Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, August 23, 2022

മഹബ്ബ ക്യാമ്പയിൻ || ട്വീറ്റ് 70/365 ||മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

✍️ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം 
Tweet 70/365
ഹംസ(റ)യുടെ ഇസ്ലാം ആശ്ലേഷം ഖുറൈശികളെ അലോസരപ്പെടുത്തി. ഖുർആനിന്റെ സന്ദർഭാനുസാരമുള്ള അവതരണം അവർക്ക് തലവേദനയായി. പ്രവാചകരെﷺ എങ്ങനെയും നേരിടണം. ആരോപണങ്ങളോ ആക്രമണങ്ങളോ എന്തു വഴിയും സ്വീകരിക്കാം. അവർ തീരുമാനിച്ചു. അങ്ങനെ ഖുറൈശീ പ്രമുഖർ ഒത്തുകൂടി. അവർ ഒരു തീരുമാനത്തിലെത്തി. നമ്മുടെ കൂട്ടത്തിൽ മാരണം, ജോത്സ്യം, കവിത എന്നിവയിൽ പ്രാവീണ്യമുള്ള ഒരാൾ മുഹമ്മദ്ﷺനെ സമീപിച്ച് സംസാരിക്കണം. എന്താണ് മറുപടി പറയുന്നത് എന്ന് പരിശോധിക്കണം. ഇവയിൽ ഏത് വിദ്യയാണ് മുഹമ്മദിﷺന്റെ പക്കലുള്ളത് എന്ന് തീർച്ചപ്പെടുത്തണം. അതിനാരാണ് സംസാരിക്കാൻ യോഗ്യനായ ആൾ. എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. ഉത്ബത് ബിൻ റബീഅയല്ലാതെ മറ്റാരാണ്. അവർ അദ്ദേഹത്തെ വിളിച്ചു. അല്ലയോ അബുൽ വലീദ് നിങ്ങൾ ഈ ദൗത്യം ഏറ്റെടുക്കണം.

ഉത്ബ നബിﷺയെ കണ്ടുമുട്ടി. അയാൾ സംസാരിക്കാൻ തുടങ്ങി. അല്ലയോ സഹോദര പുത്രാ. നിങ്ങൾ ഉന്നത കുടുംബക്കാരനും സ്ഥാനമഹത്വങ്ങൾ ഉള്ളവരുമാണ്. എന്നാൽ ഈ പ്രവാചകത്വ പ്രഖ്യാപനം വഴി എത്ര വലിയ ബാധ്യതയാണ് ഈ ജനതയിൽ വരുത്തിവെച്ചത്. മുൻഗാമികളെ നിരാകരിച്ചു. അവർ ബുദ്ധിയില്ലാത്തവരായി. അവരുടെ ദൈവങ്ങളെ നിഷേധിച്ചു. ഞാനൊന്നു ചോദിക്കട്ടെ അബ്ദുല്ലയേക്കാൾ ഔന്നിത്യം നിങ്ങൾക്കാണോ? അബ്ദുൽ മുത്വലിബിനേക്കാൾ മഹാനാണോ നിങ്ങൾ? അവരാണ് ഉന്നതരെങ്കിൽ അവരാരും ഇപ്രകാരമൊന്നും ചെയ്തില്ലല്ലോ? അതല്ല അവരേക്കാൾ മേന്മ നിങ്ങൾക്കാണെങ്കിൽ പറയൂ. നിങ്ങൾ പറയുന്നതൊന്ന് കേൾക്കട്ടെ. ഒരു ജനതക്കും ഇത്രമേൽ അപകീർത്തി നൽകിയ ഒരു കുഞ്ഞാടുണ്ടായിട്ടില്ല. ദൈവങ്ങളെ ആക്ഷേപിച്ചു. ഒത്തൊരുമ ഇല്ലാതാക്കി. അറബികൾക്കിടയിൽ മാനം കെടുത്തി. അവസാനമിപ്പോൾ എല്ലാവരും പറയാൻ തുടങ്ങി. ഖുറൈശികളിൽ ഒരു ജോത്സ്യൻ വന്നു, മാരണക്കാരൻ പ്രത്യക്ഷപ്പെട്ടു എന്നൊക്കെ. ഇതിങ്ങനെ പോയാൽ കാര്യം കയ്യാങ്കളിയിലെത്തും. വാളെടുത്ത് ചേരിതിരിഞ്ഞ് പോരടിക്കും. അത് കൊണ്ട് ഞാൻ ചില കാര്യങ്ങൾ പറയാം. അതിൽ നിങ്ങൾക്കു എന്താണാവശ്യം എന്ന് പറഞ്ഞാൽ മതി. നബിﷺ പറഞ്ഞു. ശരി നിങ്ങൾ പറയാനുള്ളത് പറയൂ ഞാൻ കേൾക്കട്ടെ.

ഉത്ബ: തുടർന്നു. അല്ലയോ സഹോദരപുത്രാ.. നിങ്ങൾ ഈ അവതരിപ്പിച്ച മാർഗ്ഗത്തിൻ്റെ താത്പര്യം സാമ്പത്തികമാണോ? എന്നാൽ ഞങ്ങൾ പരമാവധി സമാഹരിച്ച് ഇവിടത്തെ ഏറ്റവും സമ്പന്നനാക്കി നിങ്ങളെ വാഴ്ത്താം. അതല്ല നേതൃത്വമാണ് താത്പര്യമെങ്കിൽ ഞങ്ങളെല്ലാം മുറിയാതെ നിങ്ങളെ പിന്തുടർന്നോളാം. നേതാവായി അംഗീകരിക്കാം. അതുമല്ല, രാജപദവി നേടിയെടുക്കാനാണോ ലക്ഷ്യം എന്നാൽ ഞങ്ങൾ രാജാവായി അംഗീകരിച്ചോളാം. അതൊന്നുമല്ല, വല്ല വിചാരത്തിലും അകപ്പെട്ടു പോയതാണെങ്കിൽ എന്ത് വില നൽകിയും നമുക്ക് ചികിത്സിക്കാം. ഏത് ചികിത്സകനെ വേണമെങ്കിലും എത്തിക്കാം.

നബിﷺ എല്ലാം ശ്രദ്ധാപൂർവ്വം കേട്ടിരുന്നു. ശേഷം ചോദിച്ചു, ഓ അബുൽ വലീദ് നിങ്ങൾക്ക് പറയാനുള്ളതൊക്കെ കഴിഞ്ഞോ? എന്നാൽ എനിക്ക് പറയാനുള്ളത് പറയാം നിങ്ങൾ കേൾക്കാമോ? അതെ, ഉത്ബ സമ്മതിച്ചു.
നബിﷺ ആരംഭിച്ചു. ബിസ്മില്ലാഹി... വിശുദ്ധ ഖുർആനിലെ നാൽപത്തി ഒന്നാമത്തെ അധ്യായത്തിന്റെ ആദ്യഭാഗം ഓതിക്കേൾപ്പിച്ചു. (ഹാമീം....) സൂക്തങ്ങളുടെ ആശയം ഇപ്രകാരം വായിക്കാം.. "ഹാമിം.. ഉൾകൊള്ളുന്നവർക്കായി അറബി ഭാഷയിൽ പാരായണം ചെയ്യപ്പെടുന്ന, വചനങ്ങൾ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. സുവിശേഷവും താക്കീതും നൽകുന്ന ഈ ഗ്രന്ഥം പക്ഷേ അധികം പേരും കേട്ട് മനസ്സിലാക്കാതെ തിരിഞ്ഞുകളയുന്നു."

ഇങ്ങനെ തുടർന്ന് പതിമൂന്നാമത്തെ സൂക്തമെത്തി. ആശയം ഇങ്ങനെയാണ്. "അവർ തിരിഞ്ഞു കളയുന്ന പക്ഷം പ്രവാചകരേ അവരോട് പറഞ്ഞേക്കുക ആദ് സമൂദ് ജനതകൾക്കുണ്ടായ ഭയങ്കരമായ ശിക്ഷയുണ്ട്. അത് പോലെ ഭയാനകരമായത് നിങ്ങൾക്കും സംഭവിച്ചേക്കാം. താക്കീത് നൽകുന്നു."

ഇത് വരെ ശ്രദ്ധാപൂർവ്വം കേട്ടിരുന്ന അയാൾ ഈ സൂക്ത മെത്തിയപ്പോൾ നബിﷺയുടെ വായപൊത്താൻ ശ്രമിച്ചു. എന്നിട്ടയാൾ അപേക്ഷിച്ചു ഇതിനപ്പുറം വേണ്ട!
സാഷ്ടാംഗം ചെയ്യേണ്ട ഭാഗം വരെ നബിﷺ പാരായണം ചെയ്തു. ശേഷം സുജൂദ് ചെയ്തു. 

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ-ബുഖാരി

No comments: