Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, December 24, 2022

അല്ലാമാ അൻവാറുല്ലാഹ് ഫാറൂഖി (റ.അ);ജാമിഅഃ നിസാമിയ്യയുടെ ശിൽപി || Allama Anwarullah Farooqi

തെന്നിന്ത്യയിലെ പുരാതന പട്ടണവും ഇസ്ലാമിക ചരിത്ര സ്മാരകങ്ങൾ കൊണ്ട് സമ്പന്നമായ സാംസ്കാരിക ഇന്ത്യയുടെ ഭൂപടത്തിൽ സ്ഥാനം നേടിയ പൗരാണിക നഗരമാണ് ഹൈദരാബാദ്. 
പുരാതന കാലം മുതൽ ചരിത്രകാരന്മാർക്കും എഴുത്തുകാർക്കും മതപരമായ കാര്യങ്ങളിൽ നേതൃ വഹിക്കുന്ന പണ്ഡിതന്മാർക്കും ആത്മീയ തേജസ്സുകൾക്കും ജന്മം നൽകിയ പ്രദേശമാണ് അത്. സാഹിത്യം, കല, രാഷ്ട്രീയം,ഭരണം,മതപരം, മറ്റ് സമൂഹിക 
സേവനങ്ങൾ,തുടങ്ങിയവയിൽ ഈ ദേശം അറിയപ്പെട്ടിരുന്നതിനാൽ പ്രശസ്തി നേടി. ഇതിന്റെ ശോഭയും പ്രസിദ്ധിയും ചക്രവാളങ്ങളിൽ പരന്നു. അത് കാരണമായി മികച്ച വ്യക്തിത്വങ്ങൾക്കും, ഇസ്ലാമിക പ്രമുഖ പണ്ഡിതകേസരികൾക്കും, ഭരണ രംഗത്തെ പ്രമുഖർക്കും ആ പ്രദേശം ജന്മം നൽകി. പ്രത്യേകിച്ച് അതിന്റെ കേന്ദ്രമായ "ഹൈദരാബാദ് ദക്കിൻ". 

ഇന്ത്യയുടെ ചരിത്രത്തിലെ അത്യുന്നതമായ നാഗരികതയും സാംസ്കാരികതയും വിളിച്ചോതുന്ന പുരാതനവും പ്രശസ്തവുമായ നഗരമാണത്. അത് കൊണ്ട് തന്നെ മറ്റ് നാടുകളെക്കാളും അത് വേറിട്ടുനിൽക്കുക തന്നെ ചെയ്തു.
ഈ നഗരത്തെ സമ്പുഷ്ടമാക്കിയ നിരവധി ചരിത്ര സ്മാരകങ്ങൾ നമുക്കു കാണാം. മാത്രമല്ല, ചരിത്രം അടയാളപ്പെടുത്തിയ യുഗ പുരുഷന്മാരുമുണ്ട്. 

അതിൽ പ്രധാനിയാണ് 
ഹൈദരാബാദിലെ ജാമിഅ നിസാമിയ എന്ന വിശ്വോത്തര ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ സ്ഥാപകനായ ശൈയ്ഖുൽ ഇസ്ലാം ഇമാം മുഹമ്മദ് അൻവാറുല്ല ഖാൻ ഫാറൂഖി(റഹ്മത്തുല്ലാഹി അലൈഹി). 
മുഹമ്മദ് അൻവാറുല്ല ഫാറൂഖി എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.


ഇമാം മുഹമ്മദ് അൻവാറുല്ല ഫാറൂഖി ഹിജ്‌റ 1265 ന് റബീഉൽ ആഖിർ 4-ന്(ക്രി:1848) പഴയ ഹൈദരബാദിലെ നന്ദേറ് ജില്ലയിലെ കന്ധാർ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്.
 ആദരണീയ കുടുംബത്തിൽ ഷുജാവുദ്ദീൻ മീർ ആദിലിന്റെയും അൻവറുന്നീസ ബീഗത്തിന്റെയും മകനായി ജനിച്ചു.
 തന്റെ ഗർഭകാലത്ത് പ്രവാചകർ മുഹമ്മദ് നബി( സ ) തങ്ങളെ ഖുർആൻ പാരായണം ചെയ്യുന്നത് താൻ സ്വപ്നത്തിൽ
 കണ്ടതായി ശൈഖ് ഉൽ ഇസ്‌ലാം അൻവാറുള്ള ഫാറൂഖിന്റെ മാതാവ് പറഞ്ഞു.
 രണ്ടാം ഖലീഫ ഉമർ ബിൻ ഖത്താബ് (റ:അ)ലേക്ക് തൻ്റെ കുടുമ്പ പരമ്പര ചെന്നെത്തുന്നത് കൊണ്ടാണ് പിതാവ്
 ഫാറൂഖീ എന്ന് പേര് വെച്ചത്.
മഹാന്ന് ഏഴ് വയസ്സുള്ളപ്പോൾ, തൻ്റെ പിതാവ് ഹാഫിസ് അംജദ് അലിയുടെ സാന്നിധ്യം ഖുർആൻ മനഃപാഠമാക്കാൻ ഏൽപ്പിച്ചു കൊടുത്തു. പതിനൊന്നാം വയസ്സിൽ അവർ പൂർണമായും ഖുർആൻ മനഃപാഠമാക്കി.

 പിതാവിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ശേഷം മൗലാന അബ്ദുൽ ഹലീം ഫറഞ്ജീ മുഹല്ലി, മൗലാന അബ്ദുൽ ഹയ്യ് ഫ്രഞ്ചി മുഹല്ലി എന്നിവരിൽ നിന്ന് കർമ്മശാസ്ത്രവും തർകശാസ്ത്രവും പഠിച്ചു. ഷെയ്ഖ് അബ്ദുല്ല അൽ-യമാനിയുടെ അടുക്കലിൽ നിന്ന് ഖുർആനിന്റെ വ്യാഖ്യാനം(തഫ്സീർ) പഠിക്കുകയും അവരിൽ നിന്ന് തന്നെ ഹദീസ് പഠിക്കുകയും ഇജാസാത് (അനുമതി) നേടുകയും ചെയ്തു.
നിരവധി ഇസ്ലാമിക ശാസ്ത്രങ്ങളിൽ വൈദഗ്ധ്യം നേടിയതായി അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.


ഹജ്ജ് തീർത്ഥാടനം നടത്തി, അവിടെ മഹാനായ ആത്മീയ ഗുരു ശൈഖ് ഹാജി ഇംദാദുല്ല മുഹാജിർ മക്കിയെ കണ്ടുമുട്ടി, അദ്ദേഹത്തെ ബൈഅത്ത് ചെയ്യുകയും അവരിൽ നിന്ന് ഇജാസ സ്വീകരിക്കുകയും ചെയ്തു.
ഹൈദരബാദ് ദക്കിൻ ആറാമത്തെ നൈസാമാണ് മഹ്ബൂബ് അലി ഖാൻ ശൈഖ് അന്വാറുല്ലാഹ് ഫാറൂഖിയെ ഗവൺമെൻ്റിൻ്റെ ഔദ്യോഗിക അധ്യാപകനായി തിരഞ്ഞെടുത്തത്. തുടർന്ന് മൂന്ന് വർഷം മദീനയിൽ താമസിച്ചു. 1308-ൽ ഹൈദരാബാദിൽ തിരിച്ചെത്തിയ അദ്ദേഹത്തെ ഏഴാമത്തെ നൈസാം ഉസ്മാൻ അലി ഖാൻ. വീണ്ടും അധ്യാപകനായി നിയമിച്ചൂ . 1332-ൽ ശൈഖ് അൻവറുള്ളയെ ഹൈദരാബാദ് ഔഖാഫിന്റെ മന്ത്രിയായി നിയമിക്കുകയും അദ്ദേഹത്തിന് 'നവാബ് ഫാദിലത്ത് ജംഗ്' എന്ന പദവി നൽകുകയും ചെയ്തു .


ശൈഖ് അൻവാറുള്ള ഫാറൂഖി വിജ്ഞാനത്തിന്റെയും ആത്മീയ ഉൾവിളിയുടെയും വലിയ ഉയരങ്ങളിലെത്തി, അദ്ദേഹത്തിന്റെ സമപ്രായക്കാരിൽ അദ്ദേഹവുമായി കിടപിടിക്കുന്ന ആരുമില്ലായിരുന്നു. 
ഏഴാം നൈസാം മിർ ഉസ്മാൻ അലി ഖാന്റെ ഭരണത്തിൽ, ഹൈദരാബാദ് സ്റ്റേറ്റ് മതകാര്യ കാര്യാലയത്തിന്റെ മേൽനോട്ടം വഹിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഷെയ്ഖ് നിയോഗിക്കപ്പെട്ടു, ഈ കാലയളവിൽ അദ്ദേഹത്തിന്റെ സേവനങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇസ്‌ലാമിന്റെ സേവനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിൽ ഒന്നായിരുന്നു.

