Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, August 25, 2022

മഹബ്ബ ക്യാമ്പയിൻ || ട്വീറ്റ് 72/365 ||മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

✍️ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം 
Tweet 72/365
ശേഷം, നബിﷺ പറഞ്ഞു തുടങ്ങി. നിങ്ങൾ എന്താണ് പറയുന്നത്. ഞാനീ ആദർശവുമായി വന്നത് നിങ്ങളുടെ സ്വത്തിനോ സ്ഥാനത്തിനോ അധികാരത്തിനോ വേണ്ടി അല്ല. എന്നെ അല്ലാഹു അവന്റെ ദൂതനായി നിയോഗിച്ചു. എനിക്ക് ഒരു ഗ്രന്ഥം അവതരിപ്പിച്ചു തന്നു. നിങ്ങൾക്ക് സുവിശേഷവും താക്കീതും നൽകാൻ എന്നെ അയച്ചു. എന്നെ ഏൽപിച്ച സന്ദേശം നിങ്ങൾക്ക് ഞാൻ എത്തിച്ചു തന്നു. നിങ്ങളെ ഞാൻ ഉപദേശിച്ചു. അത് നിങ്ങൾ സ്വീകരിച്ചാൽ ഇരുലോകത്തും നിങ്ങൾക്ക് സൗഭാഗ്യം ലഭിക്കും. നിങ്ങൾ എന്നെ അവഗണിച്ചാൽ ഞാൻ തീരുമാനം അല്ലാഹുവിനെ ഏൽപിക്കുന്നു. സഹിഷ്ണുതയോടെ  ഞാൻ കാര്യങ്ങൾ നേരിടും.
അപ്പോൾ അവരുടെ ഭാവം മാറി. മറ്റൊരു രീതിയിലായി അവരുടെ പ്രതികരണം. അവർ ഇങ്ങനെ പറഞ്ഞു. നിങ്ങൾക്കറിയാമല്ലോ നമ്മൾ വളരെ ഞെരുക്കത്തിൽ കഴിയുന്നവരാണെന്ന്. സാമ്പത്തികമായും പ്രാദേശികമായും ഏങ്ങനെ നോക്കിയാലും നാം ഇടുക്കമുള്ളവരാണ്. അത് കൊണ്ട് പടച്ചവനോട് നിങ്ങൾ ഒന്ന് പറയൂ 'ഇറാഖ്'കാർക്കും 'ശാം'കാർക്കും നൽകിയ പോലെ നമുക്കും പുഴകളെ തരാൻ. മരണപ്പെട്ടുപോയ മുൻഗാമികളെ ഒന്നു ജീവിപ്പിച്ചു കൊണ്ടുവരൂ. കിലാബിന്റെ മകൻ ഖുസയ്യിനെ ഒന്നു പുനർജനിപ്പിക്കൂ. ഞങ്ങൾ ഒന്നു ചോദിക്കട്ടെ ഈ പറയുന്നതൊക്കെ ശരിയാണോ? എന്ന്. അദ്ദേഹം നീതിമാനായ വയോധികനായിരുന്നു.
     ഞങ്ങൾ ഈ പറഞ്ഞതൊക്കെ ഇങ്ങോട്ട് ചെയ്തു തരിക. എന്നാൽ ഞങ്ങൾ അംഗീകരിക്കാം നിങ്ങൾ പ്രവാചകനാണ്, അല്ലാഹു നിയോഗിച്ച ദൂതനാണ് എന്നൊക്കെ.

