Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, December 2, 2022

ഉസ്താദ് പല്ലാർ ഹസൻ ബാഖവി, മൂന്ന് പതിറ്റാണ്ടിന്റെ ജ്ഞാന സൗരഭ്യം

കടലോളം ആശയമുള്ള കടുകോളം വരുന്ന ആപ്തവാക്യങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്ത അർത്ഥ വ്യാപ്തിയുടെ ആകാശങ്ങളിലേക്ക് നമ്മെ കൊണ്ടുപോകാറുണ്ട്...

 
മൂന്നു പതിറ്റാണ്ടിലധികമായി അഭിവന്ദ്യ ഗുരു ശൈഖുനാ പൊന്മള ഉസ്താദിന്റെ സഹ മുദരിസും അവിടുത്തെ ചിന്തകൾക്ക് ജീവൻ പകർന്ന്, നിഴലും തണലുമായി നാലു പതിറ്റാണ്ടിന്റെ ഇഴ പിരിയാത്ത സഹവാസം കൊണ്ട് പ്രബോധന ഗോദ ധന്യമാക്കുകയും ഉസ്താദ് പല്ലാർഹസൻ ബാഖവി അവർകളെ പരിചയപ്പെടുത്താൻ ഉചിതമായ വാക്കുകൾ തേടി ആലോചനകളിൽ മുഴുകിയപ്പോൾ മനസ്സിൽ ഓടിയെത്തിയത് വ്യത്യസ്ത സന്ദേശങ്ങൾ ഉള്ള അനേകം ആപ്തവാക്യങ്ങളാണ്...
 ഏതെങ്കിലും ഒന്നു പരാമർശിച്ചാൽ ഒന്നിൽ മാത്രം ഒതുങ്ങി എന്ന പരിമിതിക്ക് വഴങ്ങേണ്ടിവരും.

 ചിന്തകൻ, പ്രഭാഷകൻ, ഗ്രന്ഥകാരൻ, ഇരുത്തം വന്ന പ്രബോധകൻ, കുശാഗ്ര ബുദ്ധിയുടെ ഉടമ , പ്രശ്നപരിഹാരവഴികളിലെ നിസ്തുല സാന്നിധ്യം.. അവിടുത്തെ സവിശേഷതകൾ ഇങ്ങനെ പോകുന്നു..

ഇൽമുൽ ഖുർആൻ, ഇൽമുൽ ഹദീസ്, ഇൽമുൽ ഫിഖ്ഹ് എന്നിവക്ക് പുറമെ ഗോളശാസ്ത്രം തർക്കശാസ്ത്രം,കാവ്യ ശാസ്ത്രം, തച്ചുശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങി എല്ലാ വിജ്ഞാന ശാഖകളിലും അതീവ പ്രവീണ്യം നേടിയ ഉസ്താദ് അവയിലെ സങ്കീർണതകൾ ലളിത മനോഹരമായി കെട്ടഴിച്ച് നൽകുന്ന അസാമാന്യ പാടവത്തിന്റെ ഉടമയാണ്.

ദർസ് സിലബസുകളുടെ ഏകീകരണം സജീവ ചർച്ചയിൽ കൊണ്ടുവരികയും അലുംനി 'മുഹ് യിസ്സുന്ന' ക്ക് കീഴിൽ ഒന്നര പതിറ്റാണ്ട് (ജാമിഅതുൽ ഹിന്ദ് രൂപപ്പെടുംവരെ) അത് മനോഹരമായി പ്രയോഗ വത്കരിക്കുകയും ചെയ്ത പ്രധാന സൂത്ര ധാരൻ. സംഘടനയുടെ അമരത്ത് പതിറ്റാണ്ടുകളായ നേതൃത്വം വഹിക്കുകയും ചെയ്ത ഉസ്താദ് മുഹിയിസുന്ന സിലബസ് അക്കാദമിക് വളർച്ചയിലും പബ്ലിക് എക്സാം മുസാബഖ തുടങ്ങി വ്യവസ്ഥാപിതവും ഏകീകൃതവുമായ വൈജ്ഞാനിക സംരംഭങ്ങളുടെ ചുക്കാൻ പിടിച്ചു കേരള മുസ്ലിം വൈജ്ഞാനിക ചരിത്രത്തിൽ വ്യത്യസ്തമായ പേരുകൾ തുന്നിച്ചേർക്കാൻ മുന്നിൽനിന്നു.

തലക്കടത്തൂർ, കാവനൂർ, പുത്തൻപള്ളി, വട്ടേക്കാട്, വേലൂർ ബാഖിയാത് എന്നിവിടങ്ങളിലായിരുന്നു ഉസ്താദിന്റെ പഠനം.

വട്ടേക്കാട് ജുമാ മസ്ജിദ് , ചെമ്മാട് ടൗൺ സുന്നി മസ്ജിദ് , മഞ്ചേരി ജാമിഅഃ ഹികമിയ്യ എന്നിവിടങ്ങളിൽ മുദരിസായി സേവനം.

 കോളേജിൽനിന്ന് ഇറങ്ങിയശേഷം വർഷങ്ങളായി സ്വന്തം മഹല്ലിലെ ഖത്തീബ് ആയും ഉസ്താദ് സേവനമനുഷ്ഠിക്കുന്നു.
 സമസ്ത കേന്ദ്ര മുശാവറക്ക് കീഴിലെ ഫിഖ്ഹ് കൗൺസിൽ അംഗം,ജാമിഅത്തുൽ ഹിന്ദ്, ജാമിഅ ഹികമിയ്യ എന്നീ സംരംഭങ്ങളുടെ പ്രധാന സാരഥിത്യം എന്നിവ അലങ്കരിക്കുന്നു.