ഹിജ്‌റ 1292 ദുൽഹിജ്ജ 19-ന്, മൗലനാ മുസഫറുദ്ദീന്റെ വീട്ടിൽ നടന്ന ഒരു യോഗത്തിൽ, ഹൈദ്രാബാദിൽ ഒരു ഇസ്‌ലാമിക് സർവ്വകലാശാല സ്ഥാപിക്കുക, അത് ഇസ്‌ലാമിക ശാസ്ത്രത്തിൽ ഉന്നതവും വിദഗ്ധവുമായ വിദ്യാഭ്യാസം നൽകുന്ന കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചിന്ത പ്രകടിപ്പിച്ചു. ഈ നിർദ്ദേശം ഏഴാം നൈസാം അംഗീകരിക്കുകയും, ഹിജ്റ 1293 ൽ ജാമിഅ നിസാമിയ നിലവിൽ വരികയും ചെയ്തു. ഇമാം അൻവാറുല്ല ഫാറൂഖി അല്ലാതെ മറ്റാരും ഇത്തരമൊരു സ്ഥാപനത്തിന്റെ തലപ്പത്തില്ലെന്ന് എല്ലാ പണ്ഡിതരും അഭിപ്രായപ്പെട്ടു. അങ്ങനെ സ്ഥാപനത്തിന്റെ തലവനായി മഹാനെ നിയമിച്ചു. 

ജാമിഅഃ നിസാമിഅ, ഇന്നും ഇന്ത്യയുടെ അൽ-അസ്ഹർ എന്നറിയപ്പെടുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നും വിദേശത്തു നിന്നുമുള്ള ആയിരക്കണക്കിന് പണ്ഡിതന്മാർ ഈ സ്ഥാപനത്തിൽ നിന്നും അത് സൃഷ്ടിച്ച പണ്ഡിതരിൽ നിന്നും പഠിക്കുകയും പ്രയോജനം നേടുകയും ചെയ്തിട്ടുണ്ട്.
വിശ്വോത്തര ഇസ്‌ലാമിക യൂണിവേഴ്സിറ്റിയിൽ ഒന്നാണ് ജാമിഅ നിസാമിഅ:, പതിനായിരക്കണക്കിന്ന് വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നു. ബിരുദം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മൂന്ന് വർഷത്തെ ഫാസിൽ (degree) കോഴ്സും രണ്ടു വർഷത്തെ കാമിൽ(pg) കോഴ്സും തുടർന്ന് അക്കാദമിക് മികവ് തെളിയിച്ച വിദ്യാർഥികൾക്ക് നിർണിത വിഷയത്തിൽ ഗവേഷണ നടത്തി ദക്തൂറാ(PhD) ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്.കൂടാതെ മൗലവി, ഖാസി,ബാങ്ക്, ഇമാമത്ത്, വിവിധ ഖിറാഅത്ത്, ഹിഫ്ള് തുടങ്ങിയ ഡിപ്ലോമ കോഴ്സുകളും ചെയ്യാവുന്നതാണ്.

ദീനിനെക്കുറിച്ചുള്ള അറിവുകൾ ജനങ്ങളിലേക്കെത്തിക്കുന്നതിൽ ഈ സ്ഥാപനം നിർണായക പങ്കുവഹിക്കുന്നു.
വർഷങ്ങളായി ഈ സർവകലാശാലയുടെ ശൈഖുൽ ജാമിഅഃ യായി കടിഞ്ഞാൺ പിടിക്കുന്നത് പ്രഗൽഭ പണ്ഡിതനും മുഫ്തിയുമായ അല്ലാമാ ശൈഖ് ഖലീൽ അഹ്മദ് സാഹിബ് അവറുകളാണ്. കൂടാതെ നിരവധി പണ്ഡിതന്മാർ ഈ സ്ഥാപനത്തിൽ ഡീനുകളായി സേവനം അനുഷ്ഠിക്കുന്നു.
 ഈ വിനീതന്ന് ഇവിടെ പഠിക്കാൻ
 അവസരം ലഭിച്ചു എന്നത് ഒരു സൗഭാഗ്യമായി കാണുന്നു.

