ഹി.1348 റബീഉല്‍ അവ്വല്‍12;
മടവൂർ കുഞ്ഞിമാഹിന്‍ കോയ മുസ്‌ലിയാർക്ക് ഒരു പൊന്നോമന പുത്രൻ പിറന്നു. പേര് മുഹമ്മദ് അബൂബക്കർ. സ്വൂഫീ തറവാട്ടിലെ സുകൃത ജന്മം. പിതാവിന്റെ പിതാവ്
കുഞ്ഞിമാഹിന്‍ മുസ്‌ലിയാരും മലബാറിൽ അക്കാലത്ത് അറിയപ്പെട്ട സൂഫീ വര്യനായിരുന്നു.
ചെറുപ്പത്തിൽ തന്നെ പ്രതിഭാത്വം തെളിയിച്ച മകനെ പിതാവ് പ്രഗത്ഭരായ പണ്ഡിതർക്ക് കീഴിൽ പഠനത്തിനയച്ചു. തുടർന്ന് ദീർഘകാലം ദീനീ അധ്യയനം.
മോങ്ങം അവറാൻ മുസ്‌ലിയാർ, മലയമ്മ അബൂബക്കർ മുസ്‌ലിയാർ, ശംസുൽ ഉലമ ഇ കെ ഉസ്താദ്, ഇമ്പിച്ചാലി ഉസ്താദ് തുടങ്ങിയവരായിരുന്നു ദർസിലെ ഗുരുവര്യന്മാർ.
അനന്തരം വെല്ലൂർ ബാഖിയാത്തിലേക്ക്. ആദം ഹസ്റത്ത്, അബ്ദുറഹീം ഹസ്റത്ത്, അബൂബക്കർ ഹസ്റത്ത്, ശൈഖ് ഹസൻ ഹസ്റത്ത് തുടങ്ങി വിശ്രുതരായ ആലിമീങ്ങൾക്ക് കീഴിലായിരുന്നു അവിടത്തെ ജ്ഞാന സമ്പാദനം. 1960ൽ ബാഖവി ബിരുദം നേടി, മൂന്ന് പതിറ്റാണ്ട് നീണ്ട ഔദ്യോഗിക പഠനസപര്യക്ക് വിരാമം കുറിച്ചു.
അധ്യാപന ജീവിതമാണ് അവിടുത്തെ ജീവിതത്തിലെ അടുത്ത ഘട്ടം. ജന്മനാട്ടിൽ തന്നെയായിരുന്നു തുടക്കം. രണ്ട് വർഷങ്ങൾക്ക് ശേഷം ഹജ്ജ് യാത്ര. മദീനാ സിയാറത്. സി എം വലിയ്യുല്ലാഹിലെ ആത്മീയ പരിവർത്തനത്തിന് അത് ശരവേഗം പകർന്നു.
ഞണ്ടാടി ശൈഖ്, കോട്ടക്കൽ അബൂബക്കർ തങ്ങൾ, ഹാമിദ് കോയ അൽ ഖാദിരി, ചെറുകോയ തങ്ങൾ, ഖുതുബുല്‍ ഗൈബ് ശൈഖ് മുഹ്യുദ്ദീന്‍ സാഹിബ്, ആലുവായി അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയ മഹാരഥന്മാരായിരുന്നു അവിടുത്തെ ആത്മീയ വഴികാട്ടികൾ.
വർഷങ്ങളോളം ഏകാന്ത വാസം നടത്തി, മഹാന്മാരുമാരുടെ അംഗീകാരങ്ങളും ആശീർവാദങ്ങളും കരഗതമാക്കി വിശ്വാസി മാനസങ്ങൾക്ക് വെളിച്ചം പകർന്നു നൽകിയ അത്ഭുത വ്യക്തിത്വമായിരുന്നു ഖുത്ബുൽ ആലം സി എം വലിയുല്ലാഹി. അടുത്തിടെ കേരളം ദർശിച്ച ഏറ്റവും വലിയ ആധ്യാത്മിക ജ്ഞാനിയും സമകാലിക സുന്നീ പ്രാസ്ഥാനിക മുന്നേറ്റത്തിന് നിദാനമായ മാർഗദർശിയുമായിരുന്നു അവിടുന്ന്.
ആയിരക്കണക്കിനാളുകളാണ് ഓരോ ദിവസവും അവിടുത്തെ ചാരത്തെത്താറുണ്ടായിരുന്നത്. അവർക്കെല്ലാം അവിടുന്ന് പ്രതിവിധികൾ നിർദേശിക്കുകയും ചെയ്തു. ഒരിക്കൽ ഉസ്താദുൽ അസാതീദ് ഒ കെ ഉസ്താദിനെ കാണാൻ ചെന്നപ്പോൾ പ്രധാനമായും അവിടുന്ന് പറഞ്ഞത് സി എം വലിയ്യുല്ലാഹിയുടെ മഹത്വങ്ങളായിരുന്നു. മകന്റെ രോഗവിവരം പറയാൻ ഉസ്താദ് മഹാനവർകളുടെ അടുത്തെത്തിയതാണ്.
"ആ രോഗം ഇനി വേണ്ട" എന്നായിരുന്നു അപ്പോഴത്തെ മറുപടി. അതോടെ എല്ലാ പ്രയാസങ്ങളിൽ നിന്നും മകന് മോചനം ലഭിക്കുകയും ചെയ്തു. ഒ കെ ഉസ്താദിന്റെ മാത്രം അനുഭവമല്ല ഇത്. ജീവിതത്തെ സാരമായി ബാധിച്ച നൂറുകൂട്ടം പ്രശ്നങ്ങളുമായി മടവൂരിലെത്തിയിരുന്ന, ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിനാളുടെ അനുഭവങ്ങൾ കൂടിയാണിത്.
1991 ഏപ്രില്‍ 1 വെള്ളിയാഴ്ച(ഹി. ശവ്വാല്‍ 4) അറുപത്തി മൂന്നാം വയസ്സിലാണ് അവിടുത്തെ വഫാത്.
സഹോദരങ്ങളെ, മഹാനവർകളുടെ ഉറൂസ് മുബാറകിന്റെ ദിവസമാണിത്. ഫാതിഹയും യാസീനും അവിടുത്തെ മൗലിദ് പാരായണം ചെയ്തും നമുക്കിന്ന് ആ ധന്യസ്മരണകളിൽ മുഴുകാം. വിപത്തുകളിൽ നിന്ന് രക്ഷലഭിക്കാൻ അത് കാരണമാകും. അല്ലാഹു ഇരു ലോകത്തും അവിടുത്തെ മദദ് ലഭിക്കുന്നവരുടെ കൂട്ടത്തിൽ നാം ഏവരെയും ഉൾപ്പെടുത്തട്ടെ...
No comments:
Post a Comment