ്മു ജമീൽ പറഞ്ഞു. നബിﷺക്ക് ഒന്നും സംഭവിച്ചിട്ടില്ല സുരക്ഷിതമായി ഇരിപ്പുണ്ട്. എവിടെയാണുള്ളത്? ദാറുൽ അർഖമിലാണുള്ളത്. ഉടനെ അബൂബക്കർ പറഞ്ഞു. അല്ലാഹു സത്യം ഞാനിനി നബിﷺയെക്കണ്ടിട്ടേ വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ഉള്ളൂ. അടുത്തുള്ളവർ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ആളുകൾ അടങ്ങിയപ്പോൾ ഉമ്മയുടെ തോളിൽ താങ്ങി നബി സവിധത്തിലേക്ക് നീങ്ങി. കണ്ടമാത്രയിൽ നബിﷺ പുറത്തേക്ക് വന്നു. ആലിംഗനം ചെയ്ത് വിതുമ്പലുകളോടെ ചുംബനം നൽകി.. അവിടെയുള്ള വിശ്വാസികൾ കണ്ണീർ വാർത്തുകൊണ്ട് ആലിംഗനം ചെയ്തു. ചുംബനങ്ങൾ നൽകി. ഉടനേ സിദീഖ് പറഞ്ഞു. ഉപ്പയേക്കാൾ ഉമ്മയേക്കാൾ എനിക്ക് പ്രിയപ്പെട്ട നബിയേ എനിക്കൊന്നും സംഭവിച്ചിട്ടില്ല. അവർ എന്റെ മുഖത്ത് പരിക്കേൽപിച്ചെന്നേ ഉള്ളൂ. സാരമാക്കാൻ ഒന്നുമില്ല. ഇതെന്റെ ഉമ്മ ഉമ്മുൽ ഖൈർ മകനോട് വലിയ വാത്സല്യമാണ്. അവിടുന്ന് എന്റെ ഉമ്മയെ ഒന്നു രക്ഷപ്പെടുത്തണം. അവിടുന്ന് അനുഗ്രഹമാണ്. എന്റെ ഉമ്മയെ നരകത്തിൽ നിന്നൊന്ന് കാത്ത് തരണം. നബിﷺ അവർക്കു വേണ്ടി പ്രാർത്ഥിച്ചു. ശേഷം അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. ഉമ്മുൽ ഖൈർ വിശ്വാസിനിയായി. അശ്ഹദു അൻ ലാഇലാഹഇല്ലല്ലാഹ്...
(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

No comments:
Post a Comment