ഉറുദു, അറബി ഭാഷകളിൽ മഹാനവറുകൾ നിരവധി കൃതികൾ രചിച്ചു, അവയിൽ ചിലത്;

الأنوار المحمدية بخصائص النبوية
منتخب الصحاح
إفادة الأفهام في إزالة الأوهام
حقيقة الفقه(٢ جزء)
الكلام المرفوع فيما يتعلق بالحديث الموضوع
كتاب أنوار التمجيد في حقيقة التوحيد
كتاب العقل
“مقاصد الإسلام “(أحد عشر جزءا )
انوار الحق
أنوار الله الودود في مسألة وحدة الوجود
تحفة السالكين
رسالة في خلق الأفعال
شميم الانوار
انتخاب الفتوحات المكية
انوار احمدي

തുടങ്ങി അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഗ്രന്ഥ സമാഹരണത്തിന്നും എഴുത്തിന്നും ചിലവാക്കി, അതിനാൽ ശൈഖ് അന്വാറുല്ല നിരവധി പുസ്തകങ്ങൾ രചിച്ചു. തെറ്റായ വിഭാഗങ്ങളെ ചെറുക്കുന്നതിനും അടിച്ചമർത്തുന്നതിനും അദ്ദേഹം തന്റെ പേനയെ ഒരു യുദ്ധ യന്ത്രമായി ഉപയോഗിച്ചു. മതനവീകരണങ്ങളും അന്ധവിശ്വാസങ്ങളും പേന കൊണ്ട് തിരുത്തിച്ചു. താൻ എഴുതിയ രചനകളിൽ ഒരു വ്യക്തിക്ക് തന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആവശ്യമായ എല്ലാ ഇസ്ലാമിക കാര്യങ്ങളും ഉൾപ്പെടുന്നു, കൂടാതെ ഖാദിയാനി വിഭാഗത്തോട് അക്രമാസക്തമായ പ്രതികരണങ്ങളും പ്രതിരോധങ്ങളും തീർത്തു. 

1336-ൽ (ക്രി:1917)ജുമാദൽ ഊലാ 29 ന്ന് വഫാതായി, അദ്ദേഹം സ്ഥാപിച്ച ജാമിഅഃ അൽ-നിസാമിയയുടെ തിരു മുറ്റത്ത് ജനാസ അടക്കം ചെയ്തു.
എല്ലാ വർഷവും 29 -മത്തെ ജുമാദൽ ഊലയിലാണ് ഇമാമിന്റെ ഉറൂസ് മുബാറക് നടക്കുന്നത്. ജാമിഅ നിസാമിയയുടെ സമ്മേളനവും ഉറൂസ് മുബാറകും എല്ലാ വർഷവും
ഇതേ തീയതിയിലാണ് നടക്കുന്നത്. ഇന്ന് മഹാൻ്റെ വഫാത്ത് ദിനമാണ്.
ഖാദിയാനികൾ, റാഫിദികൾ, വഹാബികൾ , അഹ്ലേ ഹദീസുകൾ, മറ്റു പിഴച്ച വാദികൾക്കെതിരെ അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ യഥാർത്ഥ അഖീദ മഹാൻ അവതരിപ്പിച്ചു.

ശൈഖ് അൻവാറുല്ല ഫാറൂഖിയുടെ ദീനിന്റെ അക്ഷീണ സേവനത്തിനും യഥാർത്ഥ അഖീദയെ സംരക്ഷിക്കാനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്കും നമുക്കും അഹ്ലുസ്സുന്നത്തിന്നും എമ്പാടും കടപ്പാടുണ്ട് .

അള്ളാഹു അവരെയും നമ്മെയും അനുഗ്രഹിക്കട്ടെ, അവരുടെ പദവി ഉയർത്തുകയും മഖാമിൽ നൂറ് നിറയ്ക്കുകയും ചെയ്യട്ടെ!

✒️ ഹാഫിള് റഫീഖ് നിസാമി പള്ളത്തൂർ
   24-12-2022