                നബി ﷺ പ്രതികരിച്ചു. ഞാൻ നിയോഗിക്കപ്പെട്ടത് നിങ്ങൾ പറയുന്ന പ്രകാരമൊക്കെ ചെയ്യാനല്ല. എന്നെ എന്തിന് നിയോഗിച്ചോ അത് ഞാൻ നിർവ്വഹിച്ചു. സന്ദേശം നിങ്ങൾക്ക് ഞാൻ എത്തിച്ചു തന്നു. അതംഗീകരിച്ചാൽ ഇരുലോകത്തും നിങ്ങൾ ഭാഗ്യം ലഭിച്ചവർ. അല്ലാത്തപക്ഷം നിങ്ങൾക്കെന്തും തീരുമാനിക്കാം. ഞാൻ സഹിഷ്ണുതയോടെ അവകൾ നേരിടും. നമുക്കിടയിൽ എന്താണോ സംഭവിക്കുക അത് അല്ലാഹു വിധിക്കും.
            വീണ്ടും അവർ പറഞ്ഞു. ഇതൊന്നും ചെയ്യാൻ കഴിയില്ലെങ്കിൽ നിങ്ങൾ സത്യവാനാണെന്ന് പറയാൻ ഒരു മലക്കിനെ അയക്കാൻ പറയൂ. അല്ലാഹുവിനോട് പറയൂ നിങ്ങൾക്കൊരു മാളികയും ഉദ്യാനവും സ്വർണത്തിന്റെയും വെള്ളിയുടെയും നിധിയും ശേഖരവുമൊക്കെ തരാൻ. ഇപ്പോൾ നിങ്ങൾ മാർക്കറ്റിലൂടെ സഞ്ചരിക്കുന്നു, ഞങ്ങളെപ്പോലെ ഉപജീവനം കണ്ടെത്തുന്നു. ഇതൊക്കെ ഒഴിവാക്കൂ പകരം എല്ലാം പടച്ചവൻ നേരിട്ട് തരാൻ പറയൂ. നിങ്ങളുടെ മഹത്വവും ശ്രേഷ്ഠതയും ഞങ്ങൾ ഒന്നു കാണട്ടെ.
       നബി ﷺ പറഞ്ഞു. നിങ്ങൾ ഈ പറയുന്നത് പോലെയൊന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല, അതിന് വന്ന ആളും അല്ല. എന്റെ ദൗത്യം ഞാൻ നിങ്ങളോട് പറഞ്ഞു കഴിഞ്ഞു. നിങ്ങൾ അതേറ്റെടുത്താൽ ഇരു ലോകത്തും നിങ്ങൾ ഭാഗ്യവാന്മാർ. അല്ലെങ്കിൽ എന്താണോ നമുക്കിടയിൽ അല്ലാഹു വിധിക്കുന്നത് അത് ക്ഷമയോടെ നാം ഏറ്റെടുക്കും.

      അവർ അടുത്ത പരാമർശത്തിലേക്ക് വന്നു. നിങ്ങൾ പറയുന്ന അല്ലാഹു ഉദ്ദേശിച്ചാൽ എന്തിനും  കഴിയുമെന്ന് പറഞ്ഞല്ലൊ? എന്നാൽ ഞങ്ങളുടെ മേൽ ആകാശത്തിന്റെ  ഒരു ഭാഗം വീഴ്ത്തിത്തരാൻ പറയൂ. എന്നാൽ ഞങ്ങൾ അംഗീകരിക്കാം. അല്ലാത്തപക്ഷം ഞങ്ങൾ സ്വീകരിക്കില്ല.
    മുത്ത് നബി ﷺ പറഞ്ഞു അതൊക്കെ അല്ലാഹുവിന്റെ നിശ്ചയം. അവൻ എന്താണോ നിങ്ങളെ ചെയ്യാൻ നിശ്ചയിച്ചത് അതവൻ ചെയ്തുകൊള്ളും.
    അവർ തുടർന്നു. അല്ലയോ മുഹമ്മദ് ﷺ നാം ഇവിടെ ഒത്തു കൂടിയതും ചോദിച്ചതും പറഞ്ഞതും ഒന്നും നിങ്ങളുടെ അല്ലാഹു അറിയുന്നില്ലേ?
ഞങ്ങൾ മനസ്സിലാക്കുന്നത് നിങ്ങൾക്കിതൊക്കെ ഓതിത്തരുന്നത് യമായക്കാരനായ ഏതോ 'റഹ്മാൻ' ആണെന്നാണ്. ഞങ്ങൾ ഒരിക്കലും അതംഗീകരിക്കുന്ന പ്രശ്നമേ ഇല്ല. ക്ഷമിക്കണം, മുഹമ്മദ് ﷺ ഞങ്ങൾക്കത് പറ്റുകയില്ല. അത് കൊണ്ട് പടച്ചവൻ സത്യം ഞങ്ങൾ ഇതനുവദിക്കൂല്ല. ഒന്നുകിൽ നിങ്ങൾ നശിക്കും അല്ലെങ്കിൽ ഞങ്ങൾ.
    അപ്പോൾ ചിലർ ഇടപെട്ടു. അല്ലാഹുവിന്റെ പെൺമക്കളായ മലക്കുകളെ ആരാധികുന്നവരാണ് ഞങ്ങൾ അത് കൊണ്ട് അല്ലാഹുവിനെയും മലക്കുകളേയും ഒന്നാകെ കൊണ്ടുവന്നാലേ ഞങ്ങൾ അംഗീകരിക്കൂ.
      നബി ﷺ അവിടെ നിന്നെഴുന്നേറ്റു. അബൂ ഉമയ്യയുടെ മകൻ അബ്ദുല്ലയും ഒപ്പം എഴുന്നേറ്റു നടന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

No comments: