Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, August 24, 2022

മഹബ്ബ ക്യാമ്പയിൻ || ട്വീറ്റ് 71/365 ||മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

✍️ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം 
Tweet 71/365
ഖുർആൻ ഓതിക്കേൾപ്പിച്ചശേഷം നബി ﷺ ഉത്ബ:യോട് പറഞ്ഞു. എനിക്ക് നിങ്ങളെ കേൾപ്പിക്കാനുള്ളത് ഞാൻ കേൾപ്പിച്ചു. ഇനി നിങ്ങൾക്കിഷ്ടമുള്ളത്  ചെയ്യാം. മറ്റെന്തെങ്കിലും നിങ്ങൾക്കവതരിപ്പിക്കാനുണ്ടോ? ഉത്ബ: ചോദിച്ചു. നബി ﷺ പറഞ്ഞു. ഇല്ല, ഇതേ ഉള്ളൂ.

      ഉത്ബ: അവിടെ നിന്നെഴുന്നേറ്റു. തന്നെ നിയോഗിച്ച ഖുറൈശികളുടെ അടുത്തേക്ക് പോയില്ല. തത്സമയം അബൂജഹൽ കൂട്ടുകാരോട് പറഞ്ഞു. ഉത്ബ: മുഹമ്മദ് ﷺ ന്റെ വലയിൽ വീണെന്ന് തോന്നുന്നു. നല്ല ഭക്ഷണം നൽകി സൽകരിച്ചിട്ടുണ്ടാവും, അതിൽ മയങ്ങിപ്പോയിട്ടുണ്ടാകും. നമുക്കൊന്ന് പോയി നോക്കാം. അങ്ങനെന്തെങ്കിലുമില്ലെങ്കിൽ അയാൾ മടങ്ങി വരുമായിരുന്നു. എല്ലാവരും എഴുന്നേറ്റു. ഉത്ബ:യെ ലക്ഷ്യം വെച്ചു നടന്നു. അയാളെ സമീപിച്ചു. അബൂ ജഹൽ പറഞ്ഞു തുടങ്ങി. നീ ആ പ്രവാചകന്റെ ﷺ വലയിൽ വീണെന്ന് തോന്നുന്നു. അവിടുത്തെ വല്ല സൽകാരവും നിന്നെ അത്ഭുതപ്പെടുത്തിയോ? നിന്റെ ആവശ്യം എന്താണെന്ന് ഞങ്ങളോട് പറയൂ.. ഞങ്ങൾ പിരിവെടുത്തെങ്കിലും നിങ്ങൾക്ക് വിഭവങ്ങൾ തയ്യാറാക്കിത്തരാം.

    കോപാകുലനായ ഉത്ബ: ശപഥം ചെയ്തു. ഞാനൊരിക്കലും മുഹമ്മദ് ﷺ   നോട് സംസാരിക്കില്ല. നിങ്ങളിൽ ഏറ്റവും സമ്പന്നൻ ഞാനാണെന്ന് നിങ്ങൾക്കറിയാമല്ലോ ? പക്ഷേ, ഞാൻ മുഹമ്മദി ﷺ നെ സന്ദർശിച്ചു. ശേഷം, നടന്ന കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു.
അപ്പോൾ അവർ ചോദിച്ചു നിങ്ങൾ എന്താണ് പ്രതികരിച്ചത്. ഉത്ബ: പറഞ്ഞു, അവിടുന്ന് പാരായണം ചെയ്ത വാക്കുകൾ വ്യക്തമായിരുന്നു. പക്ഷേ ആശയം എനിക്ക് പൂർണമായും മനസ്സിലായിട്ടില്ല. എന്നാൽ ആദ് സമൂദ് ഗോത്രങ്ങൾക്ക് ലഭിച്ച പോലെ കടുത്ത ശിക്ഷ അവതരിച്ചേക്കും എന്ന് പറഞ്ഞപ്പോൾ ഞാൻ മുഹമ്മദ് ﷺ ന്റെ വായ പൊത്തി. കാരണം നമുക്കറിയാമല്ലോ ഇന്നേവരെ ആ വ്യക്തി പറഞ്ഞിട്ടുള്ളതെല്ലാം സംഭവിച്ചിട്ടുണ്ടെന്ന്, വാക്കുകൾ പറഞ്ഞാൽ സത്യസന്ധമാണെന്ന്.

