Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, October 7, 2022

മഹബ്ബ ക്യാമ്പയിൻ || ട്വീറ്റ് 113/365 ||മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

Tweet 113/365
പ്രയാസ ഘട്ടങ്ങളിലെല്ലാം മുത്ത് നബിﷺയെ അല്ലാഹു ആശ്വസിപ്പിച്ചു. ഖുർആനിക സൂക്തങ്ങൾ അവതരിപ്പിച്ചു. ചില സന്ദർഭങ്ങളിൽ അത് "മുഅജിസത്തുകൾ" അഥവാ അമാനുഷിക സംഭവങ്ങളായി നബിﷺയിൽ നിന്ന് പ്രകടമായി. ഇക്കാലയളവിൽ ഉണ്ടായ സുപ്രധാനമായ ഒരു സംഭവമായിരുന്നു ചന്ദ്രൻ പിളർന്നത്. വിശുദ്ധ ഖുർആനിലെ 'അൽഖമർ' അധ്യായത്തിലെ ആദ്യത്തെ രണ്ട് സൂക്തങ്ങളിലെ പ്രമേയം ഇതാണ്. ആശയം ഇങ്ങനെ പകർത്താം: "അന്ത്യനാൾ അടുത്തു, ചന്ദ്രൻ പിളർന്നു." സംഭവത്തിന്റെ വിശദാംശങ്ങൾ നിരവധി ഹദീസുകളിൽ ഉദ്ദരിച്ചിട്ടുണ്ട്. വിജ്ഞാന ശാസ്ത്ര പ്രകാരം 'തവാതുർ' അഥവാ അനിഷേധ്യമാംവിധം നിരവധി ആളുകൾ ഈ സംഭവം ഉദ്ദരിച്ചിട്ടുണ്ട്. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അനസ്(റ) പറയുന്നു. മക്കക്കാർ നബിﷺ യോട് ഒരു ദൃഷ്ടാന്തം ആവശ്യപ്പെട്ടു. അത് പ്രകാരം ചന്ദ്രൻ പിളർന്നു. രണ്ട് പ്രാവശ്യം ഇപ്രകാരം സംഭവിച്ചു. ഇമാം ബുഖാരി(റ) നിവേദനം ചെയ്തതിപ്രകാരമാണ്. മക്കക്കാർ നബിﷺയോട് ഒരു ദൃഷ്ടാന്തം ആവശ്യപ്പെട്ടു. അവിടുന്ന് ചന്ദ്രനെ രണ്ട് ഭാഗമാക്കി കാണിച്ചു കൊടുത്തു. രണ്ട് പിളർപ്പുകൾക്കിടയിൽ അവർ ഹിറാ പർവ്വതം ദർശിച്ചു.

ഈ സംഭവം വിശ്വാസികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകി. എന്നാൽ ശത്രുക്കൾ പുതിയ ആരോപണം ഉയർത്തി. ഇത് മുഹമ്മദ് നബിﷺ യുടെ മാരണക്രിയയാണെന്ന് പ്രചരിപ്പിച്ചു. പക്ഷേ, അവരിൽ തന്നെ ചിലർ ചോദിച്ചു. ജനങ്ങളെ മുഴുവനായും ഒരേ സമയത്ത് മായാവിദ്യയിൽ കുടുക്കിയെന്നാണോ നിങ്ങൾ പറയുന്നത്.

ഈ സംഭവത്തെ കുറിച്ചുള്ള വിവിധ നിവേദനങ്ങളിൽ വ്യത്യസ്ഥമായ വിശദവിവരങ്ങൾ വായിക്കാൻ കഴിയും. ചന്ദ്രൻ രണ്ട് പിളർപ്പായി രണ്ട് കുന്നുകളുടെ മുകൾ ഭാഗത്തായി കാണപ്പെട്ടു. അന്നേരം നബിﷺ ഖുറൈശികളോട് ചോദിച്ചു ഇത് കാണുന്നില്ലേ എന്ന്. മക്കയിൽ ഉണർന്നിരുന്ന ഏവർക്കും ബോധ്യമായ ഒരു സംഭവമായിരുന്നു ഇത്.

പ്രവാചകന്മാർ അവതരിപ്പിച്ച അത്ഭുത സംഭവങ്ങൾക്ക് 'മുഅജിസത്ത്' എന്നാണ് പ്രയോഗിക്കുക. കാര്യകാരണബന്ധങ്ങൾക്ക് അതീതമായിട്ടായിരിക്കും അവകൾ സംഭവിക്കുക. അത് കൊണ്ട് തന്നെ അത്തരം കാര്യങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെടണം എന്ന ന്യായത്തിന് പ്രസക്തി ഇല്ല. ശാസ്ത്രം കാര്യം, കാരണം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് വിഷയങ്ങളെ നിരീക്ഷിക്കുന്നത്. ദൈവികത, പ്രവാചകത്വം, ദിവ്യ സന്ദേശം എന്നീ കാര്യങ്ങളെ ഉൾക്കൊള്ളാൻ എങ്ങനെ സാധിക്കുന്നുവോ ആ വിധത്തിൽ തന്നെയാണ് അടിസ്ഥാനപരമായി മുഅജിസത്തിനെയും ഉൾക്കൊള്ളേണ്ടത്.

ഇതിനർത്ഥം, ഇവയൊക്കെ കേവലം സങ്കൽപങ്ങളാണെന്നല്ല. മറിച്ച്, ഈ യാഥാർത്ഥ്യങ്ങളുടെയൊക്കെ എല്ലാ വശങ്ങളെയും നമ്മുടെ കേവലബുദ്ധിക്കും പഠനങ്ങൾക്കും ബോധ്യപ്പെട്ടു കൊള്ളണമെന്നില്ല എന്ന് മാത്രം.
       ഉദാഹരണമായിപ്പറഞ്ഞാൽ ഈ ലോകത്തിന് ഒരു സംവിധായകനും രക്ഷിതാവും ഉണ്ട്/ഉണ്ടാകണം എന്ന് ഈ പ്രപഞ്ചത്തെ ശരിയായി നിരീക്ഷിക്കുന്ന ഏവർക്കും ബോധ്യമാകും. എന്നാൽ, എന്ത് കൊണ്ട് എനിക്ക് ആ സംവിധായകനെ കാണാൻ കഴിയുന്നില്ല. എൻ്റെ കണ്ണുകളിൽ അല്ലെങ്കിൽ സെൻസുകളിൽ തെളിയാത്തതൊന്നും ഞാൻ അംഗീകരിക്കില്ല എന്ന് പറഞ്ഞാൽ പ്രശ്നം ദൈവസാന്നിധ്യത്തിനല്ല. മറിച്ച്, എന്റെ ഈ ചെറിയ ബുദ്ധിയിലും കണ്ണിലും എല്ലാം തെളിയണം എന്നു വാദിക്കുന്നവനാണ്.

ഇനിയൊന്ന് ചിന്തിക്കൂ. മക്കക്കാർ പ്രവാചകരോﷺട് ഒരു തെളിവ് ചോദിച്ചു. അതാ ചന്ദ്രനിലേക്ക് നോക്കാൻ പ്രവാചകൻﷺ പറഞ്ഞു. എല്ലാവരും നോക്കി. ശരി, ചന്ദ്രൻ രണ്ടു ഭാഗമായി രണ്ട് ഭാഗത്ത് നിൽക്കുന്നു. അന്നുള്ളവരൊക്കെ കണ്ടു. അംഗീകരിക്കാൻ മനസ്സില്ലാത്തവർ മാരണമാണെന്നാരോപിച്ചു. എന്നാൽ, ഏതെങ്കിലും മാരണക്കാർ സമാനമായി എപ്പോഴെങ്കിലും ചെയ്തതായി ഉദ്ദരിക്കപ്പെടുകയോ ആരോപണമുയർത്തിയവർ തെളിയിക്കുകയോ ചെയ്തില്ല. ഈ സംഭവം അനിഷേധ്യമാം വിധം മറ്റു ചരിത്ര സംഭവങ്ങൾ ഉദ്ദരിക്കപ്പെട്ട രീതിയിൽ നിവേദനം ചെയ്യപ്പെട്ടു. ഇതിനപ്പുറം എന്താണ് വേണ്ടത്.

ചന്ദ്രൻ രണ്ട് ഭാഗമായി എന്നത് ശരിയാണ്. എന്നാൽ, എങ്ങനെയാണത് ഉണ്ടായത്? എങ്ങനെയെന്ന് മറ്റുള്ളവർക്ക് നിർണയിക്കാൻ കഴിയാത്ത കാര്യം ചെയ്തു എന്നതാണ് പ്രവാചകരെ വ്യത്യസ്ഥമാക്കിയത്. അപ്പോഴാണത് ദൃഷ്ടാന്തമായി മാറിയതും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

No comments: