✍️ സയ്യിദ് ശിഹാബുദ്ദീൻ സഖാഫി കടലുണ്ടി
ഇത് മസ്ജിദുൽ അരീശ്. ബദ്ർ ദിനത്തിലെ തിരുനബി(സ്വ)യുടെ ടെന്റിന്റെ സ്ഥാനത്ത് നിർമ്മിക്കപ്പെട്ട പള്ളി. പ്രസ്തുത ടെന്റിൽ വെച്ചാണ് അവിടുന്ന് പോരാട്ടത്തിന് നേതൃത്വം നൽകിയിരുന്നതും ആരാധനാ കർമങ്ങളിൽ മുഴുകിയതും. "നബിയോരേ, അങ്ങേക്ക് ഞങ്ങൾ ഒരു തമ്പ് നിർമിക്കട്ടെയോ?. അവിടെയിരുന്ന് അങ്ങേക്ക് ഞങ്ങൾക്ക് നേതൃത്വം നൽകാമല്ലോ. വിജയത്തിൽ കുറഞ്ഞതൊന്നും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇനി പരാജയം സംഭവിച്ചാൽ മദീനയിലേക്ക് മടങ്ങുകയും ചെയ്യാം. അവിടെ ഞങ്ങളേക്കാൾ വലിയ ഒരു ജനവിഭാഗം അങ്ങയെ സഹായിക്കാനുണ്ടാകും". സഅദ് ബ്നു മുആദ്(റ) ആണ് ഇങ്ങനെയൊരു നിർദേശം മുന്നോട്ടു വെച്ചത്. തിരുനബി(സ്വ) ആ നിർദേശം സ്വീകരിക്കുകയും സഅദ്(റ)നെ പുകഴ്ത്തുകയും ചെയ്തു.
യുദ്ധഭൂമിക്കടുത്ത ഒരു ഉയർന്ന ഭാഗത്താണ് ടെന്റ് നിർമിക്കപ്പെട്ടത്.
"അല്ലാഹുവേ, ഈ സംഘമെങ്ങാനും പരാജിതരായാൽ നിന്നെ ആരാധിക്കാൻ ഈ ഭൂമിയിൽ പിന്നെ മറ്റാരും അവശേഷിക്കില്ല".
ടെന്റിനകത്ത് വെച്ച് തിരുനബി(സ്വ) നിരന്തര പ്രാർത്ഥനയിൽ മുഴുകി. ആവശ്യ ഘട്ടങ്ങളിൽ ഇവിടെ നിന്ന് പടക്കളത്തിലെത്തുകയും ചെയ്തു.
ഒരുവേള അവിടുന്ന് പ്രാർത്ഥനക്കായി ഇരുകരങ്ങളും മേൽപ്പോട്ടുയർത്തി. അവിടുത്തെ മേൽതട്ടം താഴെ വീണു. "യാ റസൂലല്ലാഹ്, ആവശ്യമായത്രയും സമയം അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടുണ്ട്. അവൻ നൽകിയ വാഗ്ദാനം നിറവേറ്റും, തീർച്ച". മേൽതട്ടം ആ ചുമലിൽ തിരികെ വെച്ച് അബൂബക്ർ സിദ്ദീഖ്(റ) പറഞ്ഞു.
അലി(റ)ന്റെ ഭരണകാലം. മസ്ജിദുൽ അരീശിൽ പ്രസംഗിക്കവെ ഖലീഫ ഇങ്ങനെ ചോദിച്ചു. "ജനങ്ങളിൽ ഏറ്റവും വലിയ ധൈര്യശാലി ആരെന്നറിയുമോ?". "നിങ്ങൾ തന്നെയാണ് അമീറുൽ മുഅമിനീൻ". ജനങ്ങൾ പ്രതികരിച്ചു. "പ്രിയപ്പെട്ടവരേ, നിങ്ങൾ പറയുന്ന പോലെ ഞാനൊരു വിദഗ്ധ പോരാളി ആയിരിക്കാം. പക്ഷെ, ഞാനൊരിക്കലും എനിക്ക് തോൽപ്പിക്കാൻ കഴിയാത്ത എതിരാളിയെ നേരിടേണ്ടി വന്നിട്ടില്ല. എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ ധീരൻ ആരെന്നറിയുമോ?. അത് അബൂബക്ർ(റ) ആണ്.
ബദ്റിൽ ഞങ്ങൾ ഇവിടെ തിരുനബി(സ്വ)ക്ക് ഒരു ടെന്റ് നിർമിച്ചിരുന്നു. അതിൽ ആര് അല്ലാഹുവിന്റെ റസൂലിന് കാവൽ നിൽക്കുമെന്ന് ചോദിച്ചപ്പോൾ മറ്റാരെക്കാളും മുന്നേ ആ ദൗത്യം ഏറ്റെടുത്തത് അബൂബക്ർ(റ) ആയിരുന്നു. തന്റെ വാൾ ഉയർത്തിപ്പിടിച്ച് തിരുനബി(സ്വ)ക്ക് തൊട്ടരികിലായി സ്ഥാനമുറപ്പിച്ചു".
എത്ര ഉദാത്തമാണ് ബദ്റിന്റെ ചരിത്രം. ബദ്ർ ചരിത്രം പഠിക്കാനും അതിൽ നിന്ന് പാഠമുൾക്കൊണ്ട് ജീവിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ..
No comments:
Post a Comment