   അവർക്ക് ദേഷ്യം പിടിച്ചു. അവർ ചോദിച്ചു, ഇതെന്ത് നാശം! അറബിയിൽ പറഞ്ഞ കാര്യം അറബിയായ നിങ്ങൾക്ക് മനസ്സിലായില്ലെന്നോ? ഉത്ബ: തുടർന്നു. ആ വാക്കുകൾ ഞാൻ ശ്രദ്ധിച്ചു. അത് കവിതയോ മാരണമോ ജോത്സ്യമോ അല്ല. അല്ലയോ ഖുറൈശികളെ അവരെ അവരുടെ വഴിക്ക് വിടുക. ആ പ്രവാചകന്റെ ﷺ വാക്കുകളിൽ വൃത്താന്തങ്ങളുണ്ട്. അത് സംഭവിച്ചാൽ അറബികൾ ഉന്നതരാകും. ജയിക്കുന്ന പക്ഷം അറബികളുടെ വിജയവും അധികാരവും നിങ്ങളുടേത് കൂടി ആയിരിക്കും.

     ഇക്കാര്യത്തിൽ നിങ്ങൾ എന്നെ ഉൾകൊളളൂ. മറ്റ് കാര്യങ്ങളൊക്കെ പോകട്ടെ. പടച്ചവൻ സത്യം! അത് പോലെ ഒരു വചനം ഞാൻ കേട്ടിട്ടേ ഇല്ല. എനിക്ക് തിരിച്ചു പറയാൻ ഒന്നുമുണ്ടായിരുന്നില്ല.
    ഇത് കേട്ടപ്പോൾ ഖുറൈശികൾ വിളിച്ചു പറഞ്ഞു. ഓ അബുൽ വലീദ്.. നിങ്ങൾക്കും ആ വ്യക്തിയുടെ മാരണം ബാധിച്ചിരിക്കുന്നു.
     ഇത്രയുമായിട്ടും അവർ പഠനത്തിന്റെയും അന്വേഷണത്തിന്റേയും വഴി തേടിയില്ല. അവർ പകയുടെയും അസൂയയുടേയും വഴിയിൽ ചിന്തിച്ചു. എങ്ങനെ ഇല്ലാതാക്കാമെന്ന് അവർ ചർച്ച ചെയ്തു.

      ഒരു സന്ധ്യാ വേളയിൽ ഖുറൈശി പ്രമുഖർ വീണ്ടും കഅബയുടെ ചാരത്ത് ഒത്തു കൂടി. മുഹമ്മദ് നബി ﷺ യെ കുറിച്ച് ചർച്ച ചെയ്തു. അവർ പുതിയ ഒരു തീരുമാനമെടുത്തു. മുഹമ്മദി ﷺ നെ ആളെ അയച്ചു വരുത്തുക. നമുക്ക് സംസാരിച്ച് തർക്കിക്കാം. ചോദ്യങ്ങൾ ഉന്നയിക്കാം. അങ്ങനെ ആളെ അയച്ചു. ഉടനെ തന്നെ നബി ﷺ എത്തിച്ചേർന്നു. സംസാരിക്കാനുള്ള ഒരവസരം പ്രബോധനത്തിന് പ്രയോജനപ്പെടും എന്ന ചിന്തയിലാണ് വേഗം തന്നെ വന്നെത്തിയത്. കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ധാരണകൾ ശരിപ്പെടുത്തുകയും ചെയ്യാമെന്നും പ്രതീക്ഷിച്ചു.
     നബി ﷺ എത്തിയതും അവർ സംഭാഷണം തുടങ്ങി. അല്ലയോ മുഹമ്മദേ ﷺ ! നിങ്ങളോട് സംസാരിക്കാൻ ഞങ്ങൾ ആളെ അയച്ചു. നിങ്ങൾ ഈ ജനതക്ക് ഏൽപിച്ച ഭാരം വേറെ ആരും അവരുടെ ജനങ്ങൾക്ക് ഏൽപിച്ചിട്ടില്ല. ഇവിടുത്തെ ദൈവങ്ങളെ ആക്ഷേപിച്ചു. മുൻഗാമികളെ നിരാകരിച്ചു. അവരുടെ വിശ്വാസം ബുദ്ധിശൂന്യമാക്കി. ആളുകൾ പല തട്ടിലായി. ശേഷം, ഉത്ബ: പറഞ്ഞ ഓഫറുകൾ ആവർത്തിച്ചു മുന്നോട്ട് വച്ചു. മുത്ത് നബി ﷺ എല്ലാം സാകൂതം കേട്ടിരുന്നു. ശേഷം...
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ-ബുഖാരി

No comments: