ഖുറൈശികളിലെ ഒരു പൈശാചിക സാന്നിധ്യമായിരുന്നു നള്റ് ബിൻ അൽഹാരിസ്. നബിﷺ യെ അയാൾ പലവിധേനെയും പ്രയാസപ്പെടുത്തി.
ഒരിക്കൽ അയാൾ ഖുറൈശികളെ വിളിച്ചു. അല്ലയോ ഖുറൈശികളേ.. നിങ്ങൾക്ക് വന്ന് ഭവിച്ചിരിക്കുന്നത് വലിയ ഒരു പ്രതിസന്ധിയാണ്. അതിൽ നിന്ന് രക്ഷപ്പെടാൻ വഴികൾ ഉണ്ടെന്ന് തോന്നുന്നില്ല. മുഹമ്മദ് ﷺ നിങ്ങൾക്കിടയിൽ ഒരു നല്ല കുട്ടിയായി വളർന്നു. എല്ലാവർക്കും തൃപ്തിയും വിശ്വസ്ഥതയും സത്യസന്ധയും ഉള്ള വ്യക്തിയായി മാറി. മധ്യവയസ്സിനടുത്തപ്പോൾ ഒരു പുതിയ വൃത്താന്തവുമായി വന്നു. അപ്പോൾ നിങ്ങൾ മാരണമാണിതെന്ന് പറഞ്ഞു. ഇത് മാരണമൊന്നുമല്ല. അതിന്റെ യാതൊരു ലക്ഷണവും ഈ പ്രവൃത്തികളിലൊന്നുമില്ല. മാരണക്കാരുടെ ഊത്തും കെട്ടുമൊക്കെ നമുക്കറിയുന്നതല്ലേ? പിന്നെ ജോത്സ്യമാണെന്ന് പറഞ്ഞു. ഇത് ജോത്സ്യവുമല്ല. അവരുടെ താളവും ശൈലിയുമൊക്കെ നമുക്ക് പരിചയമുള്ളതല്ലേ? പിന്നെ കവിതയാണെന്ന് പറഞ്ഞു. പടച്ചവൻ സത്യം! ഇത് കവിതയുമല്ല. നമ്മളെത്ര കവിത ഉദ്ദരിച്ചവരാണ്. അതിന്റെ വൃത്തവും അലങ്കാരവും നമുക്ക് എത്ര സുപരിചിതമാണ്. പിന്നീട് പറഞ്ഞു ഇത് ഭ്രാന്താണെന്ന്. അല്ലാഹു സത്യം! ഇത് ഭ്രാന്തുമല്ല. എത്രയോ ഭ്രാന്തന്മാരെ നാം കണ്ടിരിക്കുന്നു. അവർക്കുളള വിഭ്രാന്തിയോ ഭാവമാറ്റമോ കൃത്യതയില്ലായ്മയോ ഒന്നും ഇവിടെ ഇല്ലേ ഇല്ല.
അപ്പോൾ ഈ വന്നു ഭവിച്ചത് ഒരു വലിയ പ്രശ്നം തന്നെയാണ്. നിങ്ങൾ അതിനുള്ള കാര്യങ്ങൾ നോക്കിക്കോളൂ.(നള്റ് പിൽക്കാലത്ത് ബദ്റിൽ വെച്ച് അലി(റ)നെ നേരിടുകയും കൊല്ലപ്പെടുകയും ചെയ്തു.)
നബിﷺ മുൻഗാമികളുടെ ചരിത്രവും മറ്റും പറഞ്ഞെഴുന്നേൽക്കുന്ന സദസ്സിൽ നള്റ് വന്നിരിക്കും. രാജാക്കന്മാരുടെ കഥകൾ പറയും. എന്നിട്ടയാൾ വിശദീകരിക്കും ഞാനീ പറയുന്ന പോലെയുള്ള കഥകളാണ് മുഹമ്മദ്ﷺ പറഞ്ഞു കൊണ്ടിരിക്കുന്നത് എന്ന് വാദിക്കും. കാരണം നള്റ് 'ഹിയറ' എന്ന ദേശത്ത് പോയിട്ടുണ്ടായിരുന്നു. അവിടുന്ന് പേർഷ്യൻ രാജാക്കന്മാരുടെ ചരിത്രങ്ങളും കഥകളുമൊക്കെ അയാൾക്ക് കേട്ടു പരിചയമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ഈ പ്രവർത്തനം ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി. 'അൽ-ഖലം' അധ്യായത്തിലൂടെ ഖുർആൻ ആ നടപടിയെ കൈകാര്യം ചെയ്തു.
നള്റിന്റെ വിവരണങ്ങളൊക്കെ കേട്ടപ്പോൾ ഖുറൈശികൾ അയാളെയും ഉഖ്ബത് ബിൻ അബീ മുഐത്വിനെയും മദീനയിലേക്കയച്ചു. അവിടെയുള്ള വേദ പണ്ഡിതന്മാരെ സന്ദർശിക്കുക. മുഹമ്മദ് നബിﷺയെ കുറിച്ച് സംസാരിക്കുക. അവരുടെ പക്കലുള്ള പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ പ്രവാചകന്റെ നിജസ്ഥിതി മനസ്സിലാക്കുക. ഇതായിരുന്നു യാത്രയുടെ ലക്ഷ്യം. രണ്ടു പേരും മദീനയിലെത്തി. ജൂത പുരോഹിതന്മാരെ സമീപിച്ചു. വിവരങ്ങൾ പങ്കുവെച്ചു. അവർ വിവരങ്ങളെല്ലാം ശ്രദ്ധാപൂർവം കേട്ടു. തുടർന്ന് അവർ ഇങ്ങനെ പറഞ്ഞു. ഞങ്ങൾ പറയുന്ന മൂന്ന് കാര്യങ്ങൾ നിങ്ങൾ മുഹമ്മദ്ﷺ നോട് ചോദിക്കുക. ശരിയായ ഉത്തരം പറഞ്ഞാൽ ആ വ്യക്തി പ്രവാചകനായിരിക്കും. അല്ലാത്തപക്ഷം വ്യാജമായ അവകാശവാദമായിരിക്കും.
ഒന്ന്, ആദ്യകാലത്ത് യാത്ര ചെയ്ത അത്ഭുതങ്ങൾ നിറഞ്ഞ യുവാക്കൾ ആരാണ്?
രണ്ട്, ലോകം ചുറ്റി ഉദയാസ്ഥമാനങ്ങൾ പ്രാപിച്ച വ്യക്തിയാരാണ്? അദ്ദേഹത്തിന്റെ വൃത്താന്തങ്ങൾ എന്താണ്?
മൂന്ന്, ആത്മാവിനെ കുറിച്ച് എന്ത് പറയുന്നു?
ഈ മൂന്ന് ചോദ്യത്തിനും ഉത്തരം പറഞ്ഞാൽ നിങ്ങൾ പറയുന്ന വ്യക്തി സത്യ പ്രവാചകനാണ്. അല്ലെങ്കിൽ വ്യാജമായി അവകാശപ്പെടുന്നതായിരിക്കും.
രണ്ട് പേരും മക്കയിലേക്കു മടങ്ങി. ഖുറൈശികളോട് വിവരങ്ങൾ ധരിപ്പിച്ചു. അവർ നബി ﷺ യെ സമീപിച്ചു. മേൽ പറയപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചു. അവിടുന്ന് പറഞ്ഞു. നാളെ ഞാൻ പറഞ്ഞു തരാം. പക്ഷേ, 'ഇൻശാ അല്ലാഹ്' അല്ലാഹു നിശ്ചയിച്ചാൽ എന്നു കൂടി ചേർത്തു പറയാൻ വിട്ടുപോയി. അങ്ങനെ പതിനഞ്ച് ദിവസം കഴിഞ്ഞു. അപ്പോൾ അവിശ്വാസികൾ പറഞ്ഞു. എന്ത് പറ്റി? മുഹമ്മദ് നബി ﷺ ചോദ്യങ്ങൾക്ക് ഉത്തരം പറയാമെന്ന് പറഞ്ഞിട്ട് ദിവസങ്ങളായല്ലോ? നബി ﷺ സ്വകാര്യമായി ആകുലപ്പെട്ടു. ഉടനെ ജിബ്'രീൽ(അ) ആഗതനായി. അല്ലാഹുവിൽ നിന്നുള്ള സന്ദേശം കൈമാറി. നാളെ ചെയ്യാം എന്ന് ഒരു കാര്യത്തെ കുറിച്ച് പറയുമ്പോൾ 'ഇൻശാ അല്ലാഹ്' എന്ന് കൂടി ചേർത്ത് പറയണമെന്ന ഉപചാരം ഓർമയിൽ പെടുത്തി. ശേഷം, ഉന്നയിച്ച മൂന്ന് ചോദ്യങ്ങൾക്കും വിശദമായ ഉത്തരം നൽകിക്കൊണ്ട് വിശുദ്ധ ഖുർആനിലെ പതിനെട്ടാമത്തെ അധ്യായം 'അൽ കഹ്ഫ്' അവതരിപ്പിച്ചു കൊടുത്തു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

No comments:
Post a Comment