 സങ്കീർണ്ണമായ വിഷയങ്ങളിലുള്ള പഠന ക്ലാസ് വേദികളിൽ ഹസൻ ബാഖവി ഉസ്താദിന്റെ സമർത്ഥനങ്ങൾ എടുത്തു പറയേണ്ട ഒന്നാണ്, ആനുകാലിക ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിലും മറ്റുമായി അവിടുത്തെ തൂലികയും പ്രബോധിത സമൂഹത്തിന് വെളിച്ചം പകർന്നിട്ടുണ്ട്.

മർഹൂം തിരൂരങ്ങാടി ബാപ്പു മുസ്ലിയാരുടെ തഖ്മീസ് ഉൾപ്പെടെ വിശ്രുത പ്രവാചക പ്രകീർത്തന കാവ്യം അൽ ഖസീദതുന്നുഉമാനിയ്യക്ക് ഉസ്താദ് നൽകിയ അറബി വ്യാഖ്യാന ഗ്രന്ഥം സുപരിചിതമാണ്. അറബി കവിതാ ശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

പൊന്മള ഉസ്താദിനു പുറമെ മർഹൂം നെല്ലിക്കൂത്ത് ബാപ്പുട്ടി മുസ്‌ലിയാർ, മർഹൂം ഷബീർ അലി ഹസ്രത്, തുടങ്ങിയ പ്രമുഖരുടെ ശിഷ്യത്വം പല്ലാർ ഹസ്സൻ ബാക്കവി ഉസ്താദിനുണ്ട്, വേലൂർ ബാഖിയാത് സ്വാലിഹാത്ത് അറബിക് കോളേജിലെ 1992 ബാച്ചിലെ ഫസ്റ്റ് റാങ്ക് ജേതാവ് ആയ ഉസ്താദിന് അവിടെ മുക്താർ ഹസ്രത് ഉൾപ്പെടെ പ്രമുഖരായ സഹപാഠികളുണ്ട്.
മാളിയേക്കൽ സുലൈമാൻ സഖാഫി,കൊളത്തൂർ അലവി സഖാഫി, യൂസഫ് ബാഖവി കാസർഗോഡ്, അബ്ദുല്ല ബാഖവി മാവൂർ തുടങ്ങി പ്രമുഖരുൾപ്പെടെ ധാരാളം പണ്ഡിത പ്രതിഭകൾ ദർസ് പഠനകാലത്തെ സഹപാഠികളാണ്.

ചാവക്കാട് ഹിബത്തുള്ള തങ്ങൾ, താജുൽ ഉലമ, നൂറുൽ ഉലമ, സുൽത്താനുൽ ഉലമ റഈസുൽ ഉലമ എന്നിവരുമായി അഭേദ്യമായ ആത്മീയ ബന്ധമാണുള്ളത്.

ഡോ. എ.പി അബ്ദുൽ ഹക്കീം അസ്ഹരി,
 ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ, അബ്ദുൽ മജീദ് സഖാഫി കുട്ടശ്ശേരി, അബ്ദുൽ അസീസ് സഖാഫി എലംബ്ര, അലി അഹ്സനി എടക്കര (മദീനതുന്നൂർ), മുഹമ്മദ് സഖാഫി ചെറുവേരി, ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി (സുന്നി വോയ്സ്) കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ (മർക്കസ് മുദരിസ്) ഹാഫിള് സുബൈർ മിസ്ബാഹി (നെല്ലിശ്ശേരി), അബ്ദുറഹീം സഖാഫി കുമരംപുത്തൂർ (ഹികമിയ്യ), അബ്ദുറഹീം സഖാഫി നടുവട്ടം ( ചീഫ് ഇമാം തലയോലപ്പറമ്പ്), മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ,ഖാലിദ് നിസാമി പിലാത്തറ (ഹികമിയ്യ), നൗഫൽ സഖാഫി കളസ, ഹാഫിള് അബ്ദുറഷീദ് വേങ്ങൂർ (അബൂദാബി) ഹാഫിള് സുൽഫികർ സഖാഫി പുളിക്കൽ തുടങ്ങിയ ആയിരക്കണക്കിനു പ്രമുഖരെ വളർത്തിയെടുത്ത അനുഗ്രഹീതനായ ഗുരുനാഥനെ നീണ്ട 32 വർഷത്തെ സേവനങ്ങൾ മുൻനിർത്തി ജാമിഅ ഹികമിയ്യ സമ്മേളനത്തിന്റെ ഭാഗമായി ഡിസംബർ മൂന്നിന് സ്ഥാപന മാനേജിംഗ് കമ്മിറ്റിയും പൂർവ വിദ്യാർത്ഥി സംഘടന മുഹ്‌യി സ്സുന്നയും സംയുക്തമായി ആദരിക്കുകയാണ്.
 പടച്ചവൻ ദീനീ സേവന വഴിയിൽ ആയുരാരോഗ്യസൗഖ്യം ഉള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ.

🖊️യു എ റഷീദ് അസ്ഹരി, പാലത്തറ ഗെയ്റ്റ്

No comments: