സയ്യിദുനാ സുബൈറുബ്നുൽ അവ്വാം(റ)നെ കുറിച്ച് തിരുനബി(സ്വ) പറഞ്ഞ വാക്കുകളാണിത്. സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട പത്തുപേരിൽ ഒരാളും ബദ്‌രീങ്ങളിൽ പ്രധാനിയുമായിരുന്നു അവിടുന്ന്.
ബദ്ർ ദിനത്തിൽ മഞ്ഞ നിറത്തിലുള്ള തലപ്പാവാണ് സുബൈർ(റ) ധരിച്ചിരുന്നത്. തിരുനബി(സ്വ) യുദ്ധത്തിനു മുമ്പ് ബദ്റിലെ സ്ഥിതിഗതികൾ മനസിലാക്കി വരാൻ നിയോഗിച്ചവരുടെ കൂട്ടത്തിലും യുദ്ധവേളയിൽ പതാക നൽകി നേതൃത്വം ഏൽപ്പിച്ചവരുടെ കൂട്ടത്തിലും മഹാനവർകൾ ഉണ്ടായിരുന്നു.
തിരുനബി(സ്വ)യുടെ അമ്മായിയുടെ മകൻ, അബൂബക്ർ(റ)ന്റെ മരുമകൻ
തുടങ്ങിയ സവിശേഷതകളും സുബൈറുബ്നുൽ അവ്വാം(റ)നുണ്ട്.
ഹവാരീ റസൂൽ അഥവാ തിരുനബി(സ്വ)യുടെ ഉറ്റസ്നേഹിതൻ എന്നാണ് അവിടുന്ന് അറിയപ്പെട്ടിരുന്നത്. ധീരനും നിർഭയനുമായിരുന്നു. എല്ലാ പോരാട്ടങ്ങളിലും തിരുനബി(സ്വ)യോടൊപ്പം പങ്കാളിയായി.
ആദ്യ കാലത്ത് തന്നെ ഇസ്‌ലാം വിശ്വസിച്ചവരായിരുന്നു സുബൈർ(റ). പീഢനങ്ങളേറെ സഹിച്ചിട്ടും അവിടുന്ന് സത്യമാർഗം ത്യജിച്ചില്ല. "നീ മുഹമ്മദി(സ്വ)ന്റെ റബ്ബിനെ നിഷേധിക്കണം, എങ്കിൽ നിനക്ക് രക്ഷപ്പെടാം". ഒരിക്കൽ സയ്യിദുനാ സുബൈറുബ്നുൽ അവ്വാം(റ)നെ പായയിൽ പൊതിഞ്ഞ ശേഷം തീകത്തിച്ച് ശത്രുക്കൾ ആജ്ഞാപിച്ചു.
"ഇല്ല, ഞാനൊരിക്കലും അവിശ്വാസത്തിലേക്ക് വരില്ല"
കത്തുന്ന തീയിൽ നിന്ന് പുകച്ചുരുകൾ ഏറ്റ് മഹാനവർകൾക്ക് ശ്വാസം മുട്ടുന്നുണ്ട്. വാക്കുകൾ ഇടറുന്നുണ്ടെങ്കിലും പതറാതെ സുബൈർ(റ) പ്രതികരിച്ചു.
ഏത്യോപ്യയിലേക്കും മദീനയിലേക്കും പലായനം നടത്തിയിട്ടുണ്ട്. തിരുനബി(സ്വ)യോടൊപ്പം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഈജിപ്തിലും ഇറാഖിലും ദീനീ സന്ദേശം പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു.
ഹി 36ൽ ജമൽ യുദ്ധവേളയിലാണ് ആ ധീര പോരാളി രക്തസാക്ഷിത്വം വരിച്ചത്. അറുപത്തിനാല് വയസായിരുന്നു അപ്പോൾ. ഇറാഖിലെ പ്രമുഖ നഗരമായ ബസ്വറയിലാണ് മഖ്ബറ.
കഴിഞ്ഞ യാത്രയിലുൾപ്പെടെ പലതവണ അവിടം സന്ദർശിക്കാൻ സാധിച്ചിട്ടുണ്ട്. അല്ലാഹ്, മഹാനവർകളുടെയും മറ്റു ബദ്‌രീങ്ങളുടെയും ബറകത് കൊണ്ട് എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ഞങ്ങൾക്ക് നീ തുണ നൽകണേ..
No comments:
Post